Sorry, you need to enable JavaScript to visit this website.
Monday , March   30, 2020
Monday , March   30, 2020

മുഖ്യമന്ത്രിയുടെ ഇരട്ട മുഖവും ഇരട്ട സമീപനവും

നരേന്ദ്രമോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നിലനിൽപിനെ തന്നെ അപകടത്തിലാക്കുന്നതാണ് എന്ന്  തിരിച്ചറിവിലാണ് കേരളത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും  അതിനെതിരെ  യോജിച്ചുള്ള  പ്രക്ഷോഭത്തിന് തയ്യാറായത്്. എന്നാൽ നിർഭാഗ്യകരമെന്ന്് പറയട്ടെ,  യാതൊരു  ആത്മാർത്ഥയും ഇല്ലാത്ത    സമീപനമാണ് ഇക്കാര്യത്തിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെയും  കേരള സർക്കാറിന്റെയും ഭാഗത്ത് നിന്നുണ്ടായത്്.  ഒരു വശത്ത്  പ്രക്ഷോഭത്തിന്റെ നായകത്വം സ്വയം ചമഞ്ഞ്  ന്യൂനപക്ഷ സംരക്ഷകനായി അഭിനയിക്കുകയും  മറുവശത്ത്്്   നരേന്ദ്രമോഡിക്കും അമിത് ഷാക്കും വേണ്ടി ഈ പ്രക്ഷോഭത്തെ അട്ടിമറിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്്്. മൂന്ന് വിഷയങ്ങളിലൂടെ  ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നു.

ഒന്ന്) പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം 
നടത്തുന്നുവർക്കെതിരെയുള്ള കേസും അറസ്റ്റും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ പ്രക്ഷോഭം നടത്തിയവർക്കെതിരെ ബി ജെ പി സർക്കാറുകളെ തോൽപിക്കുന്ന   രീതിയിലാണ് പിണറായി വിജയൻ നടപടികൾ  സ്വീകരിച്ചത്.  സംസ്ഥാനങ്ങോളമിങ്ങോളം പ്രതിഷേധിച്ചവരെയെല്ലാം  അറസ്റ്റ് ചെയ്ത് ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി ജയിൽ ഇട്ടു. 
കോഴിക്കോട് ഡി സി സി പ്രസിഡന്റ് അടക്കമുളള  62 കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കി. നാൽപത്തിരണ്ട് പേരെയാണ്  അവിടെ അറസ്റ്റ് ചെയ്തത്്. തിരുവനന്തപുരത്ത്   രാജ്ഭവന്് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ഇരുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്്.
  കൊല്ലം  ചിതറയിൽ നിയമത്തിനെതിരെ  പ്രതികരിച്ച   35 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എറണാകുളം  ജില്ലയിലെ അങ്കമാലിയിൽ  മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിന് 200 ഓളം പേർക്കെതിരെയും ഇടുക്കിയിൽ 73 പേർക്കെതിരെയും കേസെടുത്തു. ആലപ്പുഴയിൽ  178 പേർക്കെതിരെയും പത്തനം തിട്ടയിൽ  120 പേർക്കെതിരെയും കോട്ടയത്ത്് 130  പേർക്കെതിരെയും  കേസെടുത്തു. സംസ്ഥാനത്ത് മൊത്തം ആയിരത്തിലധികം പേർക്കെതിരെയാണ്  പൗരത്വ ഭേദഗതി നിയമത്തിനെതിരെ  പ്രതികരിച്ചതിന്റെ പേരിൽ സർക്കാർ കേസ് എടുത്തത്്. എന്തിനേറെ മുഖ്യമന്ത്രി പറയുന്നു ഏലത്തൂരിൽ മുഖ്യമന്ത്രി തന്നെ പങ്കെടുത്ത ഭരണഘടന സംരക്ഷണ സമിതിയുടെ  അൗൺസ്മെന്റ് വാഹനം   പോലീസ് കസ്റ്റഡിയിലെടുത്തിനെതിരെ കോഴിക്കോട് ജില്ലാക്കമ്മറ്റിക്ക്   പോലീസിനെതിരെ പത്ര പ്രസ്താവന വരെ ഇറക്കേണ്ടി വന്നു.
 യോഗി ആദിത്യനാഥും യെദ്യൂരപ്പയും പ്രക്ഷോഭകരെ നേരിട്ട ശൈലിയിൽ തന്നെയാണ്  കേരളത്തിലും സർക്കാർ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തെ നേരിടുന്നത്്്. ഒരേ  സമയം  ഇതിൽ  നിന്ന്്്് മുതലെടപ്പ് നടത്തുകയും അതേ സമയം  പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും സർക്കാറും  ചെയ്യുന്നത്.  ഗുജറാത്ത്്് ആവർത്തിക്കുമെന്ന കൊലവിളിയുമായി കുറ്റിയാടിയിൽ  പ്രകടനം നടത്തിയ ബി ജെ പിക്കാരോട് മൃദുസമീപനം പുലർത്തിയ സർക്കാറാണ്്്  കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ള പ്രതിഷേധക്കാർക്കതിരെ കേസെടുത്തതും അവരെ ജയിലിൽ ആക്കിയതും.
എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്.  ഭാവിയിൽ പ്രതിഷേധവുമായി ഇറങ്ങാൻ  തയാറാകുന്ന ജനങ്ങളെ ഭയപ്പെടുത്തി പിൻതിരിപ്പിക്കുക, അതുവഴി   കേന്ദ്ര സർക്കാറിനെതിരായ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുക.
ചുരുക്കം പറഞ്ഞാൽ,
കേന്ദ്ര സർക്കാറിനെതിരെ കേരളത്തിൽ ഒരു ജനകീയ പ്രക്ഷോഭം  വളരാതിരിക്കണം എന്ന നിർബന്ധം ഏറ്റവും കൂടുതലുള്ളത് മുഖ്യമന്ത്രിക്കാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

