സെന്‍സസും എന്‍.പി.ആറും വിജയിപ്പിക്കാന്‍ കൂടുതല്‍ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യുദല്‍ഹി- ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ചോദ്യാവലിയിലെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെ കുറിച്ചുള്ള ചോദ്യത്തിനു വേണമെങ്കില്‍ മറുപടി നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ കോളം ഒഴിവാക്കാന്‍ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) നിര്‍ദേശം നല്‍കി. എന്‍.പി.ആറിലും ഏപ്രില്‍-സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പ് പ്രക്രിയയിലും ഈ മാറ്റം വരുത്തും.

ആര്‍.ജി.ഐയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിളിച്ചുചേര്‍ത്ത ഒരു ദിവസം നീണ്ട യോഗത്തില്‍ എന്‍.പി.ആറും 2021 സെന്‍സസും സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു.

എന്‍.പി.ആറിന്റേയും സെന്‍സസിന്റേയും ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസന്റേഷനുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സെന്‍സസിന് ആദ്യമായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പും പരിചയപ്പെടുത്തി.
എന്‍.പി.ആറില്‍ മറുപടി നല്‍കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ഒഴിവാക്കാമെന്നും എല്ലാ ചോദ്യങ്ങളും നിര്‍ബന്ധമല്ലെന്നും ആര്‍.ജി.ഐയും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളില്‍നിന്നെത്തിയ പ്രതിനിധികളോട് പറഞ്ഞു.

ക്രമസമാധാനം നിലനിര്‍ത്താന്‍ എന്‍.പി.ആര്‍, സെന്‍സസ് പ്രക്രിയ നിര്‍ത്തിവെക്കണമെന്ന് കേരളവും പശ്ചിമ ബംഗാളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരിലും സമ്മര്‍ദം ചെലുത്തില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഢി പറഞ്ഞു. എന്‍.പി.ആര്‍, സെന്‍സസ് പ്രക്രിയയില്‍ രേഖകകളൊന്നും കാണിക്കേണ്ടതില്ല. ജനങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വിവരങ്ങള്‍ നല്‍കിയാല്‍മതി. ദേശീയ പൗരത്വ രജിസ്റ്ററുമായി ജനസംഖ്യാ രജിസ്റ്ററിനു ബന്ധമില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

 

Latest News