ബസില്‍നിന്ന് തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ടയര്‍ കയറിയിറങ്ങി

കല്‍പറ്റ- വയനാട്ടില്‍ മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും സ്വകാര്യ ബസില്‍നിന്ന് തള്ളിയിട്ടതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങുകയും തുടയെല്ല് പൊട്ടുകയും ചെയ്തു.
കാര്യമ്പാടി സ്വദേശി ജോസഫിനെ ഗുരുതര പരിക്കുകളോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പില്‍ വിദ്യാര്‍ഥികള്‍ കയറാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫും മകളും ഈ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്.

വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു. ബസ് പെട്ടെന്നെടുത്തതിനാല്‍ ജോസഫിന്റെ മകള്‍ നീതു വീണു. ഇത് ചോദ്യം ചെയ്യാന്‍ ബസ്സിലേക്ക് കയറിയ ജോസഫിനെ  കണ്ടക്ടര്‍ തള്ളിയിടുകയായിരുന്നു.
വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ഓടി രക്ഷപ്പെട്ടു.

 

Latest News