Sorry, you need to enable JavaScript to visit this website.

എയ്ഞ്ചൽ നിക്ഷേപക കൂട്ടായ്മയായ 'സീഡിംഗ് കേരള' ഫെബ്രുവരിയിൽ


സ്റ്റാർട്ടപ്പ് സംരംഭങ്ങളിലടക്കം എയ്ഞ്ചൽ നിക്ഷേപം നടത്തുന്നവരുടെ കൂട്ടായ്മയായ സീഡിംഗ് കേരള സമ്മേളനത്തിന്റെ അഞ്ചാം ലക്കം ഫെബ്രുവരി 7, 8 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷനാണ് സീഡിംഗ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കേരളത്തിലെ 150 തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപ ശേഷിയുള്ളവരും (എച്എൻഐ) സ്റ്റാർട്ടപ്പ് സംരംഭങ്ങളും 50 ഓളം മറ്റ് നിക്ഷേപകരും വിദഗ്ധരും മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പ്രാരംഭമായി ലഭ്യമാക്കുന്ന എയ്ഞ്ചൽ നിക്ഷേപങ്ങൾക്കാണ് സീഡിംഗ് കേരള പ്രാധാന്യം നൽകുന്നത്.


മികച്ച ആശയങ്ങളും മാതൃകകളുമുള്ള സ്റ്റാർട്ടപ്പുകൾ വിപണിയിലേക്കിറങ്ങുന്നതിനു വേണ്ടി ശൈശവ ദശയിൽ ലഭിക്കുന്ന നിക്ഷേപങ്ങളെയാണ്  എയ്ഞ്ചൽ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്.  നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, സ്റ്റാർട്ടപ്പ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങിയവ സീഡിംഗ് കേരളയുടെ ഭാഗമായുണ്ട്.
ദേശീയ തലത്തിൽ നടത്തിയ സ്റ്റാർട്ടപ്പ് മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി പ്രത്യേക സജ്ജമാക്കിയ ഇൻവെസ്റ്റർ കഫെയിൽ സംവദിക്കാനവസരമൊരുക്കും.


എയ്ഞ്ചൽ ഇൻവെസ്റ്റിംഗ് മാസ്റ്റർ ക്ലാസ്, ലീഡ് എയ്ഞ്ചൽ മാസ്റ്റർ ക്ലാസ്, സ്റ്റാർട്ടപ്പ് പിച്ചുകൾ, ഐപിഒ റൗണ്ട് ടേബിൾ, യൂണികോൺ കമ്പനികളിലെ ആദ്യ നിക്ഷേപകരുമായുള്ള ചർച്ച, റിമാർക്കബിൾ ബിസിനസ് കേസ് സ്റ്റഡീസ് ഫ്രം കേരള എന്നീ പരിപാടികളാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ പ്രധാനമായും നടക്കുക.
നിക്ഷേപ ശേഷിയുള്ള (എച്എൻഐ) 100 വ്യക്തികൾ, പത്ത് നിക്ഷേപക ഫണ്ടുകൾ, 14 എയ്ഞ്ചൽ ശൃംഖലകൾ, 30 സ്റ്റാർട്ടപ്പ് സ്ഥാപകർ, 30 കോർപറേറ്റുകൾ എന്നിവരാണ് സീഡിംഗ് കേരളയിൽ പങ്കെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ  https://seedingkerala.com/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 


ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, 100 എക്‌സ് വിസിയുടെ സ്ഥാപകൻ സഞ്ജയ് മേത്ത, ഇന്ത്യൻ എയ്ഞ്ചൽ നെറ്റ് വർക്ക് സഹസ്ഥാപക പദ്മജ രുപെൽ, മൽപാനി വെഞ്ച്വേഴ്‌സിന്റെ ഡോ. അനിരുദ്ധ് മൽപാനി, വനിത സംരംഭകർക്ക് പ്രാധാന്യം നൽകുന്ന ലോകത്തെ പ്രമുഖ വെഞ്ച്വർ ക്യാപിറ്റലായ തേജ വെഞ്ച്വറിന്റെ സഹസ്ഥാപകർ വെർജീനിയ ടാൻ തുടങ്ങിയ പ്രമുഖർ സീഡിംഗ് കേരള ഉച്ചകോടിയെ അഭിസംബോധന ചെയ്യും.


 

Latest News