Sorry, you need to enable JavaScript to visit this website.

മൈസൂര്‍ കോര്‍പ്പറേഷന് ആദ്യ മുസ്‌ലിം  വനിതാ മേയര്‍ 

മൈസൂരു- കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതോടെ സഖ്യം പിരിഞ്ഞെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള കൂട്ടുകെട്ട് തുടരുകയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും. മൈസൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും അവസാനമായി ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചിരിക്കുന്നത്. 65 അംഗങ്ങളുള്ള മൈസൂരു കോര്‍പ്പറേഷനില്‍ 21 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും കോണ്‍ഗ്രസും ദളും ഒന്നിക്കുകയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. 2018 ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടിക്കും മൈസൂരു കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപിക്ക് 21, കോണ്‍ഗ്രസിന് 19 ജെഡിഎസിന് 18 എന്നിങ്ങനെയാണ് സീറ്റ് നില. ഒരു ബിഎസ്പി അംഗം ഉള്‍പ്പെടെ മറ്റ് 6 കൗണ്‍സിലര്‍മാര്‍ കൂടിയുണ്ട്. 18ാം വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ ഗുരു വിനായകിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയതോടെ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടാനായി കോണ്‍ഗ്രസും ജനതാദളും ഒരുമിക്കുകയായിരുന്നു. പദവികള്‍ തുല്യമായി പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സഖ്യം. ധാരണ പ്രകാരം കോണ്‍ഗ്രസില്‍ നിന്നും ആദ്യ മേയറെ തിരഞ്ഞെടുത്തു. ധാരണാ കാലാവധി കഴിഞ്ഞതോടെ ജെഡിഎസിന് മേയര്‍ തിരഞ്ഞെടുക്കാനുള്ള അവസരം കൈവന്നു. സംസ്ഥാന തലത്തില്‍ തന്നെ സഖ്യം വേര്‍പിരിഞ്ഞെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പ്രകാരം മൈസൂരു കോര്‍പ്പറേഷനിലെ സഹകരണം തുടരാന്‍ തീരുമാനിച്ചു. ഇതോടെ മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനും  ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് വിട്ടു നല്‍കാനും ധാരണയായി. എന്നാല്‍ അട്ടിമറി ശ്രമവുമായി ബിജെപി രംഗത്ത് എത്തിയതോടെ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജെഡിഎസ് ഭയപ്പെട്ടതൊന്നും സഭവിച്ചില്ല. ജെഡിഎസിലെ തസ്‌നീമയാണ് പുതിയ മേയര്‍. മൈസൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുസ്‌ലിം  വനിത മേയര്‍ പദവിയിലെത്തുന്നത്. കോണ്‍ഗ്രസിലെ സി. ശ്രീധറാണ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 47 വോട്ടുകളാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച തസ്‌നീമിന് ലഭിച്ചത്. 23 വോട്ടുകള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയിലെ ഗീതാ യോഗാനന്ദിന് ലഭിച്ചത് 23 വോട്ടുകളാണ്. നഗരസഭാ പരിധിയിലെ എംപി എല്‍എമാര്‍ എന്നിവര്‍ക്കും മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ചാമരാജ അസംബ്ലി മണ്ഡലത്തില്‍പെട്ട 26ാം വാര്‍ഡിലെ കൗണ്‍സിലറാണ് തസ്‌നീം. 

Latest News