കശ്മീരില്‍ പ്രീപെയ്ഡ് മൊബൈലുകളില്‍ കോളുകള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗര്‍-  ജമ്മു കശ്മീരില്‍ പ്രാദേശിക പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ വോയ്‌സ് കോളുകളും എസ്എംഎസ് സൗകര്യവും പുനഃസ്ഥാപിച്ചു. രണ്ട് ജില്ലകളില്‍ 2 ജി ഇന്റര്‍നെറ്റ് കണക്ഷനും പുനസ്ഥാപിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ കൃത്യമായി അവലോകനം ചെയ്തതിനു ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. ഉത്തരവ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട്  കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷമാണ്  ഫോണ്‍, ഇന്റര്‍നെറ്റ് കണക് ഷനുകള്‍ വിഛേദിച്ചിരുന്നത്.

ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ച മൊബൈല്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍, ട്രാവല്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും അനുവദിച്ചിട്ടുണ്ട്.


ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഈ മാസം പത്തിന് വ്യക്തമാക്കിയതിനു ശേഷമാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുന്ന നടപടി ജമ്മു കശ്മീര്‍ ഭരണകൂടം ആരംഭിച്ചത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ എല്ലാ ഉത്തരവുകളും ഒരാഴ്ചയ്ക്കുള്ളില്‍ അവലോകനം ചെയ്യണമെന്നും ജമ്മു കശ്മീര്‍ ഭരണകൂടത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

 

Latest News