വൈശാലി- എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം പൗരത്വം നല്‍കാനുള്ളതാണ് എടുത്തുകളയാനുള്ളതല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിഹാറില്‍ നടന്ന പൗരത്വഅനുകൂല റാലിയിലാണ് അമിത്ഷായുടെ അവകാശവാദം. പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത് വഴി പൗരത്വഭേദഗതിയുടെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അമിത്ഷാ വ്യക്തമാക്കി. വിഭജനകാലത്ത് സ്വന്തം ഭാര്യമാരെ ബലാല്‍സംഗം ചെയ്യേണ്ടത് കണ്ടുനില്‍ക്കേണ്ടി വന്നവരെ സഹായിക്കാനാണ് പൗരത്വഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
സ്വന്തം സ്ത്രീകളെ ബലാല്‍സംഗം ചെയ്യപ്പെട്ടത് കാണേണ്ടി വരികയും സ്വത്തുക്കള്‍ അപഹരിക്കപ്പെടുകയും ആരാധനാലയങ്ങള്‍ അപഹരിക്കപ്പെടുകയും ചെയ്തതിന് ശേഷം ഇന്ത്യയിലെത്തിയവരെ സഹായിക്കാനാണ് ഈ നിയമഭേദഗതിയെന്നും അമിത്ഷാ പറഞ്ഞു.മുസ്ലിംസഹോദരങ്ങളോട് പൗരത്വഭേദഗതി നിയമം വായിച്ചുനോക്കാന്‍ ആവശ്യപ്പെടാനാണ് താന്‍ ഇവിടെ വന്നത്. രാഹുല്‍ബാബയോടും ലാലു പ്രസാദിനോടും മമതയോടും കെജിരിവാളിനോടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു.