Sorry, you need to enable JavaScript to visit this website.
Sunday , March   29, 2020
Sunday , March   29, 2020

മലേർ കോതഌയുടെ സന്ദേശം

ചില ദിവസങ്ങളിൽ, രാവ് മൂക്കുമ്പോൾ, ഉറവിടമറിയാത്ത ദിശയിലെവിടെയോ കുളമ്പടി കേൾക്കാം. അപ്പോൾ മലേർ കോതഌയുടെ പഴമ നുണയുന്ന ഗ്രാമവർധന്മാർ കേട്ടുകേൾവിയുടെ അധികാരത്തോടെ മന്ത്രിക്കും: 'നൂറു കുതിരകളെ പൂട്ടിയ തേരുകളുമായി ഗുരു വരവായി. കരുതിയിരിക്കുക.' 
വാക്കുകളിൽ ചടഞ്ഞിരിക്കുന്ന ഹിംസ അവരുടെ അസ്ഥികളിൽ അരണ്ടുകേറി. ഗുരു ഗോബിന്ദ് സിംഗിന്റെ ശിക്ഷണത്തിൽ കഴിയുന്ന മലേർ കോതഌഎന്ന ഉണങ്ങിയ പ്രദേശത്തെ ശാന്തമാക്കാനുള്ള പ്രാർഥന മുഴങ്ങി. പഞ്ചാബിൽ സിംഗ്രൂർ ജില്ലയിലെ മലേർ കോതഌക്ക് പാരമ്പര്യമായി കിട്ടിയതാണ് ശാന്തിയും സഹാനുഭൂതിയും. 
ആ പാരമ്പര്യത്തിന്റെ ഇതിഹാസം ഉരുക്കഴിക്കുന്ന ഒരു പോർട്ടലിൽ കഴിഞ്ഞയാഴ്ച എത്തിപ്പെട്ടു. ഇന്നും സജീവമായ ഇന്ത്യയുടെ ചരിത്രം തൊട്ടറിയാൻ വേണ്ടി കുറെ പൈതൃക കുതുകികൾ ഒരുക്കൂട്ടിയതാണ് ലൈവ് ഹിസ്റ്ററി ഇന്ത്യ എന്ന വേദി. അത്ര തന്നെ അറിയപ്പെടാത്ത ഭൂതകാല നാടകങ്ങൾ അവതരിപ്പിച്ചും അറിയപ്പെട്ട സംഭവങ്ങൾ ഇഴ പിരിച്ചു നോക്കിയും മിനി മേനോന്റെ ഉപക്രമത്തോടെ അവിടെ ആഴ്ച തോറും ചർച്ചക്കെത്തുന്നു. ഗുരു ഗോബിന്ദ് സിംഗിന്റെ ശിക്ഷണത്തിന്റെയും മലേർ കോതഌയുടെ രക്ഷണത്തിന്റെയും കഥയായിരുന്നു കഴിഞ്ഞയാഴ്ച്‌ത്തെ വായന.
വടക്കേ ഇന്ത്യയിൽ പലയിടത്തും പഞ്ചാബിലെങ്ങും 1947 കാലത്ത് കൊലയും ചോരക്കളിയും പലായനവും നിത്യമായ അനുഭവമായപ്പോൾ മലേർ കോതഌസ്ഥിതപ്രജ്ഞമായി നിലകൊണ്ടു.  രണ്ടു വിചിത്രതകൾ അവിടത്തെ സമൂഹ ജീവിതത്തിൽ ത്രസിച്ചു. ഒന്ന്, ചോരക്കളി അവിടെ അശേഷമുണ്ടായില്ല.  രണ്ട്, വമ്പിച്ച മുസ്‌ലിം ഭൂരിപക്ഷമുള്ള അവിടം അതേ പോലെ തുടർന്നു. പലായനത്തിന്റെയോ പാതകത്തിന്റെയോ അഭിനിവേശം ആർക്കുമുണ്ടായില്ല. 
ഇടയ്ക്കു പറയട്ടെ, മലയാളത്തിലെ കോട്ടയും കൊത്തളവും ആ 'കൊത്തള' പിരിഞ്ഞുണ്ടായതാവണം. അന്നാട്ടുകാരൻ നവാബ് ബയാസിദ് ഖാൻ ഒരിക്കൽ മുഗൾ സുൽത്താൻ ഔറംഗസീബിന്റെ ജീവൻ രക്ഷിക്കാനിടയായി. ഉപകാരസ്മരണയെന്നോണം അവിടെ ഒരു കൊത്തളം കെട്ടാൻ സുൽത്താൻ അനുമതി നൽകി. ആ സംഭവമൊഴിച്ചാൽ മുഗൾമലേർ സൗഹൃദം വിസ്തരിക്കുന്നതൊന്നും പറഞ്ഞുകേട്ടില്ല. മുഗൾ ഔദ്ധത്യത്തിന്റെയും മലേർ ചെറുത്തുനിൽപിന്റെയും കഥാസരിത്സാഗരം നീണ്ടങ്ങനെ പോവുകയും ചെയ്യുന്നു.
നവാബ് ശേർ മുഹമ്മദ് ഖാൻ 1705 ൽ അനുഷ്ഠിച്ച ഉജ്വലമായ സാഹസികത്വം അതിൽ മുന്നിട്ടു നിൽക്കുന്നു. തന്നിൽനിന്നന്യമായതിനെയെല്ലാം തുലച്ചുകളയാൻ ഒരുമ്പെട്ടിരിക്കുന്ന ആളായിരുന്നു അക്കാലത്തെ മുഗൾ ഗവർണർ വസീർ ഖാൻ. ഒരു യോഗത്തിൽ അവതരിപ്പിക്കപ്പെട്ട വസീർ ഖാന്റെ മിനിമം പരിപാടി ഇതായിരുന്നു: ഗുരു ഗോബിന്ദ് സിംഗിന്റെ ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളെ ചുമരിലെ ഇഷ്ടിക കൊണ്ട് മൂടുക. 
അക്കാലത്ത പ്രചാരത്തിലുണ്ടായിരുന്ന നാനക്ശാഹി ഇഷ്ടിക വേണമോ വേറെ വല്ലതും മതിയോ എന്നു മാത്രം തീരുമാനമായില്ല. വസീർ ഖാനോട് പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോവാൻ ഒരാളേ ഉണ്ടായിരുന്നുള്ളൂ: നവാബ് ശേർ മുഹമ്മദ് ഖാൻ.
നവാബിന്റെ പ്രതിഷേധം കൊണ്ട് ഒന്നുമായില്ല. കുട്ടികളെ കുഴിച്ചിടുക തന്നെ ചെയ്തു.  പിന്നീട്, ശപിക്കപ്പെട്ട ആ കല്ലറയിൽനിന്ന് കുറച്ചുമാറി ഒരു സിക്ക് ക്ഷേത്രം പണിതപ്പോൾ അതിന്റെ മുഖ്യ കവാടം സമർപ്പിച്ചത് ശേർ ഖാന്റെ ഓർമക്കായിരുന്നു. നീതിയുടെ ശബ്ദം (ഹാ ദാ നാരാ) എന്ന് അതു വിളികൊണ്ടു.    സംശയവും വൈരവും അടയാളപ്പെടുത്തിയ മുഗൾ സിക്ക് പാരസ്പര്യത്തിൽ തിളങ്ങിനിൽക്കുന്നതാണ് മലേർ കോത് ളയിലെ ആ നിർമാണം. അതിന്റെ നേർവിപിരീതമാകും ഗുരു ഗോബിന്ദ് സിംഗിന്റെ വധം. 
സിക്ക് ഗുരുപരമ്പരയിലെ പത്താമത്തെ ഗുരുവായിരുന്നു ഗുരു ഗോബിന്ദ് സിംഗ്. പാരമ്പര്യം ദൃഢമാക്കിയവരിൽ ആദ്യാവസാനക്കാരനും അദ്ദേഹമായിരുന്നു. ഉറക്കത്തിൽ അദ്ദേഹത്തെ കുത്തിമലർത്താൻ വസീർ ഖാൻ രണ്ട് കൂലിക്കൊലയാളികളെ അയച്ചു. തന്നെ വക വരുത്തി കടന്നുകളയാൻ നോക്കിയ ജംഷേദ് എന്ന കൊലയാളിയെ ബലിഷ്ഠനും ജാഗരൂകനുമായ ഗുരു കൃപാണം കൊണ്ട് വെട്ടിക്കൊന്നു. 
അനുയായികളും അംഗരക്ഷകരും കൂടി വാസിലി ബേഗ് എന്ന മറ്റേ പുള്ളിയുടെ കഥയും കഴിച്ചു. ബലാബലവും രക്തസ്‌നാനവും വൈകാരിക പശ്ചാത്തലമായുള്ള സിക്ക് മതം ഒരേ സമയം മുസ്‌ലിം നേതൃത്വവുമായി സമരസപ്പെടുകയും സൂഫി പാഠങ്ങളാൽ സ്വാധീനിക്കപ്പെടുകയും ചെയ്തു. സൂഫി സന്ദേശങ്ങളും സഹായങ്ങളും ആ പ്രദേശത്തെ ഭരണകൂടങ്ങളുടെ നിർമാണത്തെ ത്വരിതപ്പെടുത്തിയതായി കാണാം. ബാബറിനെക്കാൾ 75 കൊല്ലം മുമ്പ് ബാഹ്ലി അഫ്ഗാൻ ആക്രമണകാരിക്ക് പുതിയൊരു സിക്ക് പാരമ്പര്യം ഉറപ്പിച്ചവരിൽ മുഖ്യനായിരുന്നൂ ഗുരു ഗോവിന്ദ് സിംഗ്.      
ചരിത്രം പലപ്പോഴും യുദ്ധമായിരിക്കും. യുദ്ധചരിത്രവും ചരിത്ര യുദ്ധവും പരിശോധിക്കുന്നു,  മിനി മേനോൻ കലിംഗ യുദ്ധത്തീലൂടെ ലൈവ് ഹിസ്റ്ററി ഇന്ത്യയിൽ.

Latest News