Sunday , February   23, 2020
Sunday , February   23, 2020

എം.എൻ.വിജയന്റെ കൈവിടാതെ ഒരാൾ

അധിനിവേശ ശക്തികൾക്കെതിരായ കേരളത്തിന്റെ ആശയപരമായ പോരാട്ടത്തിന്റെ മുൻനിരയിൽനിന് ഒരു പോരാളി അകാലത്ത് യാത്രയായി.  വെള്ളിയാഴ്ച രാവിലെ 8.10 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഐ.വി ബാബു എന്ന യുവ പത്രപ്രവർത്തകൻ അപ്രതീക്ഷിതമായി വിട പറഞ്ഞു. 
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സി.പി.എമ്മിന്റെ സാംസ്‌കാരിക മുഖപത്രത്തിന്റെ തലപ്പത്തിരുന്നുകൊണ്ടാണ് അധിനിവേശ ശക്തികൾ മാരീചന്മാരെപ്പോലെ വീണ്ടും കടന്നുവരുന്നതിനെപ്പറ്റി എം.എൻ. വിജയൻ മാസ്റ്റർ സംസാരിച്ചു തുടങ്ങിയത്.  അതൊരു അധിനിവേശ പ്രതിരോധ പ്രസ്ഥാനമായി.  ഇടതുപക്ഷത്തിനകത്ത് ആശയപരവും രാഷ്ട്രീയവുമായ ചർച്ച വളർത്തി.  ഇന്ന് അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികളുമായി ചേർന്ന് അധിനിവേശ ശക്തികൾ ഇന്ത്യ തന്നെ കീഴടക്കാൻ ശ്രമിക്കുന്നു. അതിനെതിരായ പോരാട്ടത്തിൽ ഇടതു പാർട്ടികൾ തന്നെ മുൻനിന്നു പൊരുതുമ്പോഴാണ് ഐ.വി. ബാബു എന്ന അമ്പത്തിനാലുകാരന്റെ വിയോഗം എന്തൊരു നഷ്ടമാണെന്ന് പറയേണ്ടിവരുന്നത്.
ഐ.വി. ബാബു ഇനി നമ്മൾക്കൊപ്പമില്ല എന്ന വിവരം കോഴിക്കോട് ആശുപത്രിയിൽനിന്നു ലഭിച്ചതിനു പിറകെ തൃശൂരിൽനിന്ന് മറ്റൊരു ഫോൺ വന്നു.  ബാബുവിനൊപ്പം ദേശാഭിമാനിയിൽ പ്രവർത്തിച്ച ഇടതുപക്ഷ എഴുത്തുകാരനും പ്രസാധകനുമായ ജോജിയുടെ: 
'ബാബുവിന്റെ വിവരം അറിഞ്ഞോ?' ചോദിച്ചു തീരും മുമ്പു തന്നെ കൊച്ചുകുട്ടിയെപ്പോലെ അയാൾ വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി.  വികാരം നിയന്ത്രിക്കാനായ ശേഷം വീണ്ടും ജോജി വിളിച്ചു.  കഴിഞ്ഞ തവണത്തെ എം.എൻ. വിജയൻ അനുസ്മരണ ചടങ്ങിൽ ഐ.വി. ബാബു പറഞ്ഞത് പ്രത്യേകം ഓർമിച്ചു: 'ജോജിയും ഞാനുമൊക്കെ വിജയൻ മാസ്റ്ററുടെ ചാവേറുകളാണ്.  എന്നാൽ വിജയൻ മാസ്റ്റർ പറഞ്ഞതും തുടങ്ങിവെച്ചതുമായ അധിനിവേശ - പ്രതിരോധ സമരം ഇന്ന് രാജ്യമാകെ ഏറ്റെടുത്തിരിക്കുകയാണ്.  ദൽഹിയിലെയും യു.പിയിലെയും സർവകലാശാലകളിലെ വിദ്യാർത്ഥികൾ ആ സമരത്തിന്റെ മുമ്പിലാണ്. അതിനു പിന്നിൽ സി.പി.എമ്മും സി.പി.ഐയും കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അണിനിരക്കുന്നു.  ഈ വലിയ മാറ്റമാണ് നാം കാണേണ്ടത്.'
