Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് സ്‌റ്റേ ഇല്ല; ദിലീപിന്റെ ക്രോസ് വിസ്താരം പിന്നീട്

ന്യൂദല്‍ഹി- നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരത്തിന്, ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന്റെ (സി.എഫ്.എസ്.എല്‍) റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ ദിലീപ് നല്‍കിയ ഹരജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

ദൃശ്യങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് വിചാരണ നടത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെയും പ്രതി എന്ന നിലയിലുള്ള അവകാശങ്ങളുടെയും ലംഘനമാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ചോദ്യാവലി പോലും കഴിഞ്ഞ ദിവസം മാത്രമാണ് ചണ്ഡീഗഢിലേക്ക് അയച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ രേഖയായ ദൃശ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹരജി വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതെന്ന് മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി.


അതേമസമയം, കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കേസില്‍ സാക്ഷികളുടെ വിസ്താരം നടത്താം. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സി.എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മറ്റ് പ്രതികളുടെ ക്രോസ് വിസ്താരത്തിന് സ്റ്റേ ബാധകമല്ല.  എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സി.എഫ്.എസ്.എല്ലിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

 

Latest News