Sorry, you need to enable JavaScript to visit this website.

അറാറിൽ അപകടത്തിൽ മരിച്ച ജ്യോതി മാത്യുവിന്റെ മൃതദേഹം  നാളെ നാട്ടിൽ സംസ്‌കരിക്കും

ജ്യോതി

അറാർ- അറാർ അപകടത്തിൽ മരിച്ച നഴ്‌സ് ജ്യോതി മാത്യുവിന്റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് അയച്ചു. ഇന്ന് പുലർച്ചെ നാട്ടിലെത്തിയ മൃതദേഹം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവല്ല പള്ളിയിൽ സംസ്‌കരിക്കും. സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിൽ നിന്ന് 150 കിലോമീറ്റർ അകലെ ഒഖീല എന്ന സ്ഥലത്ത് ഡിസംബർ 25 നുണ്ടായ വാഹനാപകടത്തിലാണ് തിരുവല്ല പായിപ്പാട് ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (31) മരണപ്പെട്ടത്. 

മൃതദേഹം അറാർ പ്രവാസി സംഘം പ്രവർത്തകർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ 22 ദിവസമായി ഒഖീല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പുലർച്ചെ 4.30 ന് അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗങ്ങളായ ബക്കർ കരിമ്പ, സക്കീർ താമരത്ത്, അക്ബർ അങ്ങാടിപ്പുറം, കേന്ദ്ര കമ്മിറ്റി അംഗം അനു കോട്ടയം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി 6 മണിക്ക് അറാർ എയർപോർട്ടിൽ എത്തിച്ചു.
ഒഖീല ആശുപത്രിയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി നിറ കണ്ണീരോടെയാണ് തങ്ങളുടെ കൂട്ടുകാരിയെ യാത്രയാക്കിയത്.
അറാർ എയർപോർട്ടിൽ അറാർ പ്രവാസി സംഘം ഭാരവാഹികളും,  പ്രവർത്തകരും ഉണ്ടായിരുന്നു. അറാർ പ്രവാസി സംഘം 150 ലധികം മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ അയച്ചിട്ടുണ്ട്. എങ്കിലും ഇത് ആദ്യമായിട്ടാണ് ഒരു വനിതയുടെ മൃതദേഹം നാട്ടിൽ അയക്കുന്നത്.  നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവല്ല കുറ്റപ്പുഴ അണ്ണവട്ടം എബനേസർ മാർത്തോമാ പള്ളിയിൽ സംസ്‌കരിക്കും.
മൂന്നു വർഷമായി ഒഖീല ഡിസ്‌പെൻസറിയിൽ ജോലി ചെയ്തു വരികയായിരുന്നു ജ്യോതി. ഇതിനിടയിൽ ഡിസ്‌പെൻസറിയിൽ നിന്നും കുറച്ചകലെ ഒരു ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് കഴിഞ്ഞ് ഡോക്ടർക്കൊപ്പം തിരികെ വരുമ്പോൾ വാഹനത്തിന്റെ മുൻഭാഗത്തെ ടയർ പൊട്ടി മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. ജോലിയുടെ കോൺട്രാക്ട് രണ്ടു മാസം കൂടിയുള്ളത് അവസാനിച്ചാൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു എന്ന് സഹപ്രവർത്തകർ പറഞ്ഞു.  അതിനിടയിൽ ആണ് ദാരുണമായ അന്ത്യം സംഭവിച്ചത്. കോയിക്കൽ മാത്യു-തെയ്യമ്മ ദമ്പതികളുടെ മകളാണ് മരണപ്പെട്ട ജ്യോതി മാത്യു. മക്കളില്ല.

Latest News