പൗരത്വ നിയമ ഭേദഗതി: സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ കീഴടങ്ങേണ്ടി വരും

ന്യൂദല്‍ഹി- സുപ്രീം കോടതി ഇടപെടുന്നില്ലെങ്കില്‍ കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുകയല്ലാതെ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ വേറെ വഴിയില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടി നേതാവ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രസ്താവനയെ ശരിവെച്ചുകൊണ്ടാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

കേന്ദ്ര നിയമം ചട്ടപുസ്തകത്തില്‍ ഇടംപടിച്ചാല്‍ അത് നടപ്പാക്കുകയല്ലാതെ വഴിയില്ലെന്നും അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞത്.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് ഒരു സംസ്ഥാനത്തിന് ഇല്ല എന്ന് പറയാന്‍ കഴിയില്ലെന്നും സിബല്‍ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി ഇടപെടുന്നില്ലെങ്കില്‍, നിയമം സ്റ്റാറ്റിയൂട്ട് ബുക്കില്‍ തുടരും. സ്റ്റാറ്റിയൂട്ട് ബുക്കിലുണ്ടെങ്കില്‍  നിയമം അനുസരിക്കാനും നടപ്പിലാക്കാനും സംസ്ഥാനങ്ങള്‍ ബാധ്യസ്ഥമാണ്. അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ ഉണ്ടാകും- സല്‍മാന്‍  ഖുര്‍ഷിദ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രവുമായി വളരെ ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍, സുപ്രീംകോടതിയുടെ അന്തിമ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

പാര്‍ലമെന്റ് അനുമതി നല്‍കിയ നിയമത്തെ ഒരു സംസ്ഥാനത്തിനും വേണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന്  ശനിയാഴ്ച കോഴിക്കോട്ട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലിലാണ് കപില്‍ സിബല്‍ പറഞ്ഞത്. രാഷ്ട്രീയമായി സംഘടിച്ച് പൊരുതുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും അതിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് മതത്തെ പൗരത്വത്തിന് അടിസ്ഥാനമാക്കി പൗരത്വ നിയമം ഭേദഗതി ചെയ്തത്. 2014 ഡിസംബര്‍ 31ന് മുമ്പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ഭേദഗതി. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Latest News