Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതി ചവറ്റുകൊട്ടയിൽ തള്ളും -ചെന്നിത്തല 

കണ്ണൂരിൽ രാഷ്ട്ര രക്ഷാ മാർച്ചിന്റെ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. 

കണ്ണൂർ- കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം, സുപ്രീം കോടതി കൃത്യമായ പരിശോധന നടത്തിയാൽ ചവറ്റുകൊട്ടയിൽ തള്ളുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്ര രക്ഷാ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി ഹരജികളാണ് സുപ്രീം കോടതിക്കു മുമ്പാകെയുള്ളത്. ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം പാസാക്കിയ ഭേദഗതിക്ക് നിയമസാധുത ഇല്ല. 1955 ന് ശേഷം 5 തവണ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഇവയൊന്നും ജാതിയും മതവും അടിസ്ഥാനമാക്കിയായിരുന്നില്ല. എല്ലാവർക്കും തുല്യ അവകാശം എന്ന ഭരണഘടനാ അവകാശത്തെ അട്ടിമറിക്കുന്നതാണ് പുതിയ ഭേദഗതി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് സംഘ പരിവാർ ശക്തികളുടെ സ്വപ്നം. ഇതിനുള്ള അജണ്ടയാണ് ഭേദഗതിയിലൂടെ നടപ്പാക്കാൻ ശ്രമിച്ചത് -ചെന്നിത്തല പറഞ്ഞു.
അസമിൽ നടപ്പാക്കിയത് ഇന്ത്യയിലുടനീളം നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. മതേതരത്വവും ജനാധിപത്യവും തകർത്ത്, ഹിന്ദു  മുസ്‌ലിം ലഹളയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സംഘപരിവാറിന്റെ ശ്രമം. 60 വർഷം കോൺഗ്രസ് ഇന്ത്യ ഭരിച്ചപ്പോഴും മുസ്‌ലിം  ജനവിഭാഗത്തിന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ല. ആറു വർഷം ബി.ജെ.പി ഭരിച്ചപ്പോഴേക്കും തങ്ങൾക്കിവിടെ ജീവിക്കാൻ സാധിക്കുമോ എന്ന് പുതു തലമുറ പോലും ചോദിക്കേണ്ട സാഹചര്യമുണ്ടായി. തങ്ങൾക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യയെ മാറ്റാനാണ് ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസും യു.ഡി.എഫും ഉള്ളിടത്തോളം കാലം ഒരു മുസ്‌ലിം  സഹോദരനു പോലും ഭയപ്പെടേണ്ടി വരില്ല -ചെന്നിത്തല പറഞ്ഞു.
          കേരള സർക്കാറിന്റെ കാപട്യം ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കയാണ്. സെൻസസിന്റെ മറവിൽ എൻ.പി.ആർ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന സംശയം ജനങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. സെൻസസ് ചോദ്യങ്ങളിൽ വന്ന വ്യത്യാസത്തിന് കാരണമെന്തെന്നാണ് സംശയം. ഈ ഉത്തരവ് റദ്ദാക്കാൻ എന്തുകൊണ്ട് തയാറാവുന്നില്ലെന്ന് പിണറായി വ്യക്തമാക്കണം. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അരുതെന്ന് പറയുന്ന കരിനിയമമാണ് പിണറായി ഇവിടെ നടപ്പാക്കുന്നത്. കോഴിക്കോട് കേസ് എങ്ങനെ എൻ.ഐ.എയുടെ കൈകളിലെത്തിയെന്ന് പിണറായി പറയണം  -ചെന്നിത്തല ആവശ്യപ്പെട്ടു.
      പൗരത്വ നിയമത്തിനെതിരെ ചട്ടവും നിയമവും പാലിച്ചു തന്നെയാണ് നിയമസഭ സംയുക്ത പ്രമേയം പാസാക്കിയത്. ഇക്കാര്യം കൃത്യമായി പരിശോധിച്ച് മനസ്സിലാക്കാത്തതാണ് ഗവർണറുടെ പ്രതികരണത്തിന് കാരണം  -ചെന്നിത്തല പറഞ്ഞു.
നേതാക്കളായ കെ.സുധാകരൻ, കെ.സി.ജോസഫ്, സതീശൻ പാച്ചേനി, സണ്ണി ജോസഫ്, കെ.എം.ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
 

Latest News