Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിൽനിന്നുള്ള മുസ്‌ലിംകൾക്കും പൗരത്വം നൽകിയിട്ടുണ്ട്-നിർമല സീതാരാമൻ

ന്യൂദൽഹി- പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ അടക്കമുള്ളവർക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. 2014 വരെ ഈ മൂന്നു രാജ്യങ്ങളിൽനിന്നുള്ള 566 മുസ്‌ലിംകൾക്ക് പൗരത്വം നൽകിയിട്ടുണ്ടെന്നും ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർമല വ്യക്തമാക്കി. 2016-18 കാലയളവിൽ 391 അഫ്ഗാനിസ്ഥാനിൽനിന്നുള്ള മുസ്‌ലിംകൾക്കും 1595 പാക്കിസ്ഥാനി കുടിയേറ്റക്കാർക്കും പൗരത്വം നൽകി. ഈ സമയത്ത് തന്നെയാണ് അദ്‌നാൻ സാമിക്കും പൗരത്വം നൽകിയത്. തസ്‌ലിമ നസ്‌റിൻ മറ്റൊരു ഉദാഹരണമാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടെ 2838 പാക്കിസ്ഥാനി അഭയാർത്ഥികൾക്കും 914 അഫ്ഗാനികൾക്കും 172 ബംഗ്ലദേശികൾക്കും ഇന്ത്യൻ പൗരത്വം നൽകി. 1964 മുതൽ നാലു ലക്ഷം തമിഴ് അഭയാർഥികൾക്കും ഇന്ത്യ പൗരത്വം നൽകിയതായി നിർമ്മല സീതാരാമൻ അവകാശപ്പെട്ടു. അറുപത് കൊല്ലം മുമ്പ് കിഴക്കൻ പാക്കിസ്ഥാനിൽനിന്നെത്തി ഇപ്പോഴും ഇന്ത്യയിലെ വിവിധ ക്യാംപുകളിൽ കഴിയുന്ന അഭയാർഥികളുണ്ടെന്നും ഇവരെ കണ്ടാൽ ആരുടെയും കരളലിയുമെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് ലഭിക്കുന്നില്ലെന്നും നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. പൗരത്വഭേദഗതി നിയമം അനുസരിക്കുക എന്നത് എല്ലാ സംസ്ഥാനങ്ങളുടെയും കടമയാണ്. ആർക്കും അതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. നിയമം നടപ്പാക്കില്ല എന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളുടെ പ്രമേയം വെറും രാഷ്ട്രീയ പ്രസ്താവനകൾ മാത്രമാണ്. അതേസമയം, നിയമം നടപ്പാക്കില്ല എന്ന് പറയുന്നത് നിയമത്തിന് എതിരാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും നിർമല മുന്നറിയിപ്പ് നൽകി. 

Latest News