Sorry, you need to enable JavaScript to visit this website.

സുലൈമാനിയുടെ വധത്തിലെത്തിച്ചത് ഇറാന്റെ പ്രകോപനങ്ങൾ - തുർക്കി അൽഫൈസൽ

റിയാദ് - മേഖലയിൽ അടുത്ത കാലത്ത് ഇറാൻ ആവർത്തിച്ച് നടത്തിയ പ്രകോപനങ്ങളാണ് ഖുദ്‌സ് ഫോഴ്‌സ് കമാണ്ടർ ഖാസിം സുലൈമാനിയുടെ വധത്തിലെത്തിച്ചതെന്ന് മുൻ സൗദി രഹസ്യാന്വേഷണ ഏജൻസി തലവനും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. സമീപ കാലത്ത് ഇറാൻ നടത്തിയ പ്രകോപനങ്ങളുമായി അമേരിക്കൻ വ്യോമാക്രമണം ബന്ധപ്പെട്ടിരിക്കുന്നു. 2019 ൽ അങ്ങേയറ്റം പ്രകോപനപരമായ പ്രവർത്തനങ്ങളാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായത്. ഇറാന്റെ അതിമോഹങ്ങൾക്ക് തിരിച്ചടി നൽകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ഖാസിം സുലൈമാനി വധം. 
മേഖലയിൽ എണ്ണക്കപ്പലുകൾക്കു നേരെയും സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയും ആക്രമണങ്ങൾ നടത്തിയ ഇറാൻ, ഇറാഖിൽ നയതന്ത്ര കാര്യാലയങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതിനും ധൈര്യം കാണിച്ചു. ഖാസിം സുലൈമാനി വധം അങ്ങേയറ്റം പ്രധാനമായ ചുവടുവെപ്പാണെങ്കിലും ഇത് ഇറാന്റെ അജണ്ടകൾക്ക് തടയിടില്ല. വിവേകം വീണ്ടെടുക്കുന്നതിന് ഇറാൻ ഭരണാധികാരികൾക്കും ഭരണകൂടത്തിനുമുള്ള നിമിത്തമാണ് ഖാസിം സുലൈമാനി വധം. പ്രകോപനങ്ങൾക്ക് ഇറാൻ പ്രത്യാഘാതങ്ങൾ നേരിടാതെ പോകില്ലെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 
വിദേശങ്ങളിലുള്ള അമേരിക്കക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രതിരോധ നടപടിയായാണ് ഖാസിം സുലൈമാനി വധത്തെ അമേരിക്കൻ സൈന്യം കാണുന്നത്. അമേരിക്ക ഭീകര പട്ടികയിൽ പെടുത്തിയ ഗ്രൂപ്പിൽ പെട്ട ആളാണ് എന്നതിനാലാണ് ഇറാൻ റെവല്യൂഷനറി ഗാർഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടർ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത്. ഇറാഖിലും മേഖലയിലും അമേരിക്കൻ നയതന്ത്രജ്ഞരെയും സൈനികരെയും ആക്രമിക്കുന്നതിന് ഖാസിം സുലൈമാനി പദ്ധതികൾ തയാറാക്കിവരികയായിരുന്നു. അമേരിക്കൻ സൈന്യത്തിനും സഖ്യസേനക്കും കീഴിലെ നൂറു കണക്കിന് സൈനികരുടെ വധത്തിലും ആയിരങ്ങൾക്ക് പരിക്കേറ്റതിലും ഖുദ്‌സ് ഫോഴ്‌സ് വഴി ഖാസിം സുലൈമാനി ഉത്തരവാദിയാണെന്നും അമേരിക്ക പറയുന്നു.
 

Tags

Latest News