ഒന്നര വയസുകാരന്‍ നടുറോഡില്‍; മീന്‍ലോറിക്കാര്‍ രക്ഷപ്പെടുത്തിയത് തലനാരിഴ വ്യത്യാസത്തില്‍

കൊല്ലം- ദേശീയപാതയില്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ എത്തിയ ഒന്നരവയസുള്ള കുരുന്ന് നടുറോഡില്‍ നിന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.കൊല്ലം പാരിപ്പള്ളിക്ക് സമീപമാണ് സംഭവം. റോഡില്‍ നിന്ന് ഇരുപത് മീറ്റര്‍ മാത്രം അകലെയാണ് കുഞ്ഞിന്റെ വീട്.രാവിലെ പിതാവിനൊപ്പം വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഒന്നരവയസുകാരന്‍ റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.ദേശീയപാതയുടെ നടുവിലെത്തിയപ്പോഴാണ്  എതിരെ തിരുവനന്തപുരത്തേക്ക് പോകുയാിയരുന്ന മീന്‍വണ്ടി വന്നത്. അവര്‍ കുഞ്ഞിനെ കണ്ടതും വണ്ടി റോഡിന് കുറുകെ നിര്‍ത്തിയിടുകയായിരുന്നു. വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായി ഓടിയിറങ്ങി കുഞ്ഞിനെ വാരിയെടുത്തു. റോഡിന്റെ ഇരുഭാഗങ്ങളിലേക്കുമുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുകയും ചെയ്തു. വാഹനങ്ങളുടെ ഹോണടി കേട്ട് അപകടം നടന്നതാകാമെന്ന് കരുതിയെങ്കിലും കുഞ്ഞ് പുറത്തുപോയ വിവരം അപ്പോഴും വീട്ടുകാര്‍ അറിഞ്ഞില്ല. പിന്നീടാണ് ഇവര്‍ കാര്യം തിരിച്ചറിഞ്ഞത്. കുട്ടിയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചുലഭിച്ച സമാധാനത്തിലാണ് മാതാപിതാക്കള്‍.

Latest News