ടോക്യോ- ഐസ്‌ക്രീം പ്രേമികളുടെ എക്കാലത്തേയും വലിയ പ്രതിസന്ധിക്ക് ജപ്പാനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി. തിന്ന് തീരുന്നതിനു മുമ്പെ അലിഞ്ഞു പോകുന്നതാണല്ലൊ ഐസ്‌ക്രീമുകളുടെ പ്രശ്‌നം. അലിയാതെ ദീര്‍ഘനേരം ഒരു രൂപമാറ്റവും വരാതെയിരിക്കുന്ന ഐസ്‌ക്രീം ആണ് ജപാനിലെ കനസവ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നത്. സാധാരണ ഐസ്‌ക്രീം അലിഞ്ഞു പോകുന്ന താപനിലയില്‍ ഈ ഐസ്‌ക്രീം മൂന്ന് മണിക്കൂര്‍ വരെ അലിയാതെയിരിക്കും.
ഹയര്‍ഡ്രെയര്‍ ഉപയോഗിച്ച് അഞ്ചു മിനിറ്റ് നേരം ഈ ഐസ്‌ക്രീമിലേക്ക് ചുടുകാറ്റടിച്ച് പരീക്ഷിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. സ്‌ട്രോബറിയില്‍ നിന്നും വാറ്റിയെടുത്ത പോളിഫിനോള്‍ ദ്രാവകം ഐസ്‌ക്രീമില്‍ ചേര്‍ത്തപ്പോഴാണ് ഈ ഫലം ലഭിച്ചത്. വെള്ളവും എണ്ണയും വേര്‍പ്പിരിയുന്നത് തടയാന്‍ ഈ ദ്രാവകത്തിന് കഴിയുമെന്ന് ഗവേഷണ സംഘത്തിലെ പ്രൊഫസര്‍ തോമിഹിഷ ഒട്ടാ പറയുന്നു. ഇതു ചേര്‍ത്ത ഐസ്‌ക്രീം അതിന്റെ ആകൃതി നഷ്ടപ്പെടാതെ സാധാരണയിലും കൂടുതല്‍ സമയം ഇരിക്കും. ചോക്ലേറ്റ്, വാനില, സ്‌ട്രോബറി രുചികളില്‍ ഇപ്പോള്‍ ഇതു ലഭ്യമാണ്.