Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ പാർക്കിംഗ് ഫീസ് വർധന: വിശദീകരണവുമായി ഏവിയേഷൻ അതോറിറ്റി

ജിദ്ദ- കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിലെ പാർക്കിംഗ് ഫീസ് വർധനയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ ന്യായീകരണവുമായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രംഗത്ത്. കാലപ്പഴക്കം, നിർമാണച്ചെലവ്, പ്രവർത്തന ചെലവ്, പാർക്കിംഗ് പ്രവർത്തിപ്പിക്കുന്ന കരാറുകാരന്റെ ചെലവ്, സേവന നിലവാരം എന്നിവ അടക്കം ഓരോ എയർപോർട്ടിലെയും സാഹചര്യങ്ങൾ പഠിച്ചാണ് പാർക്കിംഗ് ഫീസുകൾ നിശ്ചയിക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. 


ജിദ്ദ എയർപോർട്ടിൽ ഇലക്‌ട്രോണിക്, സ്മാർട്ട് ഉപകരണങ്ങൾ വഴി പാർക്കിംഗ് ഫീസ് അടയ്ക്കുന്നവർ മണിക്കൂറിന് അഞ്ചു റിയാൽ തോതിലാണ് നൽകേണ്ടത്. എക്‌സിറ്റ് ഗെയ്റ്റുകളിലെ കൗണ്ടറുകളിൽ പണമായി അടയ്ക്കുന്നവർ പത്തു റിയാൽ തോതിൽ പാർക്കിംഗ് ഫീസ് നൽകണം. സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മാനവ ശേഷി ഉപയോഗം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യത്യസ്ത സ്ലാബിലുള്ള പാർക്കിംഗ് നിരക്കുകൾ നിശ്ചയിച്ചത്. ഹ്രസ്വ സമയത്തേക്ക് നിർത്തിയിടുന്ന വാഹനങ്ങൾക്കും ദീർഘ സമയത്തേക്ക് നിർത്തിയിടുന്ന വാഹനങ്ങൾക്കും പ്രത്യേകം പ്രത്യേകം പാർക്കിംഗുകൾ രൂപകൽപന ചെയ്ത് നിർമിച്ചിട്ടുണ്ട്. ദീർഘ സമയത്തേക്ക് നിർത്തിയിടുന്ന വാഹനങ്ങൾക്കു വേണ്ടി ബഹുനില പാർക്കിംഗ് കോംപ്ലക്‌സ് നിർമിച്ചിട്ടുണ്ട്. ആകെ 8000 ലേറെ കാറുകൾ നിർത്തിയിടുന്നതിന് പാർക്കിംഗുകൾ വിശാലമാണ്. 


സാങ്കേതിക വിദ്യാ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇലക്‌ട്രോണിക്, സ്മാർട്ട് ഉപകരണങ്ങൾ വഴി പാർക്കിംഗ് ഫീസ് അടയ്ക്കുന്നവർക്ക് പരമ്പരാഗത രീതിയിൽ ഫീസ് അടയ്ക്കുന്നവരെ അപേക്ഷിച്ച് പകുതി നിരക്ക് നിശ്ചയിച്ചത്. പാർക്കിംഗിലേക്കുള്ള പ്രവേശനവും പാർക്കിംഗിൽ നിന്നുള്ള പുറത്തുകടക്കലും സാങ്കേതികവിദ്യാ ഉപയോഗം എളുപ്പവും സുഗമവുമാക്കുന്നു. ദീർഘ സമയത്തേക്ക് വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള പാർക്കിംഗിൽ മണിക്കൂറിന് ഒരു റിയാൽ മാത്രമാണ് ഫീസ്. ഒരു ദിവസത്തേക്ക് ഇവിടെ പതിനഞ്ചു റിയാൽ മാത്രം നൽകിയാൽ മതി. 
ഫീസ് ഈടാക്കി നൽകുന്ന വാലെറ്റ് പാർക്കിംഗ്, ഫസ്റ്റ് ക്ലാസ് പാർക്കിംഗ്, ബിസിനസ് ക്ലാസ് പാർക്കിംഗ് സേവനങ്ങൾക്കു പുറമെ പാർക്കിംഗിൽ നിന്ന് ടെർമിനലിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നതിന് സൗജന്യ ഷട്ടിൽ സർവീസും പുതിയ ടെർമിനലിലുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. നേരത്തെ ജിദ്ദ എയർപോർട്ടിൽ മണിക്കൂറിന് മൂന്നു റിയാലായിരുന്നു പാർക്കിംഗ് ഫീസ്. ഇതാണ് പത്തു റിയാലായി ഉയർത്തിയത്. സൗദിയിലെ പ്രധാന എയർപോർട്ടുകളിൽ പാർക്കിംഗ് ഫീസ് ഏറ്റവും കൂടുതൽ ജിദ്ദയിലാണ്. വ്യത്യസ്ത എയർപോർട്ടുകളിൽ പാർക്കിംഗ് ഫീസുകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. 
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ് നടത്തിപ്പ് കരാറേറ്റെടുത്ത സ്വകാര്യ കമ്പനി ജനുവരി ഒന്നു മുതൽ പാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തിയിരുന്നു. പാർക്കിംഗ് ഫീസ് മണിക്കൂറിന് അഞ്ചു റിയാലായാണ് ഉയർത്തിയിരിക്കുന്നത്. മിനിമം പാർക്കിംഗ് ഫീസ് അഞ്ചു റിയാലായതിനാൽ അര മണിക്കൂറും അതിൽ കുറവും നിർത്തിയിടുന്നവരും ഇതേ ഫീസ് നൽകണം. ഇതുവരെ റിയാദ് എയർപോർട്ടിൽ മണിക്കൂറിന് മൂന്നു റിയാലായിരുന്നു പാർക്കിംഗ് ഫീസ്. 
സൗദിയിലെ വൻകിട നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ പാർക്കിംഗ് ഫീസ് ഏറ്റവും കുറവ് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ടിലാണ്. ഇവിടെ മണിക്കൂറിന് രണ്ടു റിയാൽ മാത്രമാണ് ഫീസ്. ആദ്യത്തെ 72 മണിക്കൂർ വരെ മണിക്കൂറിന് രണ്ടു റിയാൽ തോതിലാണ് ഫീസ് നൽകേണ്ടത്. 72 മണിക്കൂർ പിന്നിട്ട ശേഷമുള്ള പാർക്കിംഗ് സമയത്തിന് മണിക്കൂറിന് ഒരു റിയാൽ തോതിൽ മാത്രം ഫീസ് നൽകിയാൽ മതി. 

Latest News