Sorry, you need to enable JavaScript to visit this website.

കുറ്റിയാടിയിൽ നിന്നൊരു പുത്തൻ സമരമുറ 

കുറ്റിയാടിയുടെ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളുടെയും രാ്ഷ്ട്രീയ ഉൾനിറം ഇതാണ്.  വിവിധങ്ങളായ കാര്യങ്ങളിൽ തർക്കിച്ചു നിൽക്കുമ്പോഴും യഥാർഥ ശത്രുവിനെ കാണുമ്പോൾ അവർ പറയും വേണ്ട, നിങ്ങളെ ഞങ്ങൾക്ക് 
കാണേണ്ടെന്ന്, കേൾക്കേണ്ടെന്ന്.

പൗരത്വ ബില്ലിനെതിരെ പുതുപുത്തൻ സമര മാർഗങ്ങളിലാണ് കേരളത്തിലുൾപ്പെടെ യുള്ള മുഴുവൻ ജനങ്ങളും. കേരളമുടനീളം സഞ്ചരിക്കുന്ന ഏതൊരാൾക്കും അത് ബോധ്യപ്പെടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലും  തൊട്ടടുത്ത അങ്ങാടിയിൽ നിന്ന് താളത്തിൽ മേളത്തിൽ മുദ്രാവാക്യം വിളി കേൾക്കും. ചില സ്ഥലങ്ങളിൽ കവിതകൾ പിറക്കും. അത്തരം സമര കവിതകൾ പലതും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുകയാണ്.   എല്ലാ ഇന്ത്യൻ ഭാഷകളിലും നൂറുകണക്കിന് കവിതകൾ ജന്മം കൊണ്ടു  കഴിഞ്ഞു.  പാടുന്ന കവികളുടെ കവിതകൾ അവർ തന്നെ ആലപിക്കുന്നു. അല്ലാത്തവരുടേത് പാടാൻ കഴിവുള്ളവർ ഏറ്റെടുക്കുന്നു.  സ്വാതന്ത്ര്യ സമര കാലത്ത് കേട്ട വരിക, വരിക സഹജരെ എന്ന രീതിയിലുള്ള എത്രയെത്രയോ സമര ഗാനങ്ങൾ പിറന്നിരിക്കുന്നു സാധാരണക്കാരായ മനുഷ്യർക്ക് പോലും ഇപ്പോൾ ആസാദി മുദ്രാവാക്യം  അതിന്റേതായ രീതിയിൽ മുഴക്കാനറിയാം.   
1991  ലെപ്പോഴോ കൊൽക്കത്തയിലെ ഒരു സ്ത്രീവാദി സംഘടനയാണ്  ആദ്യമായി ആസാദി മുദ്രാവാക്യം മുഴക്കിയതെന്നാണ് മാധ്യമങ്ങളിൽ കാണുന്നത്. പിന്നീടത് ജെ.എൻ.യു സമര നായകനും സി.പി.ഐ കുടുംബത്തിലെ അംഗവുമായ  കനയ്യ കുമാർ പുതിയ രീതിയിൽ മുഴക്കി ഹിറ്റാക്കി. അതിപ്പോൾ ഇന്ത്യയിലെ പൗരത്വ ബിൽ സമരത്തിന്റെ മുഖമുദ്രയായി മാറിയ മുദ്രാവാക്യമാണ്. ആസാദി വിളിച്ച് തൊണ്ട വരണ്ടവരെക്കൊണ്ട് നാടും നഗരവും നിറയുന്നു. ആസാദി മുദ്രാവാക്യത്തിന്റെ പൂർണരൂപം കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിയാം. മതന്യൂനപക്ഷ കേന്ദ്രങ്ങളിലൊക്കെ ആസാദി വിളിച്ച് ആവേശപൂർവം നീങ്ങുന്ന നാട്ടുകൂട്ടങ്ങൾക്ക് ജെ.എൻ.യു സമര യുവത്വത്തിന്റെ അതേ മുഖം, അതേ ഛായ. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും അക്ഷര മുത്തുകൾ ചിപ്പികൾ പൊട്ടി പുറത്ത് വരുന്ന നാളുകളാണിത്.  അതെ,  സമരത്തിന്റെ വാക്ക് പൂക്കും കാലം. വാളെല്ലെൻ സമരായുധം   എന്ന് മലയാളിക്ക് പറഞ്ഞു തന്നതും ഒരു വിപഌവ കവിയായിരുന്നുവല്ലോ.  ഒരൊറ്റ മുദ്രാവാക്യവും ഇപ്പോൾ ആർക്കും അന്യമല്ല. കമ്യുണിസ്റ്റ്  ഇടതുപക്ഷ  പാർട്ടികളുമായൊന്നും ഒരു ബന്ധവുമില്ലാത്ത ആൾക്കൂട്ടങ്ങൾ  മുദ്രാവാക്യങ്ങളിൽ ഇങ്ക്വിലാബിന്റെ മക്കളായി മാറുകയാണെവിടെ.  എല്ലാതരം നിബന്ധനകളോടെയും അവർ തെരുവുകളിൽ ഇങ്ക്വിലാബ്, ഇങ്ക്വിലാബ് വിളിക്കുന്നുണ്ടാകും. 