വിജയൻ മാസ്റ്ററുടെ മരണത്തിന്റെ പന്ത്രണ്ടാം വാർഷികത്തിൽ അധിനിവേശ ശക്തികളുടെ തന്ത്രത്തിലും ഇടപെടലിലും വന്ന മാറ്റങ്ങളിലേക്കും അതിനെതിരായ പ്രതിരോധ പ്രസ്ഥാനത്തിന്റെ രൂപത്തിലും വ്യാപ്തിയിലും വന്ന മാറ്റങ്ങളിലേക്കുമാണ് രാഷ്ട്രീയമായി ഐ.വി. ബാബു ഒരുപക്ഷേ തന്റെ അവസാന പ്രസംഗത്തിൽ വിരൽ ചൂണ്ടിയത്. 
2007 ഒക്‌ടോബർ 3 നായിരുന്നു വിജയൻ മാസ്റ്റർ  ചാനലുകളിലൂടെ തത്സമയം തന്റെ സമര ഭൂമിയിൽനിന്ന് ചിരിച്ചുകൊണ്ട് യാത്രയായത്.  അമേരിക്കൻ സാമ്രാജ്യത്വം നമ്മുടെ പരമാധികാരം കവർന്നെടുക്കാൻ ഗൂഢ ശ്രമങ്ങൾ നടത്തുകയാണെന്നു പറഞ്ഞതിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നൽകിയ മാനനഷ്ടക്കേസ് തള്ളിയ കോടതി വിധി വിശദീകരിക്കാൻ ശ്രമിക്കവേ.  
 ഈ രണ്ടു സംഭവങ്ങൾക്കും ഇടക്കും അതിനു മുമ്പും അധിനിവേശ ശക്തികളുടെ കേരളത്തിലെ രാഷ്ട്രീയ തലത്തിലും ഭരണ തലത്തിലുമുള്ള ഗൂഢനീക്കങ്ങളും അതിനെതിരെ വിജയൻ മാസ്റ്ററെ പോലുള്ളവരുടെ എതിർ നീക്കങ്ങളും അത് ഇടതുപക്ഷത്തെ നയിക്കുന്ന സി.പി.എമ്മിനകത്ത് സൃഷ്ടിച്ച ആശയ സംഘട്ടനങ്ങളും പ്രത്യാഘാതങ്ങളും കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.  വിജയൻ മാസ്റ്റർ പറഞ്ഞതു പോലെ അധിനിവേശ ശക്തികൾക്കു വേണ്ടി ഉപകരണമായി പ്രവർത്തിച്ചവർ വിജയൻ മാസ്റ്റർ മുതൽ ഐ.വി. ബാബു വരെയുള്ളവരെ പാർട്ടി ശത്രുക്കളാക്കി സി.പി.എമ്മിനെ ശുദ്ധീകരിച്ചതിന്റെയും സംരക്ഷിച്ചതിന്റെയും ചരിത്രം.
അതിനു മുമ്പ് ഐ.വി ബാബു എന്ന കമ്യൂണിസ്റ്റ് പോരാളിയെയും തോൽക്കാൻ മനസ്സില്ലാത്ത പത്രപ്രവർത്തകനെയും ചുരുക്കത്തിൽ പരിചയപ്പെടുത്തേണ്ടതുണ്ട്. മലേഷ്യയിലും സിങ്കപ്പുരിലും കൊളോണിയൽ വിരുദ്ധ സമരം നടത്തി നീണ്ട ജയിൽ വാസം അനുഭവിച്ച് 1981 ൽ സിങ്കപ്പുരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായ സി.വി. ദേവൻ നായരുടെയും പത്താം വയസ്സിൽ ആ മകനുമായി മലേഷ്യൻ റബർ തോട്ടത്തിൽ ക്ലർക്കായി കുടിയേറ്റം നടത്തിയ ഐ.വി.കെ. നായരുടെയും കുടുംബ വേരുകളുള്ള തറവാടാണ് തലശ്ശേരിയിൽ ഐ.വി. ദാസിന്റേത്.  സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി വാരികാ പത്രാധിപരും ഗ്രന്ഥശാലാ സംഘം നേതാവും മറ്റുമായിരുന്ന പാനൂരിലെ സി.പി.എം പടനായകൻ.  എ.കെ.ജിയുടെ ജനപ്രിയ സ്വഭാവങ്ങൾ സ്വന്തം ജീവിതത്തിൽ പരമാവധി മാതൃകയാക്കാൻ ശ്രമിച്ചിരുന്ന ഐ.വി. ദാസിന്റെ  ഏക മകനായിരുന്നു ഐ.വി ബാബു. 
