Sorry, you need to enable JavaScript to visit this website.

പതിനാല് വർഷത്തെ ഇടവേള തീർന്നു; ബജാജ് സ്‌കൂട്ടറെത്തി

ഹോണ്ട, ഹീറോ, ടി.വി.എസ്, സുസുക്കി തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളുടെ വരവോടെ സ്‌കൂട്ടർ വിപണിയിൽനിന്ന് പിൻവാങ്ങിയ ബജാജ് ഓട്ടോ പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സ്‌കൂട്ടർ വിപണിയിൽ തിരിച്ചെത്തി. 
ഒരു കാലത്ത് സ്‌കൂട്ടർ വിപണി അടക്കി വാണ ഐതിഹാസിക സ്‌കൂട്ടർ മോഡൽ ചേതക്കിന്റെ പേര് കടമെടുത്താണ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുമായി തിരിച്ചുവരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച ഇലക്ട്രിക് ചേതക്കാണ് വിപണിയിലെത്തിയത്. 
വെസ്പ മോഡലുകൾ പ്രശസ്തമാക്കിയ നിയോറെട്രോ രൂപഭംഗിയുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ് പുതിയ ബജാജ് ചേതക്. നേരത്തെ വിൽപനയിലുണ്ടായിരുന്ന ചേതക്കിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോൺ, ആകാര വടിവുള്ള ബോഡി പാനലുകൾ എന്നിവ ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം കറുപ്പ് നിറത്തിലുള്ള റിയർവ്യൂ മിറർ, അലോയ് വീലുകൾ, എൽ.ഇ.ഡി ഹെഡ്‌ടെയിൽ ലാമ്പുകൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവ പുതുമയുടെ മേമ്പൊടിയും പുത്തൻ ചേതക്കിന് നൽകുന്നുണ്ട്. ഇത് കൂടാതെ ധാരാളം ക്രോം ഘടകങ്ങൾ പൂർണമായും മെറ്റലിൽ നിർമിച്ച ചേതക്കിന്റെ ബോഡിയിൽ കൂട്ടിച്ചേർത്ത് പ്രീമിയം ലുക്ക് കൂട്ടിയിട്ടുണ്ട്.

ബജാജ് ചേതക്  എൻജിൻ ആന്റ് ട്രാൻസ്മിഷൻ

നിക്കൽ കോബാൾട് അലുമിനിയം ഓക്‌സൈഡ് സെല്ലുകൾ ചേർന്ന ഐ.പി 67 ലിഥിയംഅയോൺ ബാറ്ററിയിൽ നിന്നാണ് ചേതക്കിന്റെ ഇലക്ട്രിക് മോട്ടോറിന് പവർ ലഭിക്കുക. സ്വിങ് ആമിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഹൈ എഫിഷ്യൻസി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിനാണ് പവർ എത്തിക്കുക. ഇക്കോ, സ്‌പോർട് എന്നിങ്ങനെ രണ്ടു റൈഡിങ് മോഡുകളുമുണ്ട്.

ബജാജ് ചേതക്  ചാർജിങ് & റേഞ്ച്
അഞ്ച് മണിക്കൂറിനുള്ളിൽ ചേതക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാകും. ഒരു മണിക്കൂർ ചാർജ് ചെയ്താൽ തന്നെ ബാറ്ററിയുടെ 25 ശതമാനം വരെ ചാർജ് ചെയ്യാം. 
ഫാസ്റ്റ് ചാർജിങ് സംവിധാനം ചേതക്കിനോടൊപ്പം ബജാജ് നൽകിയിട്ടില്ല. ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട് മോഡിൽ യാത്ര ചെയ്യുമ്പോൾ 85 കിലോമീറ്ററുമാണ് ഒരു ഫുൾ ചാർജിൽ ചേതക്കിനു ലഭിക്കുന്ന പരമാവധി റേഞ്ച്.

രണ്ട് വേരിയന്റുകൾ അർബൻ & പ്രീമിയം
അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് വിൽപനക്കെത്തിയിരിക്കുന്നത്. ഉയർന്ന മോഡലായ പ്രീമിയത്തിന് മെറ്റാലിക് കളർ ഓപ്ഷനുകളും ടാൻ നിറത്തിലുള്ള സീറ്റ് റെക്‌സിനും മുൻ ചക്രത്തിന് ഡിസ്‌ക് ബ്രെയ്ക്കുമുണ്ട്. അടിസ്ഥാന മോഡലായ അർബൻ മെറ്റാലിക് നിറങ്ങളിൽ ലഭിക്കുകയില്ല. ഈ മോഡലിന്റെ സീറ്റ് റെക്‌സിന് കറുപ്പ് നിറവും മുൻ ചക്രത്തിന് ഡ്രം ബ്രെയ്ക്കുമാണ്.

Latest News