Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പതനത്തിന് കാതോർക്കുന്ന ദൽഹി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുന്ന ദൽഹി നഗരം ലോക മാധ്യമങ്ങൾ ശ്രദ്ധിച്ചു വരികയാണ്. അതിനിടക്കാണ് പുതുവത്സരത്തിലെ ആദ്യ അങ്കത്തിന് ഇന്ദ്രപ്രസ്ഥം വേദിയാവുന്നത്. ബി.ജെ.പി ദൽഹിയിൽ  അടിപതറുന്നുവെന്ന് സൂചനയുണ്ട്. ബി.ജെ.പിക്കെതിരെ പ്രാദേശിക ജനവികാരം രൂക്ഷമാണ്. മോഡി തരംഗം ഇവിടെ വലുതായിട്ട് പ്രകടവുമല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിപക്ഷം എന്ന നിലയിൽ തീർത്തും പരാജയപ്പെട്ടതാണ് ബി.ജെ.പിയുടെ പ്രധാന കാരണം. വിഭാഗീയതയിൽപെട്ട് നട്ടം തിരിഞ്ഞ പാർട്ടി വിജയ് ഗോയൽ, ഹർഷ വർധൻ, മനോജ് തിവാരി എന്നിവരുടെ ഗ്രൂപ്പുകളിലായിട്ടാണ് നിൽക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് ഇവർ ദൽഹി ബി.ജെ.പിയിൽ സജീവമായത്. ജനങ്ങൾക്ക് സുപരിചിതനല്ലാത്ത മനോജ് തിവാരിയാണ് ബി.ജെ.പിയുടെ മുഖമായി നിൽക്കുന്നത്. അഞ്ച് വർഷം മുമ്പ് അരവിന്ദ് കെജ്‌രിവാൾ പുതുമുഖമായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. പക്ഷേ അന്ന് കോൺഗ്രസ് സർക്കാർ ജനവിധിയെ ഭയന്നിരിക്കുകയായിരുന്നു. ഇന്ന് ഏറ്റവും പോപ്പുലറായ മുഖ്യമന്ത്രിയെയും പാർട്ടിയെയുമാണ് ബി.ജെ.പി നേരിടുന്നത്. അതിന് ശക്തനായ നേതാവ് തന്നെ വേണം. 1998 ലാണ് ബി.ജെ.പിക്ക് ദൽഹിയിൽ അധികാരം നഷ്ടമാകുന്നത്. അതിന്റെ കാരണവും ഇപ്പോഴത്തെ കാരണവും ഏകദേശം സമാനമാണ്. പച്ചക്കറിയുടെ വില വർധനയായിരുന്നു പ്രധാന വിഷയം. പ്രത്യേകിച്ച് ഉള്ളി വിലയായിരുന്നു പ്രശ്‌നം. ഇന്ന് അതേ സാഹചര്യം തന്നെ നിൽക്കുന്നുണ്ട് എന്നാണ് പ്രധാന പ്രശ്‌നം. 
വിലക്കയറ്റത്തെ തുടർന്ന് ബി.ജെ.പിയെ പ്രതിപക്ഷത്തിരുന്നിട്ടും ജനങ്ങൾ കൈവിടുമോ എന്നാണ് ഭയം. 2013 ൽ നരേന്ദ്ര മോഡി തരംഗം ഉണ്ടായിട്ടും ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇതാണ് ഇത്തവണത്തെ ഏറ്റവും വലിയ ആശങ്ക. ബി.ജെ.പി തോൽക്കാനുള്ള പ്രധാന കാരണം ആരാണ് ദൽഹിയിൽ പാർട്ടിയെ ഭരിക്കുന്നതെന്ന പ്രതിസന്ധിയായിരിക്കും.  കോൺഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായിരുന്ന അതേ പ്രശ്‌നമാണിത്.  മനോജ് തിവാരി, വിജയ് ഗോയൽ, വിജേന്ദർ ഗുപ്ത, പർവേഷ് വർമ എന്നിവർ ചേർന്ന ഗ്രൂപ്പാണ് ബി.ജെ.പിയെ ഭരിക്കുന്നത്. ഇതിൽ തന്നെ തിവാരിയെ എതിർക്കാൻ മറ്റു  മൂന്ന് പേരും ഒറ്റക്കെട്ടാണ്. ഇതിന് പുറമെ സതീഷ് ഉപാധ്യായ്, ഹർഷ വർധൻ ഗ്രൂപ്പ് എന്നിവരും സജീവമാണ്. മോഡി - അമിത് ഷാ സഖ്യത്തിന് ഹർഷ വർധനിലാണ് വിശ്വാസം. 
