Sorry, you need to enable JavaScript to visit this website.

സി.എ.എക്കെതിരെ സുപ്രീം കോടതിയില്‍; എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം- പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  വിശദീകരണം തേടി.  ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം തേടിയിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍  നേരത്തെ വ്യക്തമാക്കിയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുന്ന കത്തില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു.
സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.  

 

Latest News