സൗദിയില്‍ ഈ ആഴ്ചയും കഠിന ശൈത്യം തുടരും

റിയാദ്- ഈ ആഴ്ചയും സൗദി അറേബ്യയില്‍ ശൈത്യം കഠിനമായി തുടരുമെന്ന് അല്‍ഖസീം യൂണിവേഴ്‌സിറ്റി ഭൂമിശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് അറിയിച്ചു. ക്രമേണ ഈ ആഴ്ചയില്‍ താപനില കുറഞ്ഞുവരും. ബുധനും വ്യാഴവുമായിരിക്കും ഏറ്റവുമധികം തണുപ്പനുഭവപ്പെടുന്ന ദിവസങ്ങള്‍. അടുത്തയാഴ്ച തണുപ്പ് അതിന്റെ പാരമ്യതയിലെത്തുമെന്നും മരുഭൂമിയിലെ ഇടയന്മാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അടുത്ത രണ്ടാഴ്ചകളില്‍ ശൈത്യം മൂന്നു ഘട്ടമായാണ് രാജ്യത്തെ ബാധിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു. ഈ വാരാന്ത്യത്തില്‍ മധ്യ ശൈത്യവും അടുത്താഴ്ച ആദ്യത്തില്‍ അതിശൈത്യവുമായിരിക്കും. രണ്ടാം വാരാന്ത്യത്തോടെ ശൈത്യത്തിന് നേരിയ കുറവുണ്ടാകും.
തബൂക്ക്, ഹായില്‍, വടക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, റിയാദ്, വടക്ക് കിഴക്കന്‍ ഹൈറേഞ്ചുകള്‍, കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക എന്നിവിടങ്ങളില്‍ തണുപ്പ് ശക്തി പ്രാപിക്കും. ഹായിലിലും തബൂക്കിലും വടക്കന്‍ പ്രവിശ്യയിലും അല്‍ജൗഫിലും മൂന്നു മുതല്‍ അഞ്ചുവരെ താപനില രേഖപ്പെടുത്തും. ഖസീമിലും റിയാദിന്റെ ചിലഭാഗങ്ങളിലും പൂജ്യം ഡിഗ്രി വരെയാകും. റിയാദ് നഗരത്തില്‍ അഞ്ചും മക്കയില്‍ പതിനഞ്ചും ഡിഗ്രിയായിരിക്കും താപനില.

 

Latest News