Sorry, you need to enable JavaScript to visit this website.

നയം വ്യക്തമാക്കി പാര്‍വതി കോഴിക്കോട്ട് 

കോഴിക്കോട്- മമ്മൂട്ടി നായകനായ കസബ പോലുള്ള സിനിമയിലെ സ്ത്രീവിരുദ്ധ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. അത്തരം രീതികളെ താന്‍ ഇനിയും എതിര്‍ക്കുമെന്ന് പാര്‍വതി വ്യക്തമാക്കി.
'തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരും. കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. അത് ചോദിക്കാനുള്ള അവകാശം എനിക്കിപ്പോഴുമുണ്ട്. എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ. എല്ലാത്തരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാസിസത്തിനും വംശഹത്യയ്ക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ' പാര്‍വതി പറഞ്ഞു.
മലയാള സിനിമയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്നും തന്റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ഉത്തരവാദിത്വത്തില്‍ നിന്ന് പി•ാറില്ല, പലതും പഠിച്ച് വരുകയാണ്, ഇനിയുള്ള സിനിമകളില്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കുമെന്നും പാര്‍വതി വ്യക്തമാക്കി.
'രാച്ചിയമ്മ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു. എന്നാല്‍ രാച്ചിയമ്മ ഒരു ഫിക്ഷന്‍ കഥാപാത്രമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ വേഷം ഏറ്റെടുത്തെന്ന്' പുതിയ വിവാദത്തെക്കുറിച്ചു പാര്‍വതി പറഞ്ഞു. കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വ്വതി എങ്ങനെ അഭിനയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരത്തിന്റെ മറുപടി. കൂടുതല്‍ ചര്‍ച്ചകള്‍ സിനിമ ഇറങ്ങിയ ശേഷം ആകാമെന്നും പാര്‍വതി പറഞ്ഞു. പാര്‍വതിയും ആസിഫ് അലിയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമായ രാച്ചിയമ്മ ഒരുക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ്. 
ഉറൂബ് നോവലിലെ കഥാപാത്രം രാച്ചിയമ്മയെ പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ ലുക്കെന്നും, കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമൊക്കെയായിരുന്നു ആക്ഷേപം.

 

Latest News