Sorry, you need to enable JavaScript to visit this website.

പൗരത്വനിയമം അറബിക്കടലിൽ വലിച്ചെറിയും; മോഡിയും സംഘവും വംശനാശം നേരിടും-കപിൽ സിബൽ

കോഴിക്കോട്- ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ജനം വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, ജനം അവരുടെ വാക്കുകളെ ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. ഒൻപത് കള്ളങ്ങളാണ് ആഭ്യന്തര മന്ത്രി പാർലമെന്റിൽ പറഞ്ഞത്. 
ഈ നിയമത്തിലെ ഒന്നാമത്തെ നുണ ഇത് പക്ഷപാതപരമല്ല എന്നതാണ്. എന്നാൽ ഇത് ഏറ്റവും വലിയ പക്ഷപാതപരമായ നുണയാണ്. ഈ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യക്കാരാണ് എന്നതാണ് പൗരത്വത്തിന് ഇന്ത്യ നൽകിയ നിർവചനം. അവിടെ മതമോ ജാതിയോ വർഗമോ ദേശമോ അടിസ്ഥനാമാക്കിയിരുന്നില്ല. മാതാപിതാക്കളെ ആസ്പദമാക്കിയാണ് രണ്ടാമത്തേത്. ഇന്ത്യയിൽ ജനിക്കുന്ന വ്യക്തിയുടെ മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടികളും ഭാരതീയരാണ് എന്നതാണ് രണ്ടാമത്തെ നിർവചനം. പതിനൊന്ന് കൊല്ലം ഇന്ത്യയിൽ ജീവിച്ച ഒരാൾക്ക് അയാൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കും. ഇതിലും മതം പ്രശ്‌നമല്ല. സ്വാഭാവികമായി അയാൾക്ക് പൗരത്വം ലഭിക്കും. നാലാമത്തേത് രജിസ്‌ട്രേഷൻ വഴിയാണ്. അവിടെയും മതം പരിഗണിക്കുന്നില്ല. ഇന്ത്യയിലേക്ക് ഉൾപ്പെടുത്തപ്പെട്ട സ്ഥലങ്ങളിൽ ഉള്ളവരും ഇന്ത്യയിലെ പൗരൻമാരായി. അവിടെയും മതം പരിഗണിച്ചില്ല. ഇന്ത്യയിലേക്ക് കൂട്ടിച്ചേർത്ത സ്ഥലങ്ങളിലുള്ളവർ അങ്ങിനെയാണ് ഇന്ത്യക്കാരായത്. മതത്തിന് പൗരത്വവുമായി ഒരു ബന്ധവുമില്ല എന്നർത്ഥം. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവടങ്ങളിൽനിന്ന് വന്ന മുസ്്‌ലിംകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. എൻ.പി.ആർ വഴി എൻ.ആർ.സി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എൻ.പി.ആറിന് വേണ്ടി വീട്ടിലെത്തുന്നവർ നിങ്ങളുടെ കണക്ക് ശേഖരിക്കുകയും അവർ ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ സാധിച്ചില്ലെങ്കിൽ ഡി എന്ന് എഴുതി വെക്കുകയും ചെയ്യും. ഒരു മാസത്തിനകം ആ രേഖ സമർപ്പിക്കാൻ പറ്റിയില്ലെങ്കിൽ ഇന്ത്യയുടെ പൗരത്വം നിങ്ങൾക്ക് നഷ്ടപ്പെടും. 