മകനെ തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർത്തപ്പോൾ അവിടെ പ്രമുഖ അധ്യാപകനായിരുന്ന വിജയൻ മാസ്റ്ററെ കണ്ട് ഐ.വി. ദാസ് പറഞ്ഞു: 'ബാബുവിനെ കൈയിൽ ഏൽപിക്കുന്നു.'  
'ഞങ്ങളെ ഇവരുടെയൊക്കെ കൈയിലല്ലേ ഏൽപിക്കേണ്ടത്?' മാഷ് സ്വതഃസിദ്ധമായി ചിരിച്ചുകൊണ്ടു പറഞ്ഞു. 
ചെന്നൈയിൽ ബിരുദാനന്തര പഠനം കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ ഐ.വി. ബാബു ദേശാഭിമാനി പത്രത്തിൽ ചേർന്നു. അങ്ങനെ വിജയൻ മാസ്റ്ററുടെ കൈകളിലേക്ക് ഒരിക്കൽ കൂടി ബാബു എത്തി.  
വാരികയുടെ വർക്കിംഗ് എഡിറ്ററായിരുന്ന സിദ്ധാർത്ഥൻ പരുത്തിക്കാടിനെ സഹായിക്കാൻ ബാബുവിനെ കൂടി   നിയോഗിച്ചപ്പോൾ. വിജയൻ മാസ്റ്റർ കൊടുങ്ങല്ലൂരിലെ  'കരുണ'യിൽനിന്ന് ആഴ്ചയിൽ ഒരിക്കൽ വന്ന് ആസൂത്രണത്തിലും തീരുമാനങ്ങളിലും നേതൃത്വം നൽകുകയായിരുന്നു. 
കേരളത്തിലെ രാഷ്ട്രീയ - സാമ്പത്തിക - ഭരണ മേഖലകളിൽ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന രഹസ്യമായ ഇടപെടൽ സംബന്ധിച്ച വിജയൻ മാസ്റ്ററുടെയും പാഠത്തിന്റെയും  തുറന്നുകാട്ടലുകൾ സി.പി.എം സംസ്ഥാന നേതൃത്വത്തിന്  സഹിക്കാനായില്ല.     സി.ഐ.എ കഴിഞ്ഞ അര നൂറ്റാണ്ടു കാലം പ്രവർത്തിച്ചിട്ടും കഴിയാതിരുന്ന വിധത്തിലുള്ള ആശയക്കുഴപ്പമാണ് എം.എൻ. വിജയൻ സൃഷ്ടിക്കുന്നതെന്നു വരെ വിമർശനമുണ്ടായി. 
 2005 ഫെബ്രുവരിയിൽ മലപ്പുറത്തു ചേർന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പ്   മാതൃഭൂമി പത്രത്തിൽ എം.എൻ. വിജയൻ എഴുതിയ 'അരവും കത്തിയും' വിവാദം കത്തിച്ചു. ചായ കുടിച്ചും ഭംഗിവാക്കു പറഞ്ഞും പിരിയാനുള്ളതല്ല പാർട്ടി സമ്മേളനങ്ങളെന്നതായിരുന്നു വിമർശനം. ഒടുവിൽ  വോട്ടെടുപ്പു നടന്ന സമ്മേളനത്തിൽ വീണ്ടും നേതൃത്വത്തിലെത്തിയ സെക്രട്ടറി വൈകാതെ ആവശ്യപ്പെട്ടത്  ഗുരുനാഥൻ കൂടിയായ വിജയൻ മാസ്റ്ററുടെ പത്രാധിപ സ്ഥാനത്തുനിന്നുള്ള രാജിയാണ്.
