Sorry, you need to enable JavaScript to visit this website.

പൗരത്വനിയമത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ എന്തുകൊണ്ടാണ് ചരിത്രപരമാകുന്നത്

വ്യക്തി താല്‍പര്യത്തേക്കാള്‍ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടേതാണ് ഈ സമരം. അതിനാലാണ് ഈ പ്രതിഷേധം സവിശേഷമാകുന്നത്, അത്കൊണ്ടുതന്നെയാണ് ഈ പ്രതിഷേധം ആദ്യമായി സർക്കാരിനെ അനിശ്ചിതത്വത്തിലാക്കുകയും  ഇനി എന്തുചെയ്യണമെന്ന കാര്യത്തിൽ അവര്‍ ശങ്കിച്ചുനില്‍ക്കുകയും ചെയ്യുന്നത്

ആക്കർ പട്ടേൽ റെഡിഫില്‍ എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ.

വിവിധതരം പ്രക്ഷോഭങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. മങ്ങിയതെങ്കുലും അടിയന്തിരാവസ്ഥകാലവും ഓര്‍മയിലുണ്ട്. അന്ന് മുംബൈയില്‍ ഞങ്ങളുടെ വൈൽ പാർലെ ഈസ്റ്റ് പരിസരത്ത് പ്രതിഷേധമുണ്ടായിരുന്നു. പക്ഷെ, അധികകാലം നീണ്ടുനില്‍ക്കാതെ ഒരു രാത്രികൊണ്ട് അവസാനിച്ചു അത്. തെരുവില്‍ അധികമൊന്നും പ്രതിഷേധക്കാരുമുണ്ടായിരുന്നില്ല.

ഇന്ദിരാഗാന്ധിയുടെ സർക്കാർ എതിരാളികൾക്ക് നേരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ജനതാ പാർട്ടി പ്രചരിപ്പിച്ച മഞ്ഞനിറത്തിലുള്ള ഒരു  ലഘുലേഖ ഞാൻ ഓർക്കുന്നു. സിഗരറ്റ് പൊള്ളലേറ്റ ഒരാളുടെ ചിത്രം ഉണ്ടായിരുന്നു അതില്‍.
അടിയന്തരാവസ്ഥയുടെ ഇരകള്‍ കൂടുതലും  കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളുമാണ്. ആദ്യത്തേത് ജയിലിലടയ്ക്കപ്പെടുകയും രണ്ടാമത്തേത് സെൻസർഷിപ്പിന് വിധേയമാക്കുകയും ചെയ്തു. അധികാരത്തിനായി പോരാടിയ ഒരു രാഷ്ട്രീയ യുദ്ധമായിരുന്നു അത്, പൗരന്‍മാരെ അതങ്ങനെ സ്പര്‍ഷിച്ചില്ല. സാധാരണയായി ഒരു സ്വേച്ഛാധിപതിയോട് ചേർന്നുനിൽക്കാൻ തയ്യാറുള്ള ഇന്ത്യൻ മധ്യവർഗം  അന്ന് പൊതുവെ ഇന്ദിരയുടെ പക്ഷത്തായിരുന്നു. അവര്‍ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് മോശം ഓർമ്മകളൊന്നുമില്ല.

അടിയന്തരാവസ്ഥ അവസാനിച്ച് ഒരു ദശാബ്ദത്തിനുശേഷം മണ്ഡല്‍ പ്രക്ഷോഭം വന്നു.  അതിന് തൊട്ടുമുമ്പ്, 1985 ൽ ഗുജറാത്തിൽ, സവര്‍ണരുടെ സംവരണവിരുദ്ധ പ്രക്ഷോഭം ഉണ്ടായിരുന്നു (അന്ന് ഞാന്‍  സൂറത്തിലായിരുന്നു താമസം). എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള നഗര മധ്യവർഗം വീടുതോറും പോയി ദലിതർക്കെതിരെ സന്ദേശം പ്രചരിപ്പിച്ചു. ഗുജറാത്തിൽ സാധാരണ സംഭവിക്കുന്നതുപോലെ, ഈ പ്രക്ഷോഭവും കലാപമായി മാറി. മുസ്‌ലിംകൾ ഒരു കാരണവുമില്ലാതെ അക്രമിക്കപ്പെട്ടു.

ഏതാനും വർഷങ്ങൾക്ക് ശേഷം മണ്ഡൽ പ്രക്ഷോഭം ആളിക്കത്തി. പ്രതിഷേധക്കാര്‍ രണ്ടുതരക്കാര്‍ ആയിരുന്നു. സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. മണ്ഡൽ സവർണരെ ശാക്തീകരിച്ചതിനാൽ (ഒ.ബി.സിയിലെ സി എന്നത് വർഗ്ഗത്തെയാണെന്നും ജാതിയല്ലെന്നും കർഷകരായ ശൂദ്രര്‍ക്ക് വർണമുണ്ടെന്നും പല ഇന്ത്യക്കാർക്കും മനസ്സിലാകുന്നില്ല) ദലിതർക്ക് കഴിയാത്ത വിധത്തിൽ ജനങ്ങളെ അണിനിരത്താൻ അവർക്ക് കഴിഞ്ഞു.
തങ്ങളുടെ അപ്രമാദിത്വം ഭീഷണിയില്‍ ആയതിനാല്‍ സവർണ്ണർ വീണ്ടും പ്രതിഷേധിച്ചു. ഗോസ്വാമി എന്നൊരാള്‍ സ്വയം തീകൊളുത്തി ഹീറോ ആയി.

