Sorry, you need to enable JavaScript to visit this website.

കേന്ദ്ര നിയമത്തെ എതിർക്കാൻ  സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട് -കോൺഗ്രസ്

ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോൺഗ്രസ്. ഒരു നിയമവും അടിച്ചേൽപിച്ച് നടപ്പാക്കാൻ ആവശ്യപ്പെടാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നും കോൺഗ്രസ് വക്തമാവ് രൺദീപ് സുർജേവാല പറഞ്ഞു. സി.എ.എ നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാറുകൾക്ക് വിട്ടുനിൽക്കാനാകില്ലെന്നും അത് ഭരണഘടനാ ലംഘനമാകുമെന്നുമുള്ള കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പ്രസ്താവനയെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം. ഇന്ത്യ എന്നത് വിവിധ സംസ്ഥാനങ്ങളുടെ ഒരു കൂട്ടമാണെന്ന കാര്യം ബി.ജെ.പിയും കേന്ദ്ര സർക്കാറും ഓർക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം കേന്ദ്ര തീരുമാനത്തെ എതിർക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട്. നേരത്തെയും കേന്ദ്ര സർക്കാറിനെതിരെ കർണാടക, ബിഹാർ, രാജസ്ഥാൻ എന്നീ സർക്കാറുകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നത് വരെ സി.എ.എ നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് സാധിക്കുമെന്നും സുർജേവാല പറഞ്ഞു. 
അതേസമയം, പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ടെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു. സി.എ.എ നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കോഴിക്കോട് നടന്ന പരിപാടിയിൽ കപിൽ സിബൽ പറഞ്ഞിരുന്നു. 

Latest News