ആശയപരമായും സംഘടനാപരമായും സി.പി.എം  കലങ്ങിമറിഞ്ഞ ആ ദിവസങ്ങളിൽ ദിനപത്രത്തിൽ കൊച്ചിയിലായിരുന്നു ഐ.വി ബാബു.  തന്റെ ചുമതല കൃത്യമായും പ്രാഗത്ഭ്യത്തോടെയും നിർവഹിച്ചു. എങ്കിലും ആശയപരമായി വിജയൻ മാസ്റ്ററുടെയും പാർട്ടിയിലെ സമാന മനസ്‌കരുടെയും ഒപ്പമായിരുന്നു ബാബു.  ദേശാഭിമാനിയിൽ പേന ഉന്തുന്നവരെല്ലാം വിജയൻ മാസ്റ്റർക്കെതിരെ ലേഖനമെഴുതി. അക്ഷരമറിയാവുന്ന പു.ക.സക്കാരെക്കൊണ്ടും മാസ്റ്റർക്കെതിരെ എഴുതിച്ചു.  ആ രാഷ്ട്രീയ കൊലവിളിയിൽനിന്ന് ബാബു മാത്രം മാറിനിന്നു.
ഒരു വർഷത്തോളം നിരീക്ഷിച്ചിട്ടും ബാബു വധത്തിനു വേണ്ട തെളിവുകൾ കിട്ടിയില്ല. ഒടുവിൽ ഐ.വി. ബാബുവിന്റെ അക്കൗണ്ടുള്ള വടകരയിലെ സഹകരണ ബാങ്കിലെ ഗസ്റ്റപ്പോ ആണ് സഹായിച്ചത്. ദേശാഭിമാനി വിട്ട ജി. ശക്തിധരൻ തുടങ്ങിയ 'ജനശക്തി' വാരികയിൽനിന്നയച്ച ചെറിയൊരു തുകയുടെ ചെക്ക് ബാബുവിന്റെ അക്കൗണ്ടിൽ മാറിയതായിരുന്നു ആയുധം. 
പാർട്ടി ശത്രുക്കളെ രഹസ്യമായി സഹായിച്ചെന്ന കുറ്റം ചുമത്തി ഐ.വി. ബാബുവിനെ സി.പി.എം പുറത്താക്കി.  അതിന്റെ പേരിൽ ദേശാഭിമാനിയുടെ പടിക്കു പുറത്ത്. സ്‌കൂളിൽ പഠിക്കുന്ന രണ്ടു മക്കളും ഭാര്യയും പാനൂരിലെ വീട്ടിൽ കഴിയുന്ന വൃദ്ധരായ അമ്മയെയും അവരുടെ സഹോദരിയെയും സംരക്ഷിക്കേണ്ട ചുമതലയുള്ള ആ ചെറുപ്പക്കാരനെ തെരുവാധാരമാക്കി.
ബാബു നേരെ പോയത് കൊടുങ്ങല്ലൂരിൽ കരുണയിലേക്കാണ്. ബാബുവിനെ യാത്രയാക്കിയ ശേഷം വിജയൻ മാസ്റ്റർ ഫോണിൽ വിളിച്ചത് ഇന്ത്യൻ എക്‌സ്പ്രസിന്റെ പ്രസിദ്ധീകരണമായ മലയാളം വാരിക പത്രാധിപർ എസ്. ജയചന്ദ്രൻ നായരെയാണ്. 'ഐ.വി ബാബുവിന് പണിയില്ല. കൊടുക്കണം' പറഞ്ഞ് മാഷ് ഫോൺ വെച്ചു. അങ്ങനെ ഐ.വി ബാബു മലയാളം വാരികയിൽ. വാരിക കുറേക്കൂടി മെച്ചപ്പെടുത്താൻ പങ്കുവഹിച്ച ആ കര്യൂണിസ്റ്റ് പത്രപ്രവർത്തകന് താൻ കഴിഞ്ഞാലുള്ള അധികാരവും പദവിയും ജയചന്ദ്രൻ  നായർ കൊടുത്തു. അത് അവിടെയും ആഭ്യന്തര പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ജയചന്ദ്രൻ നായർ രാജിവെച്ചപ്പോൾ ഐ.വി. ബാബുവിന് അവിടെ അധികം പിടിച്ചുനിൽക്കാനായില്ല. പിന്നീട് തെക്കൻ കേരളത്തിലെ ഒരു പത്രത്തിന്റെ ചുമതലക്കാരൻ. അതിൽനിന്നും രാജി. പുതുതായി കോഴിക്കോട്ട് തുടങ്ങിയ ഒരു സായാഹ്ന ദിനപത്രത്തിൽ ചേർന്നു. കഴിഞ്ഞ ഡിസംബർ 31 ന് സായാഹ്ന പത്രത്തിൽനിന്നും രാജിക്കത്തു കൊടുത്ത് ബാബുവിന് ഇറങ്ങേണ്ടിവന്നു. 
