Sorry, you need to enable JavaScript to visit this website.

മരണം 80; പള്ളിയിലെ ഹൂത്തി മിസൈല്‍ ഇറാന്റെ പ്രതികാരമെന്ന് യെമന്‍

മഅ്‌രിബ്- യെമനില്‍ ഹൂത്തികള്‍ പള്ളിക്കു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 80 ആയി. സന്‍ആയില്‍നിന്ന് 170 കി.മീ കിഴക്ക് മധ്യ പ്രവിശ്യയായ മഅ്‌രിബിലെ വടക്ക് പടിഞ്ഞാറു ഭാഗത്തെ സൈനിക കേന്ദ്രത്തിന് സമീപമുള്ള പള്ളിയിലായിരുന്നു ആക്രമണം. ശനിയാഴ്ച മഗ്‌രിബ് നമസ്‌കാരം നടന്നുകൊണ്ടിരിക്കേയാണ് മിസൈല്‍ പതിച്ചത്. മൂന്നു മിസൈലുകളില്‍ ഒന്ന് യെമന്‍ സേന വെടിവെച്ചിട്ടു.
മഹറാന്‍ അല്‍മഖ്തരിയുടെ നേതൃത്വത്തിലുള്ള നാലാം ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അബീന്‍, അദ്ന്‍ പ്രവിശ്യകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സൈനികരായിരുന്നു ഇവര്‍.
മഅ്‌രിബിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഹീലാന്‍ കുന്നുകളില്‍ നിന്ന് ഹൂത്തികള്‍ സൈനിക താവളത്തെ കേന്ദ്രമാക്കി തൊടുത്തുവിട്ട മിസൈലാണ് പള്ളിയില്‍ പതിച്ചത്. ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനുള്ള പ്രതികാരമായാണ് ഈ ആക്രമണത്തെ യെമന്‍ പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നത്. യെമന്‍ സേന ഈ ഭാഗത്ത് തിരിച്ചടി തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് സ്വസ്ഥതയും സമാധാനവും പുലരാന്‍ ഹൂത്തി മിലീഷ്യകളോട് യുദ്ധത്തിന് ഒരുങ്ങണമെന്ന് യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ആവശ്യപ്പെട്ടു.
ഹൂത്തി മിലീഷ്യകളാണ് ആക്രമണം നടത്തിയതെന്നും അവരുടേത് ഭീരുത്വ നടപടിയാണെന്നും തിരിച്ചടിക്കണമെന്നും മഅ്‌രിബ് ഗവര്‍ണര്‍ സുല്‍ത്താന്‍ അല്‍അറാദ, സൈനിക കമാണ്ടര്‍ മേജര്‍ ജനറല്‍ ആദില്‍ അല്‍ഖുമൈരി എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ശത്രുക്കളുടെ എല്ലാ പദ്ധതികളും തകര്‍ത്ത് രാജ്യത്തിന്റെ മണ്ണ് മോചിപ്പിച്ചാല്‍ മാത്രമേ സമാധാനമുണ്ടാവുകയുള്ളൂ. ജനങ്ങള്‍ക്ക് നേരെയും അല്ലാഹുവിന്റെ ഭവനത്തിന് നേരെയും ഹൂത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഭീകരാക്രമണം അവര്‍ മത സാമൂഹിക മൂല്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുവെന്നതിന് തെളിവാണ്. അവരെ പരാജയപ്പെടുത്താന്‍ നാം സഖ്യ കക്ഷികളെ പിന്തുണക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ശത്രുക്കള്‍ക്കെതിരെ നടപടി തുടങ്ങിയതായി മഅ്‌രിബ് ഗവര്‍ണറും സൈനിക കമാണ്ടറും അറിയിച്ചു.

 

Latest News