Sorry, you need to enable JavaScript to visit this website.

അർബുദരോഗികൾക്ക് ആശ്വാസവുമായി മുൻ പ്രവാസി

മലപ്പുറം- രോഗക്കിടക്കവിട്ട് സേവനക്കൂട്ട്. കാൻസർ രോഗികൾക്ക് ആശ്വാസം പകരാൻ ജീവിതം നീക്കിവെച്ച് ബാലകൃഷ്ണൻ വലിയാട്ട് മാതൃകയാവുന്നു. കാൻസറിനോട് പൊരുതി നേടിയ ജീവിതം കാൻസർ രോഗികൾക്ക് ആശ്വാസം പകരാൻ നീക്കിവെച്ച് ബാലകൃഷ്ണൻ വലിയാട്ട് സഹജീവി സ്‌നേഹത്തിന് ഉദാത്തമായ  മാതൃകയാവുന്നു. 
 പ്രവാസിയായിരുന്ന കാലത്ത്  ബാലകൃഷ്ണൻ വലിയാട്ട്(50) ഒമാനിലെ താമസ സ്ഥലത്ത് എന്നും ഒരുമുറി ഉപയോഗിക്കാതെ മാറ്റിവെച്ചിരുന്നു. വിദേശത്ത് എത്തി താമസ സൗകര്യമില്ലാതെ വലയുന്ന, സഹായം തേടിയെത്തുന്ന പാവങ്ങൾക്കുള്ള കരുതലും സ്‌നേഹവുമായിരുന്നു അത്. അതോടൊപ്പം നാട്ടിലുള്ള  നേതാജി ക്ലബ്, റെഡ്‌ക്രോസ്  സർക്കാർ പദ്ധതികൾ എന്നിവയുടെ  സഹായത്തോടെ  രക്തദാനത്തിന് പദ്ധതിയിട്ടു നടപ്പിലാക്കുന്നതിൽ  പങ്കാളിയായി. വിദേശ ജയിലിൽപ്പെടുന്ന നിരപരാധികൾക്ക് ആശ്വാസം പകരാനുള്ള   പദ്ധതികൾ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം തുടങ്ങി അവശർക്ക് അത്താണിയായിരിക്കുമ്പോഴാണ് 4 വർഷം മുൻപ് കാൻസറിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടെത്തിയത്. 


വിശദമായ പരിശോധനയിൽ  രോഗം സ്ഥിരീകരിച്ചു. അവശനായതോടെ പ്രവാസ ജീവിതം ഒഴിവാക്കി. തീരെ കിടപ്പിലായി. അന്ന് മനസ്സിൽ ഉറപ്പിച്ചു. ഇവിടെനിന്ന് എഴുന്നേൽക്കാനായാൽ ജീവിതം കാൻസർ രോഗികൾക്ക് സേവനം ചെയ്യാനായി നീക്കിവയ്ക്കുമെന്ന്. ഡോക്ടർമാർ ഉൾപ്പെടെ പലപ്പോഴും മരണം വരെ വിധിയെഴുതി. എന്നാൽ നിശ്ചയ ദാർഢ്യത്തിന്റെ മനക്കരുത്തിൽ  ജീവിതത്തിലേക്ക് വീണ്ടും പിച്ചവെച്ചു. ഇതിനകം 4 മേജർ ശസ്ത്രക്രിയകൾ നടത്തി. ആഴ്ചകളോളം രോഗക്കിടക്കയിലായിരുന്നു. നാട്ടിൽ ഒതുങ്ങി ക്കൂടിയെങ്കിലും ബാലകൃഷ്ണന്റെ  മനസ്സു തളർന്നില്ല. 
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള സമയത്ത് കാൻസർ രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയുമായി പുതിയ കൂട്ടായ്മ ഉണ്ടാക്കി. ഈ കൂട്ടായ്മയിൽ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്നൂറോളം പേർ ഭാഗമാണ്.  കാൻസർ രോഗികളും രോഗവിമുക്തരുമാണ് കൂട്ടായ്മയിലുള്ളത്. രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസികമായ പിന്തുണ നൽകി മോട്ടിവേഷൻ നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം. ഇതോടൊപ്പം ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ സെക്രട്ടറിയും പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സജീവ പ്രവർത്തകനുമാണ്.ഒരു വയസ്സുകാരി മുതൽ 60 വയസുകാരൻ വരെ കൂട്ടായ്മയിലുണ്ട്. 


നിലവിൽ കാൻസർ രോഗം പൂർണമായി വിട്ടകന്നെങ്കിലും സ്ഥിരമായി മരുന്നും കൃത്യമായ ഇടവേളകളിൽ പരിശോധനയുമുണ്ട്. ജീവിതോപാധിയായി മുട്ടക്കോഴി വളർത്തൽ  നടത്തുന്നതിനിടയിലും സഹജീവികൾക്ക് കാരുണ്യം പകർന്ന്  മുന്നേറുന്ന  കൊളത്തൂർ സ്വദേശിയായ വലിയാട്ട് ബാലകൃഷ്ണൻ ഭാര്യയോടും മക്കളോടുമൊപ്പം വളാഞ്ചേരി  കോട്ടപ്പുറം കൊടയ്ക്കാട്ട് പവിത്രത്തിലാണ് ഇപ്പോൾ താമസം.  ഭാര്യ ബിന്ദുവും മക്കളായ പ്രഹ്ലാദും പവിത്രയും പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. സഹജീവി സ്‌നേഹത്തിൽ അച്ഛന്റെ  മാതൃക പിൻപറ്റുന്ന പ്രഹ്ലാദും പവിത്രയും ഇതിനോടകം തന്നെ  വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയിട്ടുമുണ്ട്.

Latest News