മയക്കുമരുന്നു കലര്‍ത്തിയ പാനീയം  കുടിച്ചു മകന്‍ മരിച്ചു: അമ്മയ്ക്ക് 10 വര്‍ഷം ജയില്‍

ലണ്ടന്‍-അമ്മയ്ക്കും കൂട്ടുകാരനും ഒപ്പം കമ്പനികൂടി മയക്കുമരുന്നു കലര്‍ത്തിയ പാനീയം കുടിച്ചു കൗമാരക്കാരന്‍ മരിച്ച കേസില്‍ അമ്മയ്ക്ക് പത്തു വര്‍ഷം ജയില്‍ ശിക്ഷ. അമ്മ ഹോളി സ്‌ട്രോബ്രിഡ്ജും മകന്‍ ടൈലര്‍ പെക്കും (15) സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ വെച്ചാണ് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം പങ്കുവെച്ച് കുടിച്ചത്. 2019 ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. പാനീയത്തില്‍ ചേര്‍ത്ത ഓറമോര്‍ഫ്, ഗബാപെന്റിന്‍ എന്നീ മോര്‍ഫിന്‍ മരുന്നുകളുടെ അമിത അളവ് മൂലമാണ് ടൈലര്‍ മരണപ്പെട്ടതെന്ന് കണ്ടെത്തി. കുട്ടികളുമായി ഇടപെടാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് അമ്മ ഹോളിയും അവരോടൊപ്പം പങ്കുചേര്‍ന്നത്.
തന്റെ മകനോട് മനഃപൂര്‍വം മോശമായി പെരുമാറിയതിന് അമ്മ കുറ്റക്കാരിയാണ് എന്ന് പ്ലിമൗത്ത് ക്രൗണ്‍ കോടതി ജഡ്ജി പറഞ്ഞു. മയക്കുമരുന്ന് കഴിക്കുന്നതില്‍ നിന്ന് കുട്ടിയെ അവര്‍ വിലക്കിയില്ലെന്നും കോടതി പറഞ്ഞു. സംഭവം നടന്ന രാത്രി കുട്ടികളോടൊപ്പം ഹോളി ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ടൈലറിന്റെ മറ്റു സുഹൃത്തുക്കളെ കുറ്റപ്പെടുകത്തിയിട്ടു കാര്യമില്ലെന്നും കോടതി പറഞ്ഞു.
ഹോളിക്ക് കുട്ടികളുടെ സുരക്ഷയെ പറ്റി ഒട്ടും തന്നെ ശ്രദ്ധ ഇല്ലായിരുന്നുവെന്നും ഇത് മകന്റെ മരണത്തിലേക്ക് നയിച്ചെന്നും ഇന്‍സ്‌പെക്ടര്‍ ഇയാന്‍ റിംഗ്രോസ് പറഞ്ഞു. തെളിവുകള്‍ നല്‍കിയതിന് മറ്റു കുട്ടികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Latest News