Sorry, you need to enable JavaScript to visit this website.

ചൈനയില്‍ ദുരൂഹ വൈറസ്, ആശങ്കയോടെ ലോകം

ഹോങ്കോംഗ്- സാര്‍സിന് സമാനമായ ദുരൂഹ വൈറസ് ബാധ ചൈനയില്‍ വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മുന്‍കാല വൈറസ് ബാധയെക്കാള്‍ മാരകമാവും ഇപ്പോഴത്തെ വൈറസിന്റെ വരവെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.
വുഹാന്‍ നഗരത്തിലെ മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്. ഇതിനകം രണ്ട് പേര്‍ മരിച്ചതായും 45 പേര്‍ക്ക് വൈറസ് ബാധയുണ്ടായതായുമാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ ഇതിനകം 1700 ഓളം പേര്‍ക്കെങ്കിലും വൈറസ് ബാധയേറ്റതായി ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷന്‍ ഡിസീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് ജനങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുകയും ബന്ധുവീടുകളും സ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്യുന്ന വേളയായതിനാല്‍ വരും ദിനങ്ങളില്‍ വൈറസ് വന്‍ തോതില്‍ പരക്കാനിടയുണ്ടെന്നും ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ചൈനക്ക് പുറത്ത് ജപ്പാനിലും തായ്‌ലന്റിലും ഇതിനകം പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
2002-03 കാലയളവില്‍ ചൈനയില്‍ 650 പേരുടെ മരണത്തിനിടയാക്കിയ സാര്‍സിന് സമാനമായ വൈറസാണിതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. മറ്റ് കൊറോണ വൈറസുകളെപ്പോലെ മനുഷ്യരില്‍ എളുപ്പം പകരുന്നതാണ് ഇതും എന്നതാണ് ആശങ്ക ജനിപ്പിക്കുന്ന പ്രധാന കാര്യം.
വൈറസ് ബാധ കണക്കിലെടുത്ത് ഹോങ്കോംഗ് ചില മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ചൈനീസ് അധികൃതര്‍ ഇതുവരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

 

 

Latest News