ബി.ജെ.പിയുടെ ഹാർഡ് കോർ വോട്ടർമാർ പൗരത്വ നിയമത്തിൽ രണ്ട് തട്ടിലാണ്.  നഗര മേഖലയിൽ നടന്ന അക്രമത്തിന് പ്രധാന കാരണം ബിജെ.പിയാണന്ന വാദവും വോട്ടർമാർക്കിടയിലുണ്ട്. വിദ്യാർത്ഥികളും സ്ത്രീകളും പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. മുസ്‌ലിം നേതാക്കൾ പരസ്യമായി സർക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഇവർ തന്ത്രപരമായ വോട്ടിംഗാണ് സ്വീകരിക്കുന്നത്. ഇത് എ.എ.പിക്ക് ഗുണകരമാകും. ഇതിന് പുറമെ എ.എ.പിയുടെ പ്രചാരണ തന്ത്രമാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. ഇത് കെജ്‌രിവാളിന് കൂടുതൽ ഗുണകരമായിരിക്കുകയാണ്. കെജ്‌രിവാളിന്റെ പോപ്പുലർ പൊളിറ്റിക്‌സ് എന്ന തന്ത്രത്തിൽ ബി.ജെ.പി ശരിക്കും വീണിരിക്കുകയാണ്. സൗജന്യ ജലം, സൗജന്യ വൈദ്യുതി, എന്നിവക്ക് ജനപ്രിയ ബദലൊരുക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇതിന് പുറമെ ഈ സബ്‌സിഡികളൊക്കെ നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി. നിലവിലുള്ള ഒരു പദ്ധതി നിലനിർത്താൻ ജനങ്ങൾ വേറൊരു സർക്കാറിനെ തെരഞ്ഞെടുക്കുമോ? ഇല്ല എന്നതാണ് സത്യം. അഞ്ച് ലക്ഷം വരെയുള്ള സൗജന്യ ചികിത്സയും സർക്കാറിന്റെ നേട്ടമായി മാറി. ഇതിനെയൊക്കെ എതിർക്കാൻ അഴിമതി എന്ന ആയുധം ബി.ജെ.പി പുറത്തെടുത്തെങ്കിലും അത് പരാജയപ്പെട്ടിരിക്കുകയാണ്. 
എ.എ.പി 2015 ൽ ഇടതുപക്ഷത്തിന്റെ റോളിലാണ് ദൽഹി പിടിച്ചത്. എന്നാൽ അത് വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുകയാണ്. ഹിന്ദു ലേബൽ നിരന്തരം പ്രയോഗിക്കുന്നുണ്ട് കെജ്‌രിവാൾ. മുസ്‌ലിംകളെ ബാധിക്കുന്ന പല വിഷയങ്ങളിലും അദ്ദേഹം മൗനം പാലിച്ചു. നേരത്തെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും അദ്ദേഹം പിന്തുണച്ചിരുന്നു. ദൽഹിയിൽ ബി.ജെ.പി പ്രവർത്തകരുടെ വലിയ പിന്തുണയും കെജ്‌രിവാളിനുണ്ട്. ആർ.എസ്.എസിന്റെ പിന്തുണയും അദ്ദേഹത്തിന് തന്നെയാണ്. അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ നേരത്തെ തന്നെ ആർ.എസ്.എസ് പിന്തുണച്ചിരുന്നു. ഇത് ബി.ജെ.പിക്ക് തിരിച്ചുവരവ് അസാധ്യമാക്കുകയാണ്. കോൺഗ്രസിനാണ് ഇതിനിടയിൽ വലിയ സാധ്യതയുള്ളത്. എ.എ.പി കോൺഗ്രസ് ആശയത്തിൽ നിന്ന് വ്യതിചലിക്കുന്നത് അവരുടെ കോർ വോട്ടർമാരെ കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരും. ബി.ജെ.പി വിരുദ്ധ, എ.എ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുകയാണ് കോൺഗ്രസിനുള്ള ലക്ഷ്യം. ഇത് രണ്ടാം സ്ഥാനത്തേക്കോ ഒരു പക്ഷേ അപ്രതീക്ഷിത അട്ടിമറിയിലേക്കോ കാര്യങ്ങൾ എത്തിക്കും. മുസ്‌ലിം വോട്ടർമാർ എത്രത്തോളം കോൺഗ്രസിനെ വിശ്വസിക്കുമെന്നതും നിർണായകമാണ്. മുസ്‌ലിം വോട്ടുകൾ കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ അത് മറ്റ് സംസ്ഥാനങ്ങളിലും ഉറപ്പായി പ്രതിഫലിക്കും.
