Sorry, you need to enable JavaScript to visit this website.

സൗദിയിലെ ആഭ്യന്തര സർവീസുകളിൽ മൂന്നിലൊന്ന് സീറ്റുകൾ കാലി

റിയാദ് - കഴിഞ്ഞ വർഷം സൗദിയിൽ വ്യത്യസ്ത ഗതാഗത സംവിധാനങ്ങളിൽ ആഭ്യന്തര സർവീസുകളിൽ മൂന്നിലൊന്ന് സീറ്റുകൾ കാലിയായിരുന്നെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര സർവീസുകളിൽ 64 ശതമാനം സീറ്റുകളിലാണ് യാത്രക്കാരുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ആഭ്യന്തര സർവീസുകളിൽ ആകെ 12,08,25,965 സീറ്റുകളാണുണ്ടായിരുന്നത്. ഇതിൽ 7,73,48,657 സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നു. 4,34,77,308 സീറ്റുകൾ കാലിയായിരുന്നു. 
അന്താരാഷ്ട്ര സർവീസുകളിൽ 80.2 സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നു. അന്താരാഷ്ട്ര സർവീസുകളിൽ ആകെ 6,10,24,202 സീറ്റുകളാണുണ്ടായിരുന്നത്. ഇതിൽ 5,45,29,370 സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നു. ആഭ്യന്തര സർവീസുകളിൽ സീറ്റ് ലഭ്യതയിൽ യാത്രക്കാരുടെ അനുപാതം ഏറ്റവും കൂടുതൽ ട്രെയിനുകളിലായിരുന്നു. ട്രെയിനുകളിൽ 92 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. സൗദിയിൽ ട്രെയിനുകൾ ആഭ്യന്തര സർവീസുകൾ മാത്രമാണ് നടത്തുന്നത്. 
തീവണ്ടികളിൽ ആകെ ലഭ്യമായ 24,00,123 സീറ്റുകളിൽ 22,23,143 യാത്രക്കാരുണ്ടായിരുന്നു. കര ഗതാഗത സംവിധാനങ്ങളിൽ ആഭ്യന്തര സർവീസുകളെ അപേക്ഷിച്ച് അന്താരാഷ്ട്ര സർവീസുകളിലാണ് സീറ്റ് ലഭ്യതയിൽ യാത്രക്കാരുടെ അനുപാതം കൂടുതൽ. അന്താരാഷ്ട്ര സർവീസുകളിൽ 84.9 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര കര ഗതാഗത സർവീസുകളിൽ ആകെ 60,14,235 സീറ്റുകളാണ് ലഭ്യമായത്. ഇതിൽ 51,42,114 സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നു. ആഭ്യന്തര കര ഗതാഗത സർവീസുകളിൽ സീറ്റ് ലഭ്യതയിൽ യാത്രക്കാരുടെ അനുപാതം 60.6 ശതമാനമാണ്. കഴിഞ്ഞ കൊല്ലം ആഭ്യന്തര കര ഗതാഗത സർവീസുകളിൽ ആകെ 4,24,59,533 സീറ്റുകൾ ലഭ്യമായി. ഇതിൽ 2,57,25,836 പേർ യാത്ര ചെയ്തു. 
മറ്റു ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് സമുദ്ര ഗതാഗത സംവിധാനത്തിലാണ് സീറ്റ് ലഭ്യതയിൽ യാത്രക്കാരുടെ അനുപാതം ഏറ്റവും കൂടുതലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര കപ്പൽ സർവീസുകളിൽ 88.9 ശതമാനം സീറ്റുകളിലും പ്രാദേശിക കപ്പൽ സർവീസുകളിൽ 85.7 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. അന്താരാഷ്ട്ര കപ്പൽ സർവീസുകളിൽ 9,11,422 സീറ്റുകളാണ് ലഭ്യമായത്. ഇതിൽ 8,55,100 പേർ യാത്ര ചെയ്തു. ആഭ്യന്തര കപ്പൽ, ബോട്ട് സർവീസുകളിൽ 7,00,565 സീറ്റുകൾ ലഭ്യമായി. ഇതിൽ 6,33,788 സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നു. 
വ്യോമഗതാഗത മേഖലയിൽ അന്താരാഷ്ട്ര സർവീസുകളിലായിരുന്നു യാത്രക്കാരുടെ അനുപാതം കൂടുതൽ. അന്താരാഷ്ട്ര വിമാന സർവീസുകളിൽ 80.2 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം ആകെ 6,10,24,202 സീറ്റുകളാണ് അന്താരാഷ്ട്ര വിമാന സർവീസുകളിൽ ലഭ്യമായത്. ഇതിൽ 4,55,29,146 സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നു. ആഭ്യന്തര വിമാന സർവീസുകളിൽ സീറ്റ് ലഭ്യതയിൽ യാത്രക്കാരുടെ അനുപാതം 64.8 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ആഭ്യന്തര സർവീസുകളിൽ ആകെ 7,52,65,744 സീറ്റുകളാണ് ലഭ്യമായത്. ഇതിൽ 4,87,65,890 പേർ യാത്ര ചെയ്തതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
 

Latest News