Wednesday , February   26, 2020
Wednesday , February   26, 2020

അനുചിതം, അതിവേഗ പാത

രണ്ടാം മോഡി സർക്കാർ ഭരണം തുടങ്ങിയ ശേഷം കേരളത്തിന് പുതുതായി ട്രെയിൻ സർവീസൊന്നും കിട്ടിയിട്ടില്ല. എന്നാൽ തൊട്ടടുത്ത കർണാടകയിൽ കഴിഞ്ഞ ആറ് മാസത്തിനിടക്ക് 22 പുതിയ ട്രെയിൻ സർവീസുകളാണ് തുടങ്ങിയത്. നമ്മുടെ കാര്യങ്ങൾ വേണ്ടപോലെ അവതരിപ്പിക്കാൻ ആർക്കും കഴിയുന്നില്ല എന്നുണ്ടോ?  

സൗദി അറേബ്യയുടെ തുറമുഖ നഗരമായ ജിദ്ദക്ക് ട്രെയിൻ സർവീസ് പരിചയമായിട്ട് കാലമേറെയായിട്ടില്ല. പുണ്യ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത് 2018 ലെ ദേശീയ ദിനത്തിലാണ്. 
ഏറെ വൈകാതെ ഒക്‌ടോബർ 11 ന് വാണിജ്യ സർവീസുകളും തുടങ്ങി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ഹൈസ്പീഡ് ട്രെയിനുകൾ തുടക്കത്തിൽ മണിക്കൂറിൽ 180 കിലോ മീറ്റർ വേഗത്തിലാണ് സർവീസ് നടത്തിയിരുന്നത്. അടുത്തിടെ അത് പരമാവധി വേഗത്തിലേക്ക് മാറ്റി. മണിക്കൂറിൽ മുന്നൂറ് കിലോ മീറ്റർ സ്പീഡിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. അതായത് ജിദ്ദക്കും മദീനക്കുമിടയിൽ യാത്ര ചെയ്യാൻ രണ്ട് മണിക്കൂർ തന്നെ ധാരാളം. ഹറമൈൻ റെയിൽ പാത നിർമിക്കുമ്പോൾ നഗര പ്രദേശങ്ങളിൽ കാര്യമായ കുടിഒഴിപ്പിക്കൽ വേണ്ടിവന്നില്ല. ജിദ്ദ നഗരത്തിൽ പ്രവേശിക്കുന്ന സുലൈമാനിയ ഭാഗത്തും പാതയുടെ ആരംഭമായ മക്കയിലും മദീനയിലുമാണ് അർബൻ പ്രദേശങ്ങളുള്ളത്. ബാക്കിയെല്ലാം നീണ്ടുനിവർന്നു കിടക്കുന്ന വിസ്തൃതമായ മരുഭൂമി. 
ഇക്കാര്യങ്ങൾ ഓർത്തു പോകാൻ കാരണം ഇന്ത്യയിലെ അതിവേഗ പാതകളെ കുറിച്ചു ചിന്തിച്ചപ്പോഴാണ്. പ്രധാനമന്ത്രി മോഡിയുടെ സ്വപ്‌ന പദ്ധതിയാണ് ജപ്പാൻ സാമ്പത്തിക സഹായത്തോടെ അഹമ്മദാബാദിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാത. 
മഹാരാഷ്ട്ര ഇപ്പോൾ ഭരിക്കുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന് അതിവേഗ പാത നിർമാണം ഉപേക്ഷിക്കുമെന്നതാണ്. മധുവിധു നാളിലെ ആവേശത്തിൽ പറഞ്ഞതാവാം. അദ്ദേഹം പറഞ്ഞത് അതിവേഗ പാതയല്ല മഹാരാഷ്ട്രയുടെ പ്രയോറിറ്റിയെന്നും ജനങ്ങളെ ബാധിക്കുന്ന മറ്റനേകം പ്രശ്‌നങ്ങളുണ്ടെന്നുമാണ്. ഉപേക്ഷിച്ചാൽ അതും നല്ലതിന്. മുംബൈക്കും അഹമ്മദാബാദിനുമിടയിൽ വേഗം എത്തേണ്ടവന് ധാരാളം ആഭ്യന്തര വിമാന സർവീസ് ഉണ്ടല്ലോ. 
കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് അതിവേഗ റെയിൽപാത നിർമിക്കുമെന്ന് പറയുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. പാതക്കായി ആകാശ സർവേ നടന്നു വരികയാണ്. തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ പാതക്ക് പുറത്തും തിരൂർ മുതൽ കാസർകോട് വരെ നിലവിലെ പാതക്ക് സമാന്തരമായുമാണ് റെയിൽ പാത നിർമിക്കുക. ഇത് വന്നാൽ ലഭിക്കുന്ന ഗുണം കാസർകോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാമെന്നതാണ്. സാധാരണ ട്രെയിൻ ടിക്കറ്റിന്റെ നാലഞ്ച് ഇരട്ടിയെങ്കിലും ചാർജ് ഈടാക്കിയായിരിക്കും ഈ തീവണ്ടി പറക്കുക. ധനാഢ്യരെ മാത്രം ഉദ്ദേശിച്ചുള്ളതാവും പദ്ധതി. ലക്ഷക്കണക്കിന് ആളുകളെ കൂടി ഒഴിപ്പിച്ചു വേണം കേരളത്തിൽ റെയിൽ