പിന്നീട് നാം മറ്റൊരു പ്രക്ഷോഭം കാണേണ്ടിവന്നു, ഏറ്റവും അപകടകാരിയായ ഒന്ന്: ബാബരി

തന്റെ രഥയാത്ര വഴിയില്‍ ഒരിടത്തും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് എല്‍.കെ അദ്വാനി ആത്മകഥയുല്‍ പറയുന്നു. പക്ഷെ, എന്നിട്ടും യാത്ര കടന്നുപോയ സമീപപ്രദേശങ്ങള്‍ മുഴുവന് ചുട്ടെരിക്കപ്പെട്ടു. മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടു. ബി.ജെ.പി പള്ളിപൊളിച്ചതിന് ശേഷം 2000 ഇന്ത്യക്കാരാണ് കൊലചെയ്യപ്പെട്ടത്. തുടര്‍ന്നുണ്ടായ കുഴപ്പങ്ങള്‍ ഏറെ നാള്‍ നീണ്ടുനിന്നു.  

ഇന്ത്യയിലെ എല്ലാ പ്രക്ഷോഭങ്ങളും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മണ്ഡല്‍, മന്ദിർ പ്രക്ഷോഭകര്‍ അവര്‍ക്ക് വേണ്ടിതന്നെയാണ് പ്രക്ഷോഭം നടത്തിയത്. സംവരണത്തോട് ഒരാൾ യോജിക്കുന്നോ ഇല്ലയോ എന്നതിന് അപ്പുറം, ആ പ്രക്ഷോഭങ്ങളിലും ഇരുപക്ഷവും സ്വന്തം നേട്ടങ്ങൾക്കായി നിലകൊണ്ടു എന്നതാണ് വസ്തുത.

ഇതിനുമുമ്പ്, ഭരണഘടനയെ അനുകൂലിക്കുന്ന,  നിരന്തരമായ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടില്ല. ഭരണഘടനയെയും മനുഷ്യാവകാശത്തെയും പിന്തുണച്ചുകൊണ്ട് നീണ്ട പ്രതിഷേധം നടത്തിയ വ്യക്തിയാണ് ഇറോം ഷര്‍മിള.

വ്യക്തിഗത നേട്ടത്തേക്കാൾ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇന്ന് തെരുവില്‍ അണിനിരക്കുന്നത്. പല പ്രതിഷേധക്കാർക്കും (എന്നെപ്പോലെ) സർക്കാരിനെ താഴെയിറക്കാനോ നാശമുണ്ടാക്കാനോ താൽപ്പര്യമില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതിന്റെ കാലാവധി പൂർത്തിയാക്കും. മോദി വീണ്ടും ജയിച്ചാൽ മൂന്നാം തവണയും അദ്ദേഹം രാജ്യം ഭരിക്കും.

ഭരണം ഈ പ്രക്ഷോഭത്തിന്റെ ലക്ഷ്യമല്ല, അത് ഞങ്ങളുടെ ആശങ്കയുമല്ല. പ്രതിഷേധിക്കുന്നതും പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതും, വിവേചനപരവും ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒപ്പുവച്ച കരാറുകളും  ലംഘിക്കുന്ന നിയമനിർമ്മാണമാണ്.

തങ്ങളുടെ അവകാശങ്ങൾ തങ്ങളിൽ നിന്ന് അപഹരിക്കപ്പെടുമെന്ന് ഭയക്കുന്ന മുസ്‌ലിംകളാണ് പ്രതിഷേധക്കാരിൽ പലരും എന്നത് സത്യമാണ്. അവരുടെ ഭയത്തില്‍ കാര്യമുണ്ട്താനും.

എന്നാൽ ഇവിടെപോലും പുതുതായി ഒന്നും അവർ ആവശ്യപ്പെടുന്നുല്ല. സംവരണമോ പള്ളിയോ അല്ല,  തങ്ങള്‍ ഉപദ്രവിക്കപ്പെടരുത് എന്നതല്ലാതെ മറ്റൊരു ആവശ്യവും അവര്‍ക്കില്ല.
അതുകൊണ്ടാണ് ഈ പ്രതിഷേധം അനുപമമാകുന്നത്, അതിനാലാണ് ഈ പ്രതിഷേധം ആദ്യമായി ഈ സർക്കാരിനെ അനിശ്ചിതത്വത്തിലാക്കുകയും  ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ശങ്കിച്ചുനില്‍ക്കുകയും ചെയ്യുന്നത്.
ഈ കാരണത്താലാണ് ലോകത്ത് ഇത് ശ്രദ്ധിക്കപ്പെടുന്നതും മോദി സർക്കാര്‍ സമ്മർദ്ദത്തിലാകുകയും ചെയ്യുന്നത്.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിർ മുഹമ്മദും യുഎസ് കോൺഗ്രസ് അംഗം പ്രമീല ജയപാലും മാത്രമല്ല മോദിയോട് കശ്മീരിൽ ചെയ്യുന്നതും പൗരത്വ നിയമവും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്നത്. സ്വന്തം പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന രാജ്യമെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ നിലവിൽ ഇന്ത്യയ്ക്ക് കഴിയില്ല.

ധാർമ്മികവും നിയമാനുസൃതവുമായ പ്രക്ഷോഭം പുതിയ നിയമം പിന്‍വലിക്കുന്നതോടെ, പൗരത്വ സര്‍വേയില്‍നിന്ന് രാജ്യം പിന്‍മാറുന്നതോടെ അവസാനിക്കും.

ലോകത്തിലെതന്നെ, രാഷ്ട്രീയത്തില്‍ അഗ്രകണ്യരായ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് മനസിലാക്കുകയും കാര്യങ്ങള്‍ ശരിയായി കൈകര്യം  ചെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

 

Latest News