മേദിനിയുടെ പാട്ടിന്റെ കുറവേയുള്ളൂ എന്ന് തോന്നും ചില പൗരത്വ ബിൽ സമരം കണ്ടാൽ.  ഇത്തരത്തിൽ  ആരെന്നില്ലാതെ, എന്തെന്നില്ലാതെ മനുഷ്യർ സർഗാത്മക സമരത്തിന്റെ പുതുവഴികൾ വെട്ടുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിൽ നിന്നൊരു പുതു സമര മാർഗം  പിറവി കൊണ്ടത്.  കാര്യമിത്രയേയുള്ളൂ-  പൗരത്വ ബില്ലിനനുകൂലമായ പ്രചാരണത്തിനായി സംഘ് പരിവാർ നേതാക്കൾ കുറ്റിയാടിയിൽ എത്തുന്ന നേരം നോക്കി എല്ലാവരും കടകളടച്ചിട്ടങ്ങ്  വീട്ടിൽ പോയി.  അതെ, ഒരു ഗാന്ധിയൻ സമര രീതി.    
നിങ്ങളെ ഞങ്ങൾക്ക് കേൾക്കേണ്ട, കണ്ണിന് കാണേണ്ട എന്ന് പറയാൻ കുറ്റിയാടിക്കാർ തെരഞ്ഞെടുത്ത സമര രീതിയും ഇനിയെപ്പോഴാകാം മറ്റൊരു പ്രചാരം നേടിയ സമരമാർഗമായി തീരുന്നത്?  കുറ്റിയാടിയുടെ പാരമ്പര്യം അറിയുന്നവരൊന്നും പൗരത്വ പ്രതിഷേധത്തിലെ അവരുടെ  പുതുസമര രീതിയിൽ അതിശയിക്കില്ല. ദേശീയ പ്രസ്ഥാനങ്ങളൂടെയും കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ഇസ്‌ലാമിക നേതാക്കളുടെയുമെല്ലാം സംഗമ കേന്ദ്രമായിരുന്നു ഒരു കാലത്ത് കുറ്റിയാടി.  മരക്കച്ചവടത്തിൽ മിനി കല്ലായിയായി അറിയപ്പെട്ട  ഈ നാട് മനുഷ്യ നന്മക്കുണ്ടാകുന്ന കാര്യങ്ങൾക്കെല്ലാം പണം ചെലവഴിക്കാൻ നല്ല മനസ്സുള്ള കുറച്ചധികം  സമ്പന്നരുടെ നാടുമായിരുന്നു -മുസ്‌ലിം സമൂഹത്തിലെ നവോത്ഥാന നായകരിൽ പലരുടെയും തട്ടകം.  കോൺഗ്രസിന്റെ പല തലത്തിലുള്ള നേതാക്കളൂടെ പ്രവർത്തന ഭൂമി. കോൺഗ്രസിലെ ദേശീയ മുസ്‌ലിംകൾ എന്നറിയപ്പെട്ട വിഭാഗവും മുസ്‌ലിം ലീഗ് പോര് നടത്തിയ സർഗ ഭൂമിയായി ടി.കെ.കെ.അബ്ദുല്ലാ സാഹിബിനെ പോലുള്ളവർ ഒരുപാട് കാലം കമ്യൂണിസം പഠിപ്പിച്ച നാട്. അബ്ദുല്ലക്കുട്ടി മൗലവി ഉഴുതുമറിച്ചിട്ട മണ്ണ്. പിന്നാലെ വന്ന പലരും  കുറ്റിയാടിയിലെ ഇസ്‌ലാമിയ കോളേജും ഇസ്‌ലാം പഠിപ്പിച്ച പ്രദേശം.  സി.എച്ച്. മുഹമ്മദ് കോയക്കും എം. കുമാരൻ മാസ്റ്റർക്കും ഇ.വി.കുമാരനുമെല്ലാം പ്രത്യേക കണ്ണുണ്ടായിരുന്ന നാട്. 
ഈ വൈജാത്യങ്ങൾക്കിടയിലും അവരെല്ലാം പഠിപ്പിച്ചു കൊടുത്ത ഉയർന്ന രാ ഷ്ട്രീയ ബോധം കുറ്റിയാടിയുടെ രക്തത്തിലുണ്ട്. കുറ്റിയാടിയുടെ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളുടെയും രാഷ്ട്രീയ ഉൾനിറം ഇതാണ്.  വിവിധങ്ങളായ കാര്യങ്ങളിൽ തർക്കിച്ചു നിൽക്കുമ്പോഴും യഥാർഥ ശത്രുവിനെ കാണുമ്പോൾ അവർ പറയും വേണ്ട, നിങ്ങളെ ഞങ്ങൾക്ക് കാണേണ്ടെന്ന്, കേൾക്കേണ്ടെന്ന്.
 

Latest News