നിര്‍ത്തിയിട്ട കാറില്‍ സ്ത്രീ അവശനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

അടിമാലി- ഇടുക്കിയില്‍ നിര്‍ത്തിയിട്ട കാറില്‍ പ്രായമായ സ്ത്രീയെ അവശനിലയില്‍ കണ്ടെത്തി. മാനന്തവാടി കാമ്പാട്ടി വെണ്‍മണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി(63)യെയാണ്  കല്ലാര്‍കുട്ടി റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതല്‍ ഈ വാഹനം കല്ലാര്‍കുട്ടി റോഡില്‍ പാല്‍ക്കോ പമ്പിനുസമീപം പാര്‍ക്കുചെയ്തിരിക്കയായിരുന്നു.


വെള്ളിയാഴ്ച ഓട്ടോ ഡ്രൈവര്‍മാരാണ് കാറിനകത്ത് സ്ത്രീയെ അവശനിലയില്‍.  പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് മാത്യുവിനൊപ്പമാണ് ഇവിടെ എത്തിയതെന്ന് പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ കാര്‍ പാര്‍ക്കുചെയ്ത് ഭര്‍ത്താവ് പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോയെന്നാണ് ഇവര്‍ പറയുന്നത്. പോലീസും നാട്ടുകാരും തിരഞ്ഞെങ്കിലും മാത്യുവിനെ കണ്ടെത്താനായിട്ടില്ല.

കാറിന്റെ പിന്‍സീറ്റില്‍ വീട്ടുസാധനങ്ങളാണ്. ൈലലാമണി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. വാഹനത്തില്‍നിന്ന് പാസ് ബുക്കും, ഒരു മൊബൈല്‍ ഫോണും കണ്ടെത്തി. ഈ ഫോണില്‍നിന്ന്, ഭര്‍ത്താവിന്റേതെന്ന് സംശയിക്കുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ലൈലാമണിയുടെ ഒരുഭാഗം തളര്‍ന്നനിലയിലാണ്. അടിമാലി പോലീസ് നടത്തിയ അന്വേഷണത്തില്‍, ഇവര്‍ വയനാട് തലപ്പുഴ പോലീസ്സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരാണെന്ന് കണ്ടെത്തി. അവിടെയുണ്ടായിരുന്ന ഭൂമി അടുത്തയിടെ വിറ്റു. ഏതാനുംനാളായി വാടകയ്ക്കാണ് താമസിക്കുന്നത്. അടുത്തയിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുദിവസം മുന്‍പാണ് ഇരുവരെയും നാട്ടുകാര്‍ അവസാനമായി മാനന്തവാടിയില്‍ കണ്ടത്. ഒരു മകന്‍ തിരുവനന്തപുരത്തുണ്ട്. ഇടുക്കി നെടുങ്കണ്ടത്തുള്ള ബന്ധുവീട്ടിലേക്ക് പോയതാകാമെന്ന് പോലീസ് കരുതുന്നു.

 

 

 

 

Latest News