Sorry, you need to enable JavaScript to visit this website.

ഉക്രൈന്‍ വിമാനം തകര്‍ത്ത ഇറാന്‍ നഷ്ടപരിഹാരം  നല്‍കണമെന്ന് അഞ്ച് രാജ്യങ്ങള്‍

ലണ്ടന്‍- ഉക്രൈന്‍  യാത്രാ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത് 176 പേര്‍ മരിച്ച സംഭവത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി യുകെയടക്കം അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടത്താന്‍ ഇറാന്‍ പൂര്‍ണസഹകരണം പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബ്രിട്ടന്‍, അഫ്ഗാനിസ്ഥാന്‍, കാനഡ, സ്വീഡന്‍, ഉക്രൈന്‍  എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇറാനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ സമഗ്രവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുള്‍പ്പെടെ അഞ്ച് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇറാനോട് ആവശ്യപ്പെടാന്‍ ധാരണയിലെത്തിയതായി അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി.
176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ യാത്രാ വിമാനം തകര്‍ന്നുവീണതില്‍ ഇറാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന്‍ പറഞ്ഞിരുന്നു. സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.വിമാനം വെടിവെച്ചിട്ടതിനെതിരായി ഇറാനില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചു ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധിയെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആസൂത്രണം ചെയ്തതിനു പിന്നില്‍ ബ്രിട്ടീഷ് അംബാസിഡര്‍ റോബര്‍ട്ട് മക്കെയ്ര്‍ ആണെന്നാണ് ഇറാന്റെ വാദം. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 
വിമാനാപകടത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയതിന് പിന്നാലെ ശനിയാഴ്ച ടെഹ്‌റാനില്‍ വന്‍ ജന പ്രക്ഷോഭം നടന്നിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒരു പ്രക്ഷോഭ പ്രവര്‍ത്തനത്തിലും ഭാഗമായിട്ടില്ലെന്നും ബ്രിട്ടീഷ് അംബാസിഡര്‍ ട്വീറ്റ് ചെയ്തു. വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരവ് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു.
വിമാനം തകര്‍ന്ന് മരിച്ചവരില്‍ ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. അതിനാല്‍ താന്‍ പോയിരുന്നു. ഇവിടെ നിന്ന് താന്‍ പോയ ശേഷമാണ് ചടങ്ങില്‍ മുദ്രാവാക്യം വിളിയുണ്ടായത്. ഇതോടെ നിരവധി ആളുകളെ ഇറാന്‍ സേന അറസ്റ്റ് ചെയ്തു. ഈ കൂട്ടത്തില്‍ ബ്രിട്ടീഷ് അംബാസിഡറും ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളോടൊപ്പം ചേര്‍ന്ന് പരിപാടി ആസൂത്രണം ചെയ്‌തെന്നാണ് അംബാസിഡര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
യുകെ എംബസിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മുടിവെട്ടിക്കാനായി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ഇറാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിമാനം തകര്‍ന്നയുടനെ അതിനു പിന്നില്‍ ഇറാനാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുറ്റപ്പെടുത്തിയിരുന്നു.

Latest News