2020 ലെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ദൽഹിയിൽ കളമൊരുങ്ങുന്നത്. ആം ആദ്മിയും കോൺഗ്രസും ബി.ജെ.പിയും ശക്തമായ പോരാട്ടം കാഴ്ച വെക്കാനുള്ള ഒരുക്കത്തിലാണ്. ആം ആദ്മിയുടെ രണ്ടാം  വരവ് പ്രവചിക്കുന്നതാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ബി.ജെ.പിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. 15 വർഷം തുടർച്ചയായി ദൽഹി ഭരിച്ച കോൺഗ്രസിന് ഇത്തവണത്തേത് ജീവന്മരണ പോരാട്ടമാണ്. 
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഒന്നിന് പിറകെ ഒന്നായി തിരിച്ചടികളാണ് ബി.ജെ.പിക്ക് മുന്നിലെത്തുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ പല നേതാക്കളും വീണ്ടും സ്വന്തം പാളയങ്ങളിലേക്ക് മടങ്ങുകയാണ്. ഏറ്റവും ഒടുവിലായി ബി.ജെ.പി വിടാൻ ഒരുങ്ങുകയാണ് ദൽഹിയിലെ പ്രമുഖ ദളിത് നേതാവായ രാജ്കുമാർ ചൗഹാൻ. 
 കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്കുമാർ ചൗഹാൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തുന്നത്. ദൽഹിയിലെ മുൻ മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ വരവ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിരുന്നു. 1993 മുതൽ 2013 വരെ തുടർച്ചയായ നാല് തവണ മംഗൾപൂരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള എം.എൽ.എ ആയിരുന്നു രാജ്കുമാർ ചൗഹാൻ. ഷീലാ ദീക്ഷിത് സർക്കാറിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള രാജ്കുമാർ ചൗഹാനെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. 
ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ചൗഹാൻ മെയ് മാസത്തിൽ ബി.ജെ.പിയിൽ ചേർന്നു. രാജ്കുമാർ ചൗഹാൻ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഉടൻ കോൺഗ്രസിലേക്ക് തിരികെപ്പോകുമെന്ന് വ്യക്തമാക്കിയത്. 'കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ ഓഫീസിൽ നിന്നും എനിക്ക് ഫോൺ വന്നു, സോണിയാജിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിക്ക് വേണ്ടി  പ്രവർത്തിച്ചുകൂടെയെന്ന് എന്നോട് ചോദിച്ചു'. സോണിയാജി ചോദിച്ചാൽ അവരോട് പറ്റില്ലെന്ന് പറയാൻ എനിക്ക് സാധിക്കില്ല. ആറ് തെരഞ്ഞെടുപ്പുകളിൽ പാർട്ടി എന്നെ മത്സരിപ്പിച്ചു, 3 തവണ മന്ത്രിയാക്കി' -രാജ്കുമാർ ചൗഹാൻ പറഞ്ഞു. രാജ്കുമാർ ചൗഹാന്റെ മടങ്ങിപ്പോക്ക് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. നാല് തവണ എം.എൽ.എ ആയി വിജയിച്ച മംഗോൾപുരിയിൽ നിന്നും തന്നെ രാജ്കുമാർ ചൗഹാനെ ഇത്തവണ സ്ഥാനാർത്ഥിയാക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടന പത്രിക തയാറാക്കാനുള്ള സമിതിയുടെ കൺവീനറായിരുന്നു രാജ്കുമാർ ചൗഹാൻ. കോൺഗ്രസ് ടിക്കറ്റിൽ ചൗഹാൻ ഇവിടെ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ദില്ലി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയെ അറിയിച്ചിട്ടുണ്ടെന്ന് രാജ്കുമാർ ചൗഹാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് രാജ്കുമാർ ചൗഹാൻ വ്യക്തമാക്കിയതിനെ പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടുന്നില്ലെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രി കൃഷ്ണ തിരാത്തും കഴിഞ്ഞ വർഷം കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കളിലൊരാൾക്ക് സീറ്റ് നൽകണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം അന്ന് പാർട്ടി വിട്ടത്. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയ അരവിന്ദർ സിംഗ് ലൗവ്‌ലിവും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിലെ ഏഴ്  സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി നേരിടേണ്ടി വന്നു. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് അധികാരം നഷ്ടമായി. 
ഹരിയാനയിൽ ജെ.ജെ.പിയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ ദൽഹി  തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് നിർണായകമാണ്. രാഷ്ട്രീയമാണ്, അത്ഭുതങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. 

Latest News