Sorry, you need to enable JavaScript to visit this website.

മസ്ജിദിന്റെ മുറ്റത്ത് കതിർമണ്ഡപം; ശരത്തിനും അഞ്ജുവിനും വിവാഹം; ആഭരണവും സദ്യയുമൊരുക്കി പള്ളി കമ്മിറ്റി

കായംകുളം- അഞ്ജുവിനും ശരത്തിനും കതിർമണ്ഡപമൊരുക്കി ചേരാവള്ളി മുസ്്‌ലിം പള്ളി. മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ചേരാവള്ളി പള്ളിമുറ്റത്തെ കതിർമണ്ഡപം. ദരിദ്ര കുടുംത്തിലെ അംഗമായ വധു അഞ്ജുവിന് പത്ത് പവൻ സ്വർണ്ണാഭരണങ്ങളും വിവാഹസദ്യ ഉൾപ്പടെയുള്ളവയും സമ്മാനിച്ചതും പള്ളി കമ്മിറ്റിയായിരുന്നു. 12.10നും 12.30നും മധ്യേയുള്ള മുഹൂർത്തത്തിൽ അഞ്ജുവിന്റെ കഴുത്തിൽ ശരത് താലികെട്ടി.

ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും രണ്ട് വർഷം മുമ്പ് ഹൃദയാഘാതം വന്ന് മരിച്ച അശോകന്റെയും മകളാണ് അഞ്ജു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകനാണ് ശരത്ത്. അച്ഛൻ പോയതോടെ ജീവിതം പ്രതിസന്ധിയിലായ അഞ്ജുവിന്റെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്പത്തിക പ്രയാസം കാരണം പ്ലസ്ടു കഴിഞ്ഞു പഠനം നിർത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരൻ. കഴിഞ്ഞ ഒക്ടോബറിൽ അഞ്ജുവിന്റെ അമ്മ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയായ, ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ സഹായം തേടിയതോടെയാണ് അഞ്ജുവിന്റെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചത്.

ബിന്ദുവിന്റെ അഭ്യർത്ഥന ജമാഅത്ത് കമ്മിറ്റിയിൽ ചർച്ചയായി. ജമാഅത്ത് അംഗങ്ങൾ ഒറ്റക്കെട്ടായി വിഷയത്തിൽ ഇടപെട്ടു. നവവധുവിന് സ്വർണ്ണാഭരണങ്ങളോടൊപ്പം രണ്ട് ലക്ഷം രൂപയും വിവാഹസഹായങ്ങളും ഇങ്ങനെയാണ് ഒരുക്കിയത്. വിവാഹത്തിന് ക്ഷണിച്ച 3,000 പേർക്കു ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കുകയും ചെയ്തു. വിവാഹ വേദിയിൽ 200പേർക്ക് ഇരിപ്പിടമുണ്ട്. പുറത്തു വിശാലമായ പന്തലുമൊരുക്കി.
 

Latest News