Sorry, you need to enable JavaScript to visit this website.

ലോറി ഡ്രൈവർമാർക്ക് വിശ്രമം നിർബന്ധം; ലംഘിച്ചാൽ 3000 റിയാൽ പിഴ

റിയാദ് - സൗദിയിൽ ലോറി ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി പ്രാബല്യത്തിൽവന്നു. പ്രയോജനപ്പെടുത്തേണ്ട വിശ്രമ സമയത്ത് ലോറി ഓടിക്കുന്ന ഡ്രൈവർമാർക്ക് 3,000 റിയാൽ പിഴ ചുമത്തുന്നതിന് പുതിയ ചരക്കു ഗതാഗത നിയമാവലി അനുശാസിക്കുന്നു. 
വാഹനം ഓടിക്കുന്ന സമയവും പ്രതിദിന വിശ്രമവും പ്രതിവാര വിശ്രമവുമായും ബന്ധപ്പെട്ട നിയമങ്ങൾ ഡ്രൈവർമാർ നിർബന്ധമായും പാലിക്കണം. ഇത് ഡ്രൈവർമാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കമ്പനികളുടെ ബാധ്യതയാണ്. 24 മണിക്കൂറിനിടെ പരമാവധി ഒമ്പതു മണിക്കൂർ മാത്രമേ ഡ്രൈവർമാർ ചരക്ക് വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂവെന്ന് നിയമാവലി വ്യക്തമാക്കുന്നു. ആഴ്ചയിൽ രണ്ടു തവണ ഇത് പരമാവധി പത്തു മണിക്കൂറായി ദീർഘിപ്പിക്കാവുന്നതാണ്. 
ചരക്ക് വാഹന ഡ്രൈവർമാരുടെ പ്രതിവാര തൊഴിൽ സമയം 56 മണിക്കൂറിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. തുടർച്ചയായി രണ്ടാഴ്ചക്കാലത്ത് ഡ്രൈവർമാർ വാഹനമോടിക്കുന്ന സമയം 90 മണിക്കൂറിൽ കവിയാനും പാടില്ല. തുടർച്ചയായി നാലര മണിക്കൂർ ഡ്രൈവ് ചെയ്യുന്ന ലോറി ഡ്രൈവർമാർ 45 മിനിറ്റ് വിശ്രമമെടുത്തിരിക്കണം. നാലര മണിക്കൂർ പിന്നിടുന്നതിനു മുമ്പായി രണ്ടു തവണയായും വിശ്രമ സമയം പ്രയോജനപ്പെടുത്താവുന്നതാണ്. ഇങ്ങിനെ രണ്ടു തവണയായി വിശ്രമ സമയം പ്രയോജനപ്പെടുത്തുന്നപക്ഷം ആദ്യ തവണത്തെ വിശ്രമ സമയം 15 മിനിറ്റിലും രണ്ടാം തവണത്തെ വിശ്രമ സമയം 30 മിനിറ്റിലും കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


വിശ്രമ സമയത്ത് മറ്റൊരു ജോലിയും ഡ്രൈവർമാർ ചെയ്യരുതെന്നും നിയമാവലി അനുശാസിക്കുന്നു. ലോറി ഡ്രൈവർമാരുടെ പ്രതിദിന വിശ്രമ സമയം തുടർച്ചയായ 11 മണിക്കൂറിൽ കുറവാകാൻ പാടില്ല. 
തൊട്ടുമുമ്പുള്ള വിശ്രമ സമയം പ്രയോജനപ്പെടുത്തി 24 മണിക്കൂർ പിന്നിടുന്നതിനു മുമ്പായി ഈ വിശ്രമ സമയം ഡ്രൈവർമാർ ഉപയോഗപ്പെടുത്തിയിരിക്കണം. ഡ്രൈവർമാരുടെ പ്രതിവാര വിശ്രമ സമയം 48 മണിക്കൂറിൽ കുറയരുത്. പരമാവധി തുടർച്ചയായി ആറു ദിവസം ജോലി ചെയ്ത ശേഷം തുടർച്ചയായി 48 മണിക്കൂർ വിശ്രമമെടുത്തിരിക്കണമെന്നാണ് വ്യവസ്ഥ.
അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുന്ന ലോറികൾക്കകത്ത് പുകവലിക്കുന്ന ഡ്രൈവർമാർക്ക് 1,000 റിയാൽ തോതിൽ പിഴ ചുമത്തും. പ്രവർത്തന കാലാവധിയിൽ കൂടുതൽ കാലം ലോറികൾ സർവീസുകൾക്ക് ഉപയോഗിക്കുന്നതിന് 5,000 റിയാൽ തോതിലാണ് പിഴ ലഭിക്കുക. നീക്കം ചെയ്യുന്ന ലോഡിന് അനുയോജ്യമല്ലാത്ത ചരക്ക് വാഹനം ഉപയോഗിച്ചാൽ 5,000 റിയാൽ പിഴ ലഭിക്കും. ഓട്ടോമാറ്റഡ് ട്രാക്കിംഗ് സേവന സംവിധാനവുമായി ബന്ധിപ്പിച്ച ഉപകരണങ്ങൾ ലോറിയിൽ സ്ഥാപിക്കാതിരിക്കുന്നത് നിയമ ലംഘനമാണ്. ഇതിന് 3,000 റിയാലാണ് പിഴ ലഭിക്കുക. 
പുതിയ നിയമാവലി കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തി. നിശ്ചിത സമയത്ത് ചരക്ക് ലോഡ് കൈമാറുന്നതിന് കാലതാമസമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ചരക്ക് ഗതാഗത കമ്പനി വഹിക്കുകയും നിയമാനുസൃതമുള്ള നഷ്ടപരിഹാരം നൽകുകയും വേണം. 
ചരക്കു വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാണ്. ചരക്ക് ലോഡ് എത്തിയ വിവരം അറിയിച്ചിട്ടും ഇവ സ്വീകരിക്കുന്നതിന് ഉടമകളോ പ്രതിനിധികളോ 14 ദിവസത്തിലധികം കാലതാമസം വരുത്തുന്ന സാഹചര്യങ്ങളിൽ ചരക്ക് വിൽപന നടത്തുന്നതിന് ഗതാഗത കമ്പനിയെ നിയമാവലി അനുവദിക്കുന്നു.

Tags

Latest News