എൻ.ആർ.സി മുസ്്‌ലിംകൾക്കെതിരല്ല. അത് ഇന്ത്യയിലെ സാധാരണക്കാർക്ക് എതിരെയാണ്. ആശങ്കപ്പെടാൻ ഒന്നുമില്ല എന്നാണ് കേന്ദ്രം പറയുന്നത്. അസമിൽ പരിശോധന നടത്തിയപ്പോൾ 19 ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വത്തിന്റെ പട്ടികയിൽനിന്ന് പുറത്തായി. അത് പത്തു ലക്ഷത്തിലേറെ പേരും ഹിന്ദുക്കളായിരുന്നു. അത് കൈകാര്യം ചെയ്യാനാണ് സി.എ.എയുമായി രംഗത്തെത്തിയത്. സുനാമിയും ഭൂകമ്പങ്ങളും ഉണ്ടായ രാജ്യമാണിത്. വീടുകൾ നഷ്്ടപ്പെട്ടവർ. അവർ എവിടെനിന്നാണ് രേഖകൾ കൊണ്ടുവരുന്നത്. തന്റെ പൂർവീകരുടെ രേഖകൾ ഉണ്ടാക്കിയെടുക്കാനാകില്ല. എന്തു വില കൊടുത്തും ഇതിനെ ചെറുത്തുതോൽപ്പിക്കും. ഒടുക്കത്തെ ശ്വാസം വരെ ഈ രാജ്യത്തെ ജനങ്ങൾക്കൊപ്പം നിലകൊള്ളും. ഇവർ പരിശോധനക്ക് വേണ്ടി ഗ്രാമങ്ങളിൽ എത്തുന്നവർ മോഡിക്കെതിരെ വോട്ട് ചെയ്യുന്നവരുടെ പേരിലും ഇവർ സംശയാസ്പദം എന്ന് ചേർക്കും. മോഡിക്കെതിരെ വോട്ട് ചെയ്തവരെയും പൗരത്വത്തിന് പുറത്ത് നിർത്താനാണ് ഇവർ ശ്രമിക്കുന്നത്. ഈ രാജ്യത്തെ സാധാരണക്കാർ എവിടെയാണ് പോകേണ്ടത്. പാവങ്ങളുടെ കൈകളിൽ വിഭവങ്ങൾ ഇല്ല. വിഭവങ്ങൾ എല്ലാം പ്രധാനമന്ത്രിയുടെ കൈകളിലാണ്. അവരെ സമീപിച്ചാൽ തടങ്കൽ പാളയത്തിലേക്ക് പോകാനായിരിക്കും പറയുക. രാജ്യത്ത് തടങ്കൽ പാളയമില്ല എന്നാണ് മോഡി പറയുന്നത്. പക്ഷെ ഓരോ ഘട്ടത്തിലും വിവിധ സംസ്ഥാനങ്ങളിൽ ഇവർ അത് തുടങ്ങിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി സഹമന്ത്രി പാർലമെന്റിൽ അത് പറഞ്ഞിട്ടുണ്ട്. തടവറകളുടെ നിർമാണം തുടങ്ങിയ ശേഷമാണ് ഇതില്ലെന്ന് മോഡിയും സംഘവും പറയുന്നത്. 
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബലം പ്രയോഗിക്കുന്നില്ലെന്നാണ് മോഡി പറയുന്നത്. 29 പേരെ യു.പിയിൽ മാത്രം വെടിവെച്ചുകൊന്നു. വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി. ജാമിഅ യൂണിവേഴ്‌സിറ്റിയിലും ജെ.എൻ.യുവിലും ക്രൂരമായ അക്രമണമാണ് നടത്തിയത്. വി.സി പോലും വിദ്യാർഥികൾക്കെതിരായ അക്രമണത്തിനെതിരെ രംഗത്തുവന്നില്ല. പോലീസും ആഭ്യന്തരവകുപ്പും വിദ്യാർഥികളെ രക്ഷിച്ചില്ല. ഇത്തരത്തിലുള്ള നിരവധി കള്ളങ്ങളാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. 
ഇത് ഭേദഗതി നിയമമല്ല. കേന്ദ്രം ഭരിക്കുന്ന സർക്കാറിന്റെ ഏകാധിപത്യ പ്രവണതയുടെ പ്രകടനമാണ്. ഈ സി.എ.എ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുന്ന കാലം വരെ നാം വിശ്രമിക്കുകയില്ല. ഇവർ ഒരിക്കലും സത്യം പറയില്ല. സത്യം പറയുന്ന രീതി ഇവർക്കറിയില്ല. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചപോലെ ഇവരും ഈ നാട്ടിൽനിന്ന് ഇല്ലാതാകും. ഈ സമരം കോടതിയുടെ അകത്തങ്ങളങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. കോടതിയിൽ പലതും സംഭവിച്ചെന്ന് വരും. കോടതിയുടെ പുറത്ത് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. ഇതിനെതിരായ രാജ്യവ്യാപക പ്രതിഷേധം വിജയം വരെ തുടരും. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ചെറുത്തുതോൽപ്പിക്കുമെന്ന വാക്ക് പാലിക്കുക തന്നെ ചെയ്യും. 
പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് സമരം ചെയ്യുന്നുവെന്നാണ് മോഡി പറയുന്നത്. ഉറങ്ങുമ്പോൾ പാക്കിസ്ഥാനെ കിനാവു കാണുകയും പാക്കിസ്ഥാനെ ആലോചിച്ച് ഉണരുകയും ചെയ്യുന്ന ഒരാളാണ് മോഡി. രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. ജി.ഡി.പി അടക്കമുള്ള കാര്യങ്ങൾ ഇന്ത്യയുടെ തകർച്ചയെ സൂചിപ്പിക്കുന്നു. വിദ്യാർഥികളും അവരുടെ ഭാവിയെ പറ്റി ആശങ്കാകുലരാണ്. രാജ്യത്തെ ജനങ്ങളുടെ കയ്യിൽ പണമില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ രംഗത്തിറങ്ങേണ്ട പ്രധാനമന്ത്രി രാജ്യത്തെ പ്രശ്‌നങ്ങളെ പറ്റി ഒന്നും പറയാതെ പാക്കിസ്ഥാനെ പറ്റി മാത്രമാണ് മോഡി പറയുന്നത്. ഏത് സർക്കാറിന്റെയും പ്രഥമബാധ്യത സ്വന്തം പൗരൻമാരെ സംരക്ഷിക്കുക എന്നതാണ്. എന്നാൽ ഇതിന് പകരം സ്വന്തം ജനങ്ങളെ അക്രമിക്കുകയാണ് മോഡി സർക്കാർ. ദളിതരെയും ന്യൂനപക്ഷങ്ങളെയും അക്രമിക്കുന്ന സർക്കാറാണിത്. പെൺകുട്ടികൾക്കും രക്ഷയില്ല. ആഭ്യന്തര മന്ത്രി നിയമസമാധാന ലംഘനത്തിന്റെ മന്ത്രിയാണ്. കേരളത്തിൽ എന്താണ് സംഭവിക്കുന്നത്. എന്തിനാണ് ഈ ഗവർണറെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ഇങ്ങിനെ ഒരാളെ നിയോഗിച്ചതിന്റെ കാര്യക്രമം എന്താണ്. എന്തായാലും ഇങ്ങിനെയുള്ള ഒരാൾക്കുള്ള ഇടമല്ല കേരളം. 
നോട്ടുനിരോധിക്കുമ്പോഴും ഗംഭീര അവകാശവാദമാണ് മോഡി നടത്തിയിരുന്നത്. നോട്ടുനിരോധിച്ച് അൻപത് ദിവസത്തിനകം കള്ളപ്പണം നിരോധിച്ചില്ലെങ്കിൽ തന്നെ ശിക്ഷിച്ചോളൂ എന്നായിരുന്നു മോഡി പറഞ്ഞത്. നോട്ടുനിരോധനത്തിലൂടെ ഈ രാജ്യത്തെ തന്നെ തകർത്തു. പക്ഷെ ഒരു വിചാരണയും മോഡി നേരിടാൻ പോകുന്നില്ല. പറഞ്ഞ വാക്കുകൾ പാലിക്കാത്ത ഒരാളാണ് മോഡി. ഒരു പ്രത്യേക സമുദായത്തിനെതിരെ ഓരോ സമയത്തും ഓരോ നിയമം കൊണ്ടുവരുന്നു. ആ സമുദായത്തെ മർദ്ദിച്ചൊതുക്കാനാണ് മോഡി ശ്രമിക്കുന്നത്. അതിനെ തോൽപ്പിക്കുക തന്നെ ചെയ്യും. ഗാന്ധിയുടെ പേര് പറഞ്ഞ് വൃത്തികെട്ട രാഷ്ട്രീയമാണ് മോഡി നടത്തുന്നത്. മനസിലിരിപ്പ് മനസിലാക്കിയാണ് ഇവരെ ഞാനോ ഇന്ത്യയോ നമ്മളാരോ ഭയപ്പെടുന്നില്ലെന്ന് പാർലമെന്റിൽ പറഞ്ഞത്. കശ്മീരിൽ എല്ലാം സാധാരണ നിലയിൽ എന്നാണ് അമിത് ഷാ പറയുന്നത്. എന്നാൽ ഈ സർക്കാർ പോലും സാധാരണ നിലയിൽ അല്ല പ്രവർത്തിക്കുന്നത്. കശ്മീരിലെ ജനങ്ങൾക്കുണ്ടായ ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവിടെ പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ദ്വിരാഷ്ട്ര വാദത്തിന്റെ സ്വപ്‌നമായിരുന്നു ജിന്നക്കുണ്ടായിരുന്നത്. അതേ സ്വപ്‌നമാണ് മോഡിക്കുള്ളത്. ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കും. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം വിജയിപ്പിക്കില്ല എന്ന പ്രതിജ്ഞയെടുക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. 

Latest News