Sorry, you need to enable JavaScript to visit this website.

ഷഹീൻബാഗിലെ അഗ്നിസ്ഫുലിംഗങ്ങൾ

ഷഹീൻ ബാഗിലേക്ക് നോക്കുക. രാജ്യത്ത് മറ്റൊരിടത്തും കാണാത്ത, പൗരത്വാവകാശ സമരത്തിന്റെ അണയാത്ത ജ്വാലയാണ് അവിടെ ദർശിക്കാനാവുക. ആ അഗ്നിസ്ഫുലിംഗങ്ങൾ അണയാതെ ജ്വലിപ്പിച്ചുനിർത്തുന്നത് ജാതിമത വിവേചനങ്ങളെ ഉല്ലംഘിക്കുന്ന അചഞ്ചലമായ സ്ത്രീശക്തിയാണ് എന്നതും ആവേശകരമാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂർവമായ രാഷ്ട്രീയ ഉണർവിന്റെയും ചെറുത്തുനിൽപിന്റെയും തളരാത്ത സമര വീര്യത്തിന്റെയും ഒരു മാസക്കാലമാണ് പിന്നിടുന്നത്. പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കാനും ഭരണ പരാജയങ്ങൾ മറച്ചുവെക്കാനും മോഡി ഭരണകൂടം നടത്തിയ കുത്സിത നീക്കങ്ങളാണ് ദേശീയ രാഷ്ട്രീയ ആഖ്യാനത്തെ മാറ്റിമറിച്ച പ്രതിഷേധ പരമ്പരകൾക്ക് നാന്ദി കുറിച്ചത്. അത്തരമൊരു രാഷ്ട്രീയ മാറ്റത്തിൽ രാജ്യത്തെ പുരോഗമന ജനാധിപത്യ മതനിരപേക്ഷ ശക്തികൾ വർഷങ്ങളായി തുടർന്നുവരുന്ന ആശയ പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും നിർണായക പങ്ക് വഹിച്ചു പോന്നിട്ടുണ്ട്. എന്നാൽ പൊടുന്നനെ വിസ്‌ഫോടിതമായ പൗരത്വാവകാശ പ്രക്ഷോഭം നാളിതുവരെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖ്യധാരയുടെ പ്രകമ്പന മേഖലകളിൽ ഒരിക്കലും ദൃശ്യമാവാതിരുന്ന വൈവിധ്യമാർന്ന വലിയൊരു സാമൂഹ്യ രാഷ്ട്രീയ ശക്തിയെ ആ സമരച്ചുഴിയിലേക്ക് വലിച്ചടുപ്പിച്ചിരിക്കുന്നു.
പരമ്പരാഗത സംഘടനാ ചട്ടക്കൂടുകൾക്ക് അപ്പുറത്ത് വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും കലാസാഹിത്യ പ്രതിഭകളെയും ഇടത്തരക്കാരെയും വീട്ടമ്മമാരെയും ഒരുപോലെ പ്രകോപിപ്പിക്കാൻ പൗരത്വാവകാശ പ്രശ്‌നത്തിന് കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും പൈശാചികവും വർഗീയ പ്രേരിതവുമായ അടിച്ചമർത്തലുകളെയും ഒറ്റപ്പെടുത്തലുകളെയും പ്രതികാര നടപടികളെയും അതിജീവിച്ചാണ് പ്രക്ഷോഭം വർധിത വീര്യത്തോടെ മുന്നേറുന്നത്. ഇന്ത്യയെ പോലെ ഒരു യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹത്തിൽ മുൻപൊരിക്കലും കാണാത്ത വിധം പെൺകുട്ടികളും സ്ത്രീകളും തികഞ്ഞ സ്വാഭാവികതയോടെ ഈ പ്രക്ഷോഭത്തിൽ കൂട്ടത്തോടെ അണിനിരക്കുന്നുവെന്ന് മാത്രമല്ല, അവർ ചോദ്യം ചെയ്യപ്പെടാൻ ആവാത്ത വിധം അവയുടെ നേതൃത്വത്തിൽ സ്വയം അവരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 
പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീസംവരണത്തിനു വേണ്ടിയുള്ള നിയമ നിർമാണ പ്രക്രിയ മരവിച്ചുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. കൂട്ടബലാൽസംഗങ്ങളുടെയും സ്ത്രീകൾക്കെതിരായ കൊടിയ അതിക്രമങ്ങളുടെയും ലോക തലസ്ഥാനമാണ് ഇന്ത്യ. ആർത്തവം സ്ത്രീയെ അശുദ്ധയാക്കുന്നുവെന്നും ദൈവത്തിനു മുന്നിൽ പോലും സ്ത്രീക്ക് തുല്യത അവകാശപ്പെടാനാവില്ലെന്നും നാം ശഠിക്കുന്നു. സ്ത്രീ തുല്യതയെപ്പറ്റി അത്യുന്നത നീതിപീഠത്തിനു പോലും ഭരണഘടനാധിഷ്ഠിതവും ധീരവുമായ നിലപാടെടുക്കാൻ കഴിയുന്നില്ല. അത്തരമൊരു സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലാണ് സംവരണത്തിന്റെയും നിയമ നിർമാണത്തിന്റെയും നീതിപീഠത്തിന്റെയും സർവോപരി പുരുഷാധിപത്യ സമൂഹത്തിന്റെയും പിന്തുണയില്ലാതെ ഇന്ത്യൻ സ്ത്രീത്വം ദേശീയ ജീവിതത്തിന്റെ മുൻനിരയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നത്. പൗരത്വ അവകാശ സമരത്തിന്റെ ഗതിവിഗതിയും പരിണത ഫലവും എന്തു തന്നെയായാലും യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹത്തിന്റെ ബലതന്ത്രത്തെ പിടിച്ചുലയ്ക്കുകയും കീഴ്‌മേൽ മറിക്കുകയും ചെയ്യുന്ന ഈ വിപ്ലവത്തെ ആർക്കാണ് കണ്ടില്ലെന്നു നടിക്കാനും അവഗണിക്കാനുമാവുക? ഏഴ് പതിറ്റാണ്ടിലേറെ വരുന്ന ദേശീയ സ്വാതന്ത്ര്യം ജനസംഖ്യയിൽ പകുതിവരുന്ന സ്ത്രീകളിൽ എന്തു മാറ്റമുണ്ടാക്കിയെന്ന് അറിയണമെങ്കിൽ രാഷ്ട്ര തലസ്ഥാന പ്രാന്തത്തിലെ ഷഹീൻ ബാഗിലേക്ക് നോക്കുക. രാജ്യത്ത് മറ്റൊരിടത്തും കാണാത്ത, പൗരത്വാവകാശ സമരത്തിന്റെ അണയാത്ത ജ്വാലയാണ് അവിടെ ദർശിക്കാനാവുക. ആ അഗ്നിസ്ഫുലിംഗങ്ങൾ അണയാതെ ജ്വലിപ്പിച്ചുനിർത്തുന്നത് ജാതിമത വിവേചനങ്ങളെ ഉല്ലംഘിക്കുന്ന അചഞ്ചലമായ സ്ത്രീശക്തിയാണ് എന്നതും ആവേശകരമാണ്. പൗരത്വ അവകാശ പോരാട്ടത്തിനും അപ്പുറം കഴിഞ്ഞ ഒരു മാസക്കാലത്തെ അനുഭവം രാജ്യത്തിനു നൽകുന്ന പാഠം ഇന്ത്യൻ സ്ത്രീത്വം പക്വതയും കരുത്തും കർമവീര്യവും ആർജിച്ചിരിക്കുന്നു എന്നു തന്നെയാണ്. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന് ഇനിമേൽ ഈ യാഥാർത്ഥ്യം അവഗണിക്കാനാവില്ല. അത് തിരിച്ചറിഞ്ഞ് അലങ്കാരത്തിനു പകരം സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കാൻ ഇനി വൈകിക്കൂടാ.
 

Latest News