Sorry, you need to enable JavaScript to visit this website.

സുഡാന് സൗദി അറേബ്യ നിർലോഭ സഹായങ്ങൾ നൽകുന്നു

സുഡാന് സഹായം ലഭ്യമാക്കുന്നതിന് യു.എന്നും സ്വീഡനും യുനൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സും ചേർന്ന് ലണ്ടനിൽ സംഘടിപ്പിച്ച ഉന്നതതല സമ്മേളനം.

റിയാദ് - സുഡാന് സൗദി അറേബ്യ നിർലോഭ സഹായങ്ങൾ നൽകുന്നതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സുഡാന് സഹായം ലഭ്യമാക്കുന്നതിന് യു.എന്നും സ്വീഡനും യുനൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സും ചേർന്ന് ലണ്ടനിൽ സംഘടിപ്പിച്ച ഉന്നതതല വട്ടമേശാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഡാന് ഇതുവരെ 120 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ സൗദി അറേബ്യ നൽകിയിട്ടുണ്ട്. 
സൗദി അറേബ്യയും സുഡാനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധങ്ങൾ സുഡാനും സുഡാൻ ജനതക്കും സഹായം നൽകൽ സൗദിയുടെ ഏറ്റവും വലിയ മുൻഗണനയാക്കി മാറ്റുന്നു. എക്കാലവും സുഡാന് ഏറ്റവുമധികം സഹായം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സുഡാൻ നേരിടുന്ന സാമ്പത്തിക, കാലാവസ്ഥാ, ആരോഗ്യ, മാനുഷിക വെല്ലുവിളികളുടെ വ്യാപ്തി മനസ്സിലാക്കി സൗദി അറേബ്യ യു.എ.ഇയുമായുള്ള പങ്കാളിത്തത്തോടെ സുഡാന് സഹായങ്ങൾ നൽകിയിട്ടുണ്ട്. 2019 ഏപ്രിൽ 21 ന് രണ്ടു രാജ്യങ്ങളും ചേർന്ന് സുഡാന് 300 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ഇതിൽ 50 കോടി ഡോളർ സുഡാൻ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുന്നതിന് സുഡാൻ സെൻട്രൽ ബാങ്കിൽ നടത്തിയ നിക്ഷേപമാണ്. സുഡാനിൽ സ്വകാര്യ മേഖലയിൽ സൗദി അറേബ്യ നിക്ഷേപങ്ങൾ വർധിപ്പിക്കുകയും സുഡാനികൾക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കുന്നതിന് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 
കിംഗ് സൽമാൻ റിലീഫ് സെന്റർ ഈ വർഷത്തേക്ക് അംഗീകരിച്ച പ്രവർത്തന പദ്ധതിയിൽ സുഡാനിൽ മെഡിക്കൽ കാമ്പയിനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സ്ഥിരതയുണ്ടാക്കുന്നതിന് സാമ്പത്തിക മേഖലകളിലും സുഡാന് സഹായങ്ങൾ നൽകുന്നതിന് സൗദി അറേബ്യ താൽപര്യം കാണിച്ചിട്ടുണ്ട്. ആഗോള തലത്തിൽ സുഡാന് സാധ്യമായത്ര സഹായങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് ഈ വർഷം പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. സുഡാനിൽ രാഷ്ട്രീയ, സുരക്ഷാ സ്ഥിരതക്കും സൗദി അറേബ്യ പിന്തുണ നൽകുന്നു. സുഡാനിൽ മാനുഷിക, വികസന മേഖലകളിൽ അന്താരാഷ്ട്ര സമൂഹം സഹായങ്ങളും പിന്തുണകളും നൽകണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
 

Tags

Latest News