Sorry, you need to enable JavaScript to visit this website.

വ്യവസായ ലോകം ശുഭപ്രതീക്ഷകളുമായി  ബജറ്റിനെ ഉറ്റുനോക്കുന്നു 

ഓഹരി നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്ന് ഇൻഡക്‌സുകൾ റെക്കോർഡ് പുതുക്കി മുന്നേറി. കോർപറേറ്റ് മേഖലയിൽ നിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളും ഒന്നാം തീയതിയിലെ ബജറ്റ് അവതരണത്തെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളും ആഭ്യന്തര വിദേശ ഓപറേറ്റർമാരെ മാർക്കറ്റിലേയ്ക്ക് ആകർഷിച്ചു. ബോംബെ സെൻസെക്‌സ് എക്കാലത്തെയും ഉയർന്നതലമായ 42,063 ലേയ്ക്കും നിഫ്റ്റി 12,389 ലേയ്ക്കും കയറി. സെൻസെക്‌സ് 345 പോയന്റും നിഫ്റ്റി 95 പോയന്റും പ്രതിവാര നേട്ടത്തിലാണ്. എല്ലാ കണ്ണുകളും പുതിയ ബജറ്റിലെ നികുതി നിർദേശങ്ങളെ ഉറ്റുനോക്കുന്നു.


നിഫ്റ്റി സൂചിക മുൻവാരം സൂചിപ്പിച്ച  ടാർഗറ്റിലാണ് നീങ്ങിയത്. 12,257 ൽ നിന്ന് 12,389 വരെ കയറിയെങ്കിലും 12,402 ലെ തടസ്സം മറികടക്കാനായില്ല. പോയവാരം സൂചിക 12,278 ൽ താങ്ങ് നിലനിർത്തിയാണ് മുന്നേറിയത്. വ്യാപാരം അവസാനിക്കുമ്പോൾ 12,352 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ തടസം 12,401 ലാണ്. ഇത് ഭേദിച്ചാൽ 12,450 പോയന്റിനെ വിപണി കൈപ്പിടിയിൽ ഒതുക്കാം. ബജറ്റ് വേളയിൽ 12,561 ന് മുകളിൽ സഞ്ചരിക്കാനാവശ്യമായ ഊർജം സ്വരൂപിക്കാൻ മുന്നിലുള്ള പത്ത് പ്രവൃത്തി ദിനങ്ങളിൽ വിപണിക്കാവുമെന്ന നിഗമനത്തിലാണ് ഓപറേറ്റർമാർ. വിൽപന സമ്മർദം ഉടലെടുത്താൽ 12,290 ലും 12,228 പോയന്റിൽ താങ്ങുണ്ട്. 


ബോംബെ സെൻസെക്‌സ് 41,599 പോയന്റിൽ നിന്ന് മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 42,044 ലെ തടസ്സം മറികടന്ന് 42,064 റേഞ്ചിലേയ്ക്ക്  കയറിയെങ്കിലും വെളളിയാഴ്ച അവസാന മിനിറ്റുകളിലെ ലാഭമെടുപ്പിൽ സൂചിക 41,945 ലേയ്ക്ക് താഴ്ന്നു. ഈ വാരം സൂചിയ്ക്ക് ആദ്യ തടസ്സം 42,123 പോയന്റാണ്. ഇത് ഭേദിക്കാനുള്ള കരുത്ത് ലഭിച്ചാൽ 42,301-42,717 വരെ മുന്നേറാം. ഇതിനിടയിൽ തിരുത്തലിന് വിപണി ശ്രമിച്ചാൽ 41,707-41,469 ൽ താങ്ങ് പ്രതീക്ഷിക്കാം.  
പിന്നിട്ട വാരം റെക്കോർഡ് പ്രകടനത്തിനിടയിൽ മുൻനിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ മൊത്തം 62,733 കോടി രൂപയുടെ വർധനയുണ്ടായി. എച്ച് യു എൽ, ആർ ഐ എൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. റ്റി സി എസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഉയർന്നപ്പോൾ എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു.


ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് ദൃശ്യമായി. ഏഷ്യൻ നാണയങ്ങൾ പലതും ഡോളറിന് മുന്നിൽ തളർന്നതാണ് രൂപയിൽ പ്രതിഫലിച്ചത്. വിനിമയ നിരക്ക് 70.95 ൽ നിന്ന് വാരാന്ത്യം 71.07 ലേയ്ക്ക് നീങ്ങി. വീണ്ടും ദുർബലമായാൽ 71.44 ൽ തടസ്സം നേരിടാം, മികവിന് ശ്രമിച്ചാൽ 70.68 വരെ സഞ്ചരിക്കാം. 
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബാരലിന് 59.16 ഡോളറിൽ നിന്ന് 58.74 ഡോളറായി. എണ്ണ വില 57.50 ഡോളറിലേയ്ക്ക് താഴാനുള്ള സാധ്യതകൾ വിനിമയ വിപണിയിൽ രൂപയ്ക്ക് കരുത്ത് പകരാം. ജനുവരിയിൽ വിദേശ നിക്ഷേപകർ 286.6 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ ശേഖരിച്ചു. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 139 മില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റു. 


അമേരിക്ക, ചൈന വ്യാപാര യുദ്ധം അവസാനിച്ചത് യു എസ് ഓഹരി ഇൻഡക്‌സുകൾക്ക് തിളക്കം പകർന്നു. അമേരിക്കയിൽ മൂന്ന് പ്രധാന ഓഹരി ഇൻഡക്‌സുകളും റെക്കോർഡ് തലത്തിലാണ്. ഡൗ ജോൺസ് സുചിക 29,348 പോയന്റിലും എസ് ആന്റ് പി 500  3329 ലും നാസ്ഡാക്ക് 9388 പോയന്റിലുമാണ്. യൂറോപ്യൻ ഏഷ്യൻ ഓഹരി ഇൻഡക്‌സുകളും മികവിലാണ്. 
ചൈനയുടെ ജിഡിപിയെ ഉറ്റ്‌നോക്കുകയാണ് ഏഷ്യൻ മാർക്കറ്റുകൾ. ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് ചൈന, വിപണി ഹോളിഡേ മൂഡിലേയ്ക്ക് തിരിയും മുമ്പേ പ്രോഫിറ്റ് ബുക്കിങിന് ഫണ്ടുകൾ നീക്കം നടത്തിയാൽ ഹാങ്ഹായി സൂചികയിൽ ചാഞ്ചാട്ടത്തിന് ഇടയുണ്ട്.

Latest News