അഞ്ചു ദിവസം മുമ്പ് കോഴിക്കോട്ടെ ആശുപത്രിയിൽ സാധാരണ പോലെ ഡോക്ടറെ കാണാൻ പോയതാണ്. പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ അഡ്മിറ്റാകണമെന്ന് നിർദേശിച്ചു.  വിവരം ബാബു തന്നെയാണ് മറ്റുള്ളവരെ അറിയിച്ചത്. എന്തെങ്കിലും ഗൗരവ പ്രശ്‌നമുള്ളതായി നേരിലും ഫോണിലും സംസാരിച്ചവർക്ക് അനുഭവപ്പെട്ടില്ല.
പിറ്റേന്ന് പരിശോധനാഫലം വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു.  കരളിന്റെ പ്രവർത്തനം തകരാറിലാണ്.  കരൾമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ചർച്ച നടക്കുന്നതിനിടയിൽ സ്ഥിതി മൂർഛിച്ചു.  ആദ്യം ഐ.സി.യുവിൽ.  വൃക്കയുടെ പ്രവർത്തനത്തെയും ബാധിച്ചു.  പെട്ടെന്നു വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിയും വന്നു.  അടിയന്തര ഡയാലിസിസും നടത്താൻ പറ്റിയില്ല. ജനമനസ്സുകളിൽ ആശയങ്ങളുടെ പോരാളിയായി നിറഞ്ഞുനിന്നിരുന്ന ബാബു മരണത്തിനു കീഴ്‌പ്പെട്ടു.
ബാബുവിന്റെ ജീവിതത്തെ അടുത്തുനിന്നു വീക്ഷിച്ച ഒരാളെന്ന നിലയ്ക്ക് ആ ജീവിതത്തിന്റെ പ്രത്യേകത ഒറ്റ വാചകത്തിൽ പറയാം. സാഹിത്യമായാലും കമ്യൂണിസമായാലും പത്രപ്രവർത്തനമായാലും എല്ലാറ്റിലേക്കും അങ്ങോട്ടു ചെന്ന് ബാബു ലയിക്കുകയായിരുന്നു, ഒടുവിൽ മരണത്തോടു പോലും. 
മറ്റൊരു പ്രത്യേകത ഇടതുപക്ഷമടക്കം എല്ലാ വിഭാഗവുമായും അടുത്ത സ്‌നേഹ ബന്ധമായിരുന്നു. സി.പി.എം പുറത്താക്കിയിട്ടും പാർട്ടിക്കാർക്കെല്ലാം ബാബു ഇഷ്ടക്കാരനായിരുന്നു. വിജയൻ മാസ്റ്ററുടെ രാഷ്ട്രീയ കൈയിലെ പിടിത്തം ബാബു അവസാനം വരെ വിട്ടില്ല. അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങായാലും ടി.പി വധത്തെ തുടർന്നുള്ള രാഷ്ട്രീയ മുന്നേറ്റമായാലും എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന പ്രസന്നതയുടെ മുഖവും ശബ്ദവുമായിരുന്നു ബാബു.  
മലയാളികൾ ഉള്ളിടത്തെല്ലാം ഇത്രയേറെ വ്യക്തിബന്ധങ്ങൾ പുലർത്താൻ കഴിഞ്ഞ ഒരു പത്രപ്രവർത്തകൻ കേരളത്തിൽ അപൂർവമായിരിക്കും. ഇത്രയും കാമ്പുള്ള രാഷ്ട്രീയവും നിലപാടുമുള്ള പത്രപ്രവർത്തകരും ദുർലഭമായിരിക്കും. 
ഐ.വി. ബാബുവിന്റെ അകാല വേർപാട് ഈ ഘട്ടത്തിൽ ഇടതുപക്ഷ പുരോഗമന മതനിരപേക്ഷ കേരളത്തിന് മഹാനഷ്ടമാണ്. വൃദ്ധയായ അമ്മക്കും സ്‌നേഹവത്സലയായ ഭാര്യക്കും കുട്ടികൾക്കും മറ്റു കുടംബാംഗങ്ങൾക്കുമുണ്ടായ ഞെട്ടിക്കുന്ന തീവ്രമായ വേർപാടിലും ദുഃഖത്തിലും പങ്കുചേരുന്നു.
 

Latest News