Sorry, you need to enable JavaScript to visit this website.

ലക്ഷ്യം നേടാൻ ഐക്യം പരമ പ്രധാനം 

രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ പ്രസക്തമാവുന്നത് ലക്ഷ്യത്തെ സംബന്ധിച്ച ഐക്യമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചു നീങ്ങാനുള്ള ഇരുപത് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം രാജ്യത്താകമാനം ഉയർന്നുവന്നിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പുതിയ മാനം നൽകുന്നു. പ്രക്ഷോഭ സമരങ്ങളിൽ ഇടതു പാർട്ടി നേതാക്കളടക്കം പ്രതിപക്ഷ നേതാക്കൾ പങ്കാളികളായിരുന്നു എങ്കിലും പ്രക്ഷോഭം ഒരു മാസം പിന്നിടുമ്പോൾ ഇതാദ്യമായാണ് യോജിച്ച പങ്കാളിത്തം ഔപചാരികമായി ചർച്ച ചെയ്യപ്പെടുന്നതും തീരുമാനമാകുന്നതും. ഒരു ഡസനിലേറെ സംസ്ഥാന സർക്കാറുകൾ പ്രതിപക്ഷ പാർട്ടികളുടെയോ മുന്നണികളുടെയോ നിയന്ത്രണത്തിലാണെന്നത് ഈ തീരുമാനത്തെ ശ്രദ്ധേയമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ആ സംസ്ഥാന സർക്കാറുകളോട് ദേശീയ ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച കണക്കെടുപ്പുകൾ നിർത്തിക്കാൻ തിങ്കളാഴ്ച ദൽഹിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം അഭ്യർത്ഥിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന് മുന്നോടിയായുള്ള പ്രവർത്തനമാണ് ജനസംഖ്യാ രജിസ്റ്റർ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ബി.ജെ.പി നേതാക്കളും ആ പ്രഖ്യാപനങ്ങളെല്ലാം സൗകര്യപൂർവം വിഴുങ്ങി പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും വരുത്തിത്തീർക്കാൻ തീവ്ര ശ്രമങ്ങളാണ് നടത്തിവരുന്നത്.
എന്നാൽ ഉള്ളിലിരിപ്പിനെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും സംബന്ധിച്ച് ജനങ്ങൾക്ക് ഉത്തമ ബോധ്യമുണ്ട്. അങ്ങനെ ബോധ്യമില്ലാത്തവരെ അക്കാര്യങ്ങൾ വേണ്ട വിധം ബോധ്യപ്പെടുത്താൻ സർവകലാശാലകളിലും രാജ്യത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുപത് പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച നിലപാടും ജനസംഖ്യാ കണക്കെടുപ്പ് നിർത്തിവെക്കാനുള്ള ആഹ്വാനവും പ്രക്ഷോഭത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ നിന്നും ചില പ്രമുഖ പാർട്ടികൾ വിട്ടുനിന്നതിനെ ഉയർത്തിക്കാട്ടി പ്രതിപക്ഷ നിരയിൽ വിള്ളൽ വീണതായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
യോഗത്തിൽ നിന്നു വിട്ടുനിന്ന പ്രമുഖ പാർട്ടികളെല്ലാം പൗരത്വ ഭേദഗതി നിയമത്തെയും രജിസ്റ്ററിനെയും കണക്കെടുപ്പിനെയും നിശിതമായി എതിർക്കുന്നവരാണ്. അവരെല്ലാം അവരവരുടെ ശക്തികേന്ദ്രങ്ങളിൽ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചിട്ടുള്ളവരുമാണ്. അവരിൽ സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവ കേന്ദ്ര നിയമവും നടപടികളും തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ളവരുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയവും അവക്കെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ ഹരജിയും ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുകയാണ്. പഞ്ചാബ് നിയമസഭ കേരളത്തിന്റെ മാതൃക പിന്തുടർന്ന് പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഭേദഗതി ബില്ലിനെ പാർലമെന്റിൽ പിന്തുണച്ച ജനതാദൾ (യു) പരസ്യമായി സ്വന്തം നിലപാട് തിരുത്താൻ സന്നദ്ധമായിരിക്കുന്നു.
വിഷയം നിയമസഭയിൽ ചർച്ച ചെയ്യാനുള്ള സന്നദ്ധത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽനിന്നും വിട്ടുനിന്ന പല പാർട്ടികളും അതിന് നിർബന്ധിതമായത് പ്രാദേശിക തർക്കങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ്. എന്നാൽ ഒറ്റക്കെട്ടായി അല്ലെങ്കിൽ തന്നെയും സമാന്തരമായി പ്രതിരോധവും പ്രക്ഷോഭവും തുടരുമെന്നു തന്നെയാണ് ലഭ്യമാകുന്ന സൂചനകൾ. വിഷയത്തിൽ സഖ്യകക്ഷികളെ എല്ലാം കൂടെ നിർത്താൻ കഴിയാതിരുന്ന മോഡിയും അമിത് ഷായും അതു സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ദിനംപ്രതി അപഹാസ്യമാകുന്നതായാണ് കാണുന്നത്. ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ പ്രതിപക്ഷത്തിന് അവസരം ഒരുക്കി നൽകിയത് മോഡി സർക്കാർ തന്നെയാണ്.
സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ സമ്പൂർണ പ്രതിപക്ഷ ഐക്യം ശ്രമകരമാണെന്ന വസ്തുത യാഥാർത്ഥ്യ ബോധത്തോടെ തിരിച്ചറിയണം. ഭരണ, പ്രതിപക്ഷ ഭേദമെന്യേ ബി.ജെ.പി  - — സംഘ്പരിവാർ ഇതര ശക്തികളെ ഒരുമിച്ചു കൊണ്ടുവരാൻ നിയമസഭക്കകത്തും ഒരളവിൽ പുറത്തും കഴിഞ്ഞ കേരളത്തിൽ പോലും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പൂർണ യോജിപ്പ് കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 
ചരിത്രത്തിന്റെ കെട്ടുപാടുകൾ അത്ര വേഗത്തിൽ കുടഞ്ഞുകളയുക സാധ്യമല്ല. എന്നാൽ ജനകീയ തലത്തിൽ ലക്ഷ്യത്തിലേക്ക് യോജിച്ചും സമാന്തരമായും നീങ്ങാനാവുമെന്നു തന്നെയാണ് അനുഭവ പാഠം. രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ പ്രസക്തമാവുന്നത് ലക്ഷ്യത്തെ സംബന്ധിച്ച ഐക്യമാണ്.


 

Latest News