വീഡിയോ വൈറലായി; സ്‌കൂളിനു മുന്നിലെ വഴി റെയില്‍വേ അടച്ചു

കാഞ്ഞങ്ങാട്- വിദ്യാര്‍ഥികള്‍  റെയില്‍പ്പാളം മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ  അജാനൂര്‍ ഗവ. എല്‍.പി. സ്‌കൂളിനു മുന്നിലെ വഴി റെയില്‍വേ അടച്ചു. പാലക്കാട് ഡിവിഷണല്‍ മാനേജറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗമെത്തിയാണ് പാളത്തിന്റെ ഇരുഭാഗത്തും കമ്പിവേലി സ്ഥാപിച്ചത്.

സ്‌കൂള്‍ ബസ് ഡ്രൈവറായ കൊളവയല്‍ സ്വദേശി സി.എച്ച്.ബഷീറാണ് കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന ദൃശ്യം പകര്‍ത്തിയത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും പ്രീപ്രൈമറിയും ഉള്‍െപ്പടെ 240 കുട്ടികളാണ് അജാനൂര്‍ സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ 160  കുട്ടികളും പാളം മുറിച്ചുകടക്കുകയാണ് പതിവ്. ഇതിനായി ഓരോദിവസവും രണ്ട് അധ്യാപകരെ ചുമതലപ്പെടുത്തും. വീഡിയോ പകര്‍ത്തിയ ഡ്രൈവര്‍ ബഷീറിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

വീഡിയോ പകര്‍ത്തുമ്പോള്‍ പാടില്ലെന്നു പറഞ്ഞത് ബഷീര്‍ ചെവിക്കൊണ്ടില്ലെന്നും ഇതോടെ ടീച്ചര്‍മാര്‍ മാറിനില്‍ക്കുകയാണുണ്ടായതെന്നും ഹെഡ്മാസ്റ്റര്‍ എ.ജി.ഷംസുദ്ദീന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ ആരും ഇല്ലാത്ത സമയത്ത് വീഡിയോ പകര്‍ത്തി സ്‌കൂളിനെ അപമാനിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് ഹെഡ് മാസ്റ്ററും പി.ടി.എ. അംഗങ്ങളും കുറ്റപ്പെടുത്തി.

വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ബേക്കല്‍ എ.ഇ.ഒ. കെ.ശ്രീധരന്‍ അന്വേഷണം നടത്തിയിരുന്നു. റെയില്‍വേ വഴി അടച്ചതോടെ കുട്ടികള്‍ ആറുകിലോമീറ്റര്‍ ചുറ്റിയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്കു മടങ്ങിയത്.

 

Latest News