Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമന്‍ പള്ളിയിലെ ഹൂത്തി ആക്രമണം: സൗദി അറേബ്യ അപലപിച്ചു

റിയാദ് - യെമനിലെ മാരിബിൽ ഹൂത്തി മിലീഷ്യകൾ മസ്ജിദിൽ നടത്തിയ ആക്രമണത്തെ സൗദി വിദേശ മന്ത്രാലയം രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ആരാധനാലയം ലക്ഷ്യമിടുന്നതിനും യെമനികളുടെ രക്തം ചിന്തുന്നതിനും യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെയാണ് ഹൂത്തികൾ ഭീകരാക്രമണം നടത്തിയത്. ഇത് വിശുദ്ധ കേന്ദ്രങ്ങളും യെമനികളുടെ രക്തവും ഹൂത്തി മിലീഷ്യകൾ വില കുറച്ചുകാണുന്നതിന്റെ പ്രതിഫലനമാണ്. 


യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് പൈശാചികമായ ഈ ഭീകരാക്രമണമെന്നും യെമനികൾക്കൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 
ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ മാരിബിൽ സൈനിക പരിശീലന ക്യാമ്പിലെ മസ്ജിദിൽ നടത്തിയ ഭീകരാക്രമണത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്തും അപലപിച്ചു. 


യെമനിൽ സമീപ കാലത്ത് നിലനിന്ന താൽക്കാലിക ശാന്തി തകർക്കുകയും യെമൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് വിലങ്ങുതടി സൃഷ്ടിക്കുകയും സംഘർഷം മൂർഛിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൃത്യമായ സമയത്ത് ആക്രമണം നടത്തിയത്. സംഘർഷം രൂക്ഷമാക്കുന്നത് ഹൂത്തികളെ ചട്ടുകമായി ഉപയോഗിക്കുന്ന പ്രാദേശിക ശക്തിയുടെ (ഇറാന്റെ) അജണ്ടകൾക്കു മാത്രമാണ് ഗുണം ചെയ്യുക. യെമൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും രക്തരൂഷിത ആക്രമണമായ ഇത് ആഭ്യന്തര തലത്തിൽ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെ യെമനിൽ സംഘർഷം മൂർഛിപ്പിക്കുന്നതിന് വിദേശ ശക്തികൾ നടത്തുന്ന ശ്രമത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു. 
തലസ്ഥാന നഗരിയായ സൻആയിൽ നിന്ന് 170 കിലോമീറ്റർ ദൂരെ മധ്യയെമനിലെ മാരിബ് പ്രവിശ്യയിലെ സൈനിക ക്യാമ്പിലെ മസ്ജിദിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 100 ലേറെ പേർ കൊല്ലപ്പെട്ടതായി യെമൻ വിദേശ മന്ത്രാലയം പറഞ്ഞു. 
ആക്രമണത്തിൽ പരിക്കേറ്റവരെ മാരിബ് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ 83 പേർ കൊല്ലപ്പെടുകയും 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങൾ നേരത്തെ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് സൈനികർക്കു പുറമെ പ്രദേശവാസികളായ സാധാരണക്കാരും നമസ്‌കാരത്തിൽ മുഴുകിയ നേരത്താണ് മസ്ജിദിനു നേരെ ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായത്.
 

Latest News