 2 ) ദേശീയ  ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കൽ

 കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ  അഥവാ എൻ പി ആറിന്റെ നടപടി ക്രമങ്ങളുമായി ഒരു കാരണവശാലും സഹകരിക്കരുതെന്ന്്് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.  മുഖ്യമന്ത്രി ആദ്യം ഇത് സമ്മതിക്കുകയും ചെയ്തു. എന്നാൽ രഹസ്യമായി  എൻ  പി ആറുമായി മുന്നോട്ട്  പോകാൻ  സർക്കാർ തിരുമാനിച്ചതിന്റെ ഒരു   നോട്ടിഫിക്കേഷൻ എന്റെ ശ്രദ്ധയിൽ പെട്ടു. അതിനെതിരെ  പ്രതിപക്ഷം ശക്തമായി  പ്രതികരിച്ചപ്പോൾ അത് പിൻവലിക്കുന്നതായി  സർക്കാർ   പറയുകയും ചെയ്തു. എന്നാൽ  ഇവിടെയാണ് യഥാർത്ഥ വഞ്ചന സർക്കാർ നടത്തിയത്്. 12-11-2019 ൽ സർക്കാർ മറ്റൊരു ഉത്തരവ് ഇറക്കി. 218/ 2019   എന്ന ഉത്തരവിൽ  സെൻസസ് നടപടികൾക്കൊപ്പം  ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ  ആരംഭിക്കാനുള്ള ഉത്തരവായിരുന്നു അത്്. ആ ഉത്തരവ് ഇതുവരെ സർക്കാർ  പിൻവലിച്ചിട്ടുമില്ല.    ഇതാണ് പിന്നീട്് തഹസിൽദാർമാർക്ക് ലഭിച്ചത്. അവർക്കു ലഭിച്ച ഉത്തരവ്  തഹസിൽദാർമാർ നടപ്പാക്കുക മാത്രമാണ് ചെയ്തത്. ചുരുക്കത്തിൽ    സർക്കാർ   നൽകിയ ഉത്തരവ് അതേപടി പാലിക്കുക മാത്രമാണ്  തഹസിൽദാർമാർ  ചെയ്തത്്്   എന്ന്  വ്യക്തമാവുകയാണ്.
ഈ ഗെയിം പ്ലാൻ നമ്മൾ കാണാതിരിക്കരുത്.
പ്രതിഷേധങ്ങളെ പതുക്കെ പതുക്കെ ഇല്ലാതാക്കുക. കുറച്ച് മാസങ്ങൾ കഴിയുമ്പോൾ, സെൻസസ് നടത്തുക എന്ന രീതിയിൽ എൻ പി ആർ നടപ്പിലാക്കുക. ഇന്നലെ പുറത്ത് വന്ന ഒരു വാർത്ത സെൻസസിനു വരുമ്പോൾ ആധാർ കാർഡോ പാസ്പോർട്ടോ കാണിക്കണം എന്നാണ്. അതിന്റെ അർത്ഥം സെൻസസ് പൗരത്വ റജിസ്റ്ററിനുള്ള  അടിസ്ഥാന രേഖയാക്കും എന്നത് തന്നെയാണ്.    സെൻസസിന്റെ മറവിൽ  കേരളത്തിൽ ദേശീയ  ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാൻ രഹസ്യമായി  പിണറായി ശ്രമിക്കുന്നുവെന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്്.  ഇത്് ചെയ്യുന്നത് മോഡിക്കും അമിത്ഷാക്ക് വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്ന മലയാളികൾക്കറിയാം.

3) യു എ പി എയിലെ ഇരട്ടത്താപ്പ്്്

യു.എ.പി.എ ചുമത്തുന്നതിലെ ഇരട്ടത്താപ്പാണ് മറ്റൊന്ന്.   നവംബർ 3 നാണ്് സി പി എം അംഗങ്ങളായ അലൻ, താഹ എന്നീ രണ്ട് ചെറുപ്പക്കാരെ മാവോയിസ്റ്റുകൾ എന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ  യു   എ പി എ ചുമത്തിയതും.   ഈ നടപടി തെറ്റെന്ന് സി പി എം സെക്രട്ടറിയേറ്റ്  ആദ്യം പ്രസ്താവന ഇറക്കി. കുറച്ച് കഴിഞ്ഞു അലനേയും താഹയേം തള്ളിപ്പറഞ്ഞു. പിന്നെ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അവസാനം ആ കേസ്് എൻ ഐ  എക്ക് വിട്ടു. എന്ന് വച്ചാൽ സ്വന്തം പാർട്ടി അംഗങ്ങളായ ചെറുപ്പക്കാരെ   അമിത് ഷാ നയിക്കുന്ന എൻ ഐ എയുടെ കയ്യിൽ  കൊണ്ടുപോയി കൊടുക്കുകയായിരുന്നു എന്നു ചുരുക്കും  അമിത് ഷാ കാണിച്ചു കൊടുക്കുന്ന വഴിയിൽ സഞ്ചരിക്കുന്ന വിനീത വിധേയനായി അധഃപതിച്ചിരിക്കുകയാണ് പിണറായി വിജയൻ എന്നദ്ദേഹം ഇതിലൂടെ  വീണ്ടും  തെളിയിച്ചു.
ഇത് ഒരു സുരക്ഷിത കോട്ടയാണ് എന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി ഒരു കാര്യം മറക്കരുത്. ഇതിലും വലിയ കോട്ടയായി നിങ്ങൾ കരുതിയ ബംഗാളും ത്രിപുരയും ഒക്കെ ഇപ്പോൾ തകർന്നു തരിപ്പണമായി.  
അപ്പോൾ വാചകക്കസർത്ത് കൊണ്ട് കാര്യമില്ല, പറയുന്ന വാക്കുകളോട് അൽപമെങ്കിലും നീതി പുലർത്തുന്ന നടപടികൾ ഉണ്ടാകണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യം. നിർഭാഗ്യവശാൽ, കേരളത്തിന്റെ മുഖ്യമന്ത്രി പൗരത്വ വിഷയത്തിൽ പറയുന്നതിന്റെ കടക വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ഇത് കേരള ജനത തിരിച്ചറിയും.