ലണ്ടനിലെ ഊബര്‍ ടാക്‌സിയില്‍ പേടിച്ചരണ്ട് സോനം കപൂര്‍ 

ലണ്ടന്‍- ലണ്ടനില്‍ വെച്ച് ഊബറില്‍ യാത്ര ചെയ്ത സമയം തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചു ബോളിവുഡ് നടി സോനം കപൂര്‍ . യാത്രക്കായി ഊബര്‍ ടാക്‌സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും സോനം ട്വീറ്റ് ചെയ്തു. യാത്രയ്ക്കായി ഊബര്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് താരം മുന്നറിയിപ്പും നല്‍കി.
'സുഹൃത്തുക്കളെ, എനിക്ക് ലണ്ടനിലെ ഊബര്‍ യാത്രക്കിടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. നല്ലപോലെ കരുതിയിരിക്കൂ. കഴിയുമെങ്കില്‍ പൊതുഗതാഗത സൗകര്യം തന്നെ ഉപയോഗപ്പെടുത്തൂ. ഞാനാകെ അസ്വസ്ഥയാണ്..'  സോനം ട്വീറ്റ് ചെയ്തു. 
സോനത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സംഭവിച്ചത് എന്തെന്ന് ചോദിച്ച പലരും രംഗത്തെത്തി. സല്‍മാന്‍ ഖാന്‍ അടക്കമുള്ള സിനിമ താരങ്ങള്‍ കാര്യം തിരക്കി രംഗത്ത് എത്തിയതോടെ സോനം സംഭവം വിശദമാക്കി.  താന്‍ വിളിച്ച ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ സമനിലതെറ്റിയ പോലെയായിരുന്നു. അയാള്‍ അലറിവിളിക്കുകയായിരുന്നു. അയാളുടെ പെരുമാറ്റം കണ്ട് ഞാനാകെ വിരണ്ടുപോയെന്നും സോനം പറഞ്ഞു. 
സോനത്തിന്റെ ട്വീറ്റ് വൈറലായതോടെ ഊബര്‍ നടിയോട് ക്ഷമാപണം നടത്തി ട്വീറ്റ് ചെയ്തു. നടിയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ഇമെയില്‍ ഐഡി സഹിതം ഒരു പരാതി എഴുതിത്തരുമോ എന്നും കര്‍ശന നടപടി സ്വീകരിക്കാമെന്നും ട്വീറ്റിലുണ്ട്.

Latest News