Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രശേഖർ ആസാദിന് ജാമ്യം; ദൽഹിയിൽ പ്രവേശിക്കരുതെന്ന് വ്യവസ്ഥ

ന്യൂദൽഹി- ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ദൽഹി കോടതി ജാമ്യം അനുവദിച്ചു. നാലാഴ്ച ദൽഹിയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം ദൽഹി ജുമ മസ്ജിദിൽ മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന കേസിലാണ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 
എല്ലാ ശനിയാഴ്ചയും യു.പിയിലെ ഷഹ്‌റാൻപുർ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം എന്നും കോടതി നിർദ്ദേശിച്ചു. ദൽഹി ജുമ മസ്ജിദിന് മുന്നിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തെ കൈകാര്യം ചെയ്ത ദൽഹി പോലീസ് നടപടിയെ ഇന്നലെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ചന്ദ്ര ശേഖർ ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ദൽഹി തീസ് ഹസാരി കോടതി പോലീസിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും രൂക്ഷമായി വിമർശിച്ചത്. 
ചന്ദ്രശേഖർ ആസാദിന് എതിരേയുള്ള കുറ്റപത്രം എവിടെയെന്നു ചോദിച്ചപ്പോൾ അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. അത്ഭുതപ്പെട്ടു പോയ ജഡ്ജി കാമിനി ലവ് പിന്നെ എന്തടിസ്ഥാനത്തിലാണ് ജാമ്യം നൽകരുതെന്ന് വാദിക്കുന്നതെന്നു ചോദിച്ചു. ചന്ദ്രശേഖർ സോഷ്യൽ മീഡിയയിൽ സമരത്തിന് ആഹ്വാനം നൽകി എന്നായിരുന്നു പോലീസ് അഭിഭാഷകന്റെ വാദം. താൻ ജുമ മസ്ജിദിലേക്ക് പ്രതിഷേധത്തിന് പോകുകയാണെന്നു സൂചന നൽകിയായിരുന്നു ഈ പോസ്റ്റുകൾ എന്നും അഭിഭാഷകൻ പറഞ്ഞു. ഇതിന് തെളിവുണ്ടോ എന്ന് ചന്ദ്രശേഖറിന്റെ അഭിഭാഷകൻ മഹമ്മൂദ് പ്രാച ചോദിച്ചപ്പോഴും പബ്ലിക് പ്രോസിക്യൂട്ടർ കൈ മലർത്തി. അതോടെ എന്തടിസ്ഥാനത്തിലാണ് നിങ്ങൾ വാദിക്കുന്നതെന്ന് ചോദിച്ചു ജഡ്ജി വീണ്ടും ഇടപെട്ടു. 
    ചന്ദ്രശേഖറിന്റെ ട്വിറ്ററിൽ ഉൾപ്പടെയുള്ള പോസ്റ്റ് അഭിഭാഷകൻ വായിച്ചു കേൾപ്പിച്ചപ്പോഴും അതിലെന്താണ് തെറ്റെന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഒരു ധർണയിലെന്താണ് കുഴപ്പം. പ്രതിഷേധത്തിലും എന്താണ് കുഴപ്പും. പ്രതിഷേധം ഒരാളുടെ ഭരണഘടനാപരമായ അവകാശം അല്ലേ എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. 
    ജുമ മസ്ജിദ് പാക്കിസ്ഥാനിൽ ആണെന്ന മട്ടിലാണ് ഡൽഹി പോലീസ് അവിടെ പെരുമാറിയത്. ഇനി അത് പാക്കിസ്ഥാനിൽ തന്നെയാണെങ്കിൽ തന്നെ നിങ്ങൾക്ക് അവിടെ പോകുകയും പ്രതിഷേധിക്കുകയും ചെയ്യാം. പാക്കിസ്ഥാൻ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു. ആസാദിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പോലും ഭരണഘടനാ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും ജഡ്ജി വ്യക്തമാക്കി. 
    പ്രതിഷേധത്തിന് അനുവാദം അനിവാര്യം ആണെന്നായിരുന്നു അഭിഭാഷകന്റെ അടുത്ത വാദം. എന്ത് അനുവാദം എന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം. നിരോധനാജ്ഞ ആവർത്തിച്ചു നടപ്പിലാക്കുന്നത് തന്നെ തെറ്റാണ്. പാർലമെന്റിന്റെ പുറത്ത് പോലും ആളുകൾ പ്രതിഷേധിക്കുന്നില്ലേ എന്നും ജഡ്ജി ചോദിച്ചു. ഏതെങ്കിലും മതസ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നതിന് നിയമ തടസമുണ്ടോ എന്നും നിങ്ങൾ ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ചന്ദ്രശേഖർ ആസാദ് വളർന്നു വരുന്ന ഒരു രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും ജഡ്ജി വ്യക്തമാക്കി. 
    ചെറിയ കാര്യങ്ങളിൽ പോലും വലിയ തെളിവുകളുമായി വരുന്ന ഡൽഹി പോലീസിന് ചന്ദ്രശേഖറിന്റെ മേലുള്ള ആരോപണങ്ങളിൽ മാത്രം എന്താണ് തെളിവില്ലാത്തതെന്നും ജഡ്ജി ചോദിച്ചു. ആസാദ് പ്രകോപനപരമായി പ്രസംഗിക്കുന്നതിന്റെ ദൃശ്യം ഡ്രോൺ ഉപയോഗിച്ചു ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇതിനുത്തരമായി പ്രോസിക്യൂട്ടർ പറഞ്ഞത്. എന്നാൽ, ജുമ മസ്ജിദിനു മുന്നിൽ ആസാദ് ഭരണ ഘടന വായിക്കുക മാത്രമായിരുന്നു എന്നും പ്രസംഗിച്ചില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
 

Latest News