ദാവീന്ദര്‍ സിംഗിനെ ദല്‍ഹിയില്‍ എത്തിക്കും; ബംഗ്ലാദേശ് ബന്ധവും അന്വേഷിക്കുന്നു

ശ്രീനഗര്‍- ഭീകരരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനിടെ ജമ്മു കശ്മീരില്‍ പിടിയിലായ  ഡി.എസ.്പി ദാവീന്ദര്‍ സിംഗിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് ഫയല്‍ ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ദാവീന്ദര്‍ സിംഗിനെ ദല്‍ഹിയിലെത്തിക്കും.  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന യു.എ.പി.എ പ്രകാരവും ആയുധ നിയമപ്രകാരവുമാണ് എന്‍.ഐ.എ കേസെടുത്തത്. ദാവീന്ദര്‍ സിംഗിന്റെ ബംഗ്ലാദേശ് ബന്ധവും അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം മൂന്ന് തവണയാണ് ഇയാള്‍ മകള്‍ പഠിക്കുന്ന ബംഗ്ലാദേശിലേക്ക് പോയതെന്ന് ജമ്മു കശ്മീര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സന്ദര്‍ശനങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതിനാല്‍ അവിടെ ആരെയൊക്കെ കണ്ടുമുട്ടി എന്ന് പ്രത്യേകം അന്വേഷിക്കും.
2019 മാര്‍ച്ച്, മെയ്, ജൂലൈ മാസങ്ങളില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ദാവീന്ദര്‍ സിംഗ് ബംഗ്ലാദേശില്‍ പോയത്.  ഇതു സംബന്ധിച്ച അന്വേഷണം എന്‍.ഐ.എ നടത്തും. പാക്കിസ്ഥാന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ഏജന്റുമാരെ ദാവീന്ദര്‍ സന്ദര്‍ശിച്ചിരിക്കാമെന്നും കരുതുന്നുണ്ട്.
ബംഗ്ലാദേശിലേക്ക് പോയശേഷം പോലീസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നടന്ന ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ഭീകരവാദികളെയും ഒരു അഭിഭാഷകനേയും ജമ്മുവിലേക്കും തുടര്‍ന്ന് ചണ്ഡീഗഢിലേക്കും കടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. എട്ട് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തെ ചെറുക്കുന്നതില്‍ പങ്കുവഹിച്ചതിന് 2018 ല്‍ ധീരതക്കുള്ള ഷേറെ കശ്മീര്‍ പോലീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്ന ദാവീന്ദര്‍ സിംഗിന്റെ അറസ്റ്റ് പോലീസിനേയും സുരക്ഷാ ഏജന്‍സികളേയും ഞെട്ടിച്ചിരുന്നു.

 

Latest News