Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ടിനെയും സമാന സംഘടനകളേയും നിരോധിക്കാന്‍ നടപടി തുടങ്ങി- കര്‍ണാടക മന്ത്രി

ബെംഗളൂരു- കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിലും അക്രമ സംഭവങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയ്ക്ക് പങ്കുണ്ടെന്നും ഇവയെ നിരോധിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായും  ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പി.എഫ്.ഐ, എസ്.ഡി.പി.ഐ എന്നിവയ്ക്കൊപ്പം മറ്റ് ചില സംഘടനകളും നിരോധനം നേരിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയെ നിരോധിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെളിവുകള്‍ ശേഖരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത്തരം തെളിവുകളും സാമഗ്രികളും സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ ഉചിതമായ നടപടികള്‍ക്കായി കേന്ദ്രത്തിനു കൈമാറും.

ഞങ്ങള്‍ക്ക് ലഭിക്കുന്ന തെളിവുകളുടെ സ്വഭാവമനുസരിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച്  നിയമവകുപ്പുമായി കൂടിയാലോചന നടത്തും- ബൊമ്മൈ പറഞ്ഞു. സിമി പോലുള്ള നിരോധിത തീവ്രവാദ സംഘടനകളുടെ രാഷ്ട്രീയ മുഖങ്ങളായി പിഎഫ്‌ഐയെയും എസ്ഡിപിഐയെയും വിശേഷിപ്പിച്ച ആഭ്യന്തരമന്ത്രി, പേര് മാറ്റിക്കൊണ്ട് വീണ്ടും ഉയര്‍ന്നുവരാന്‍ സിമി ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

കഴിഞ്ഞ എട്ട് വര്‍ഷമായി ഈ സംഘടനകള്‍ കര്‍ണാടകയില്‍  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്നാട് പോലീസും കേന്ദ്ര ക്രൈംബ്രാഞ്ചും (സിസിബി) ബെംഗളൂരുവില്‍ ഭീകര ഗ്രൂപ്പുകളെ തകര്‍ത്തതാണ്  ഈ സംഘടനകളെ നിരോധിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഈ സംഘടനകള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാരും നടപടി ശക്തമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

 

 

 

 

Latest News