Sorry, you need to enable JavaScript to visit this website.

നമസ്‌കാര സമയത്തെ കടയടപ്പ്; സൗദിയില്‍ വീണ്ടും ചര്‍ച്ച

ജിദ്ദ- സൗദി അറേബ്യയില്‍ നമസ്‌കാരത്തിനു വേണ്ടി വ്യാപര സ്ഥാപനങ്ങള്‍ അടച്ചിടുന്നത് അവസാനപ്പിക്കണമെന്ന വിഷയത്തില്‍ ചര്‍ച്ച വീണ്ടും സജീവമായി. വ്യാപാരത്തിന് കൂടുതല്‍ അവസരങ്ങളും ഉപഭോക്താക്കള്‍ക്ക് സൗകര്യവും നല്‍കുകയെന്ന ലക്ഷ്യത്തോടെ കടകളും മറ്റും 24 മണിക്കൂറും തുറന്നുവെക്കാന്‍ ഇപ്പോള്‍ അധികൃതര്‍ അനുവദിക്കുന്നുണ്ട്. അഞ്ച് നേരം നമസ്‌കാരത്തിനും കടകള്‍ അടക്കേണ്ടതില്ലെന്ന് ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചപ്പോള്‍ അധികൃതര്‍ ഇടപെട്ട് നിഷേധിച്ചിരുന്നു.

എല്ലാ നമസ്‌കാര സമയത്തും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് നിയമത്തിലോ മതത്തിലോ അടിസ്ഥാനമില്ലെന്ന് ഇസ്ലാമിക പണ്ഡിതനും സൗദി അറേബ്യ ശൂറാ കൗണ്‍സില്‍ അംഗവും ജഡ്ജിയുമായ ഡോ. ഇസ്സാ അല്‍ ഗൈഥ് എഴുതിയ ലേഖനമാണ് വീണ്ടും ചര്‍ച്ച സജീവമാക്കിയത്.

കടകള്‍ അടപ്പിക്കുന്നതിനും നമസ്‌കാര സമയം ആരംഭിച്ച ഉടന്‍ പള്ളിയില്‍തന്നെ നമസ്‌കരിക്കുന്നതിനും നിര്‍ബന്ധിക്കാന്‍ ശരീഅത്തിലോ നിയമത്തിലോ അടിസ്ഥാനമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ജുമുഅ നമസ്‌കാരത്തിനു മാത്രം നിര്‍ബന്ധമായിരുന്ന കടയടപ്പിക്കല്‍ മതകാര്യ പോലീസ് എല്ലാ നമസ്‌കാരത്തിനും അടിച്ചേല്‍പിക്കുകയായിരുന്നുവെന്ന് മക്കയിലെ മതകാര്യപോലീസ് മുന്‍ മേധാവി ശൈഖ് അഹ് മദ് അല്‍ ഗാംദി അറബ് ന്യൂസിനോട് പറഞ്ഞു.

നമസ്‌കാര സമയത്ത് കടകള്‍ തുറന്നുവെക്കുന്നവരെ അറസ്റ്റ് ചെയ്യാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും നേരത്തെ മതകാര്യ പോലീസ് രംഗത്തുവന്നിരുന്നു.

 

 

Latest News