Sorry, you need to enable JavaScript to visit this website.

എൻ.പി.ആറിന് സേവനം തേടി താമരശേരി തഹസിൽദാർ; അടിയന്തര ഉത്തരവിറക്കി സർക്കാർ തടഞ്ഞു

തിരുവനന്തപുരം- കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള കണക്കെടുപ്പും നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലനിൽക്കെ കണക്കെടുപ്പിന് വേണ്ടി ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാറുടെ സർക്കുലർ. താമരശേരി തഹസിൽദാറാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഏപ്രിൽ പതിനഞ്ച് മുതൽ മെയ് 29 വരെ നടക്കുന്ന കണക്കെടുപ്പിന് എൽ.പി, യു.പി അധ്യാപകരെ കണക്കെടുപ്പിനും ഹൈസ്‌കൂൾ അധ്യാപകരെ ഇതിന്റെ മേൽനോട്ടത്തിനും നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കുലർ പുറത്തിറക്കിയത്. ഓരോ സ്‌കൂളിൽനിന്നും ഇതിന് നിയോഗിക്കുന്ന അധ്യാപകരുടെ കണക്ക് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ സർക്കുലർ പിൻവലിച്ച് സംസ്ഥാന സർക്കാർ അടിയന്തിര ഉത്തരവ് പുറത്തിറക്കി. 
എൻ.പി.ആർ കേരളം നിർത്തിവെച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും  പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ജില്ലാ കലക്ടർമാർക്ക് അയച്ച അടിയന്തര സന്ദേശത്തിൽ വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച (എൻ.പി.ആർ) എല്ലാ നടപടികളും സർക്കാർ സ്‌റ്റേ ചെയ്ത സഹചര്യത്തിൽ ഇത്തരം നടപടികൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടർമാർക്ക് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.
എന്നാൽ കഴിഞ്ഞതവണ സെൻസസുമായി ബന്ധപ്പെട്ട് വന്ന ഉത്തരവിൽ എൻ.പി.ആർ എന്ന് എഴുതിയത് ക്ലർക്കിന് വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി പിന്നീട് തഹസിൽദാറും രംഗത്തെത്തി. എൻ.ആർ.സിക്ക് മുന്നോടിയായാണ് എൻ.പി.ആർ നടക്കുന്നതെന്നും ഇതിനെതിരെ രംഗത്തുവരുമെന്ന് പുറമെ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പിൻവാതിൽ വഴി ഇത് നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ആരോപിച്ചു. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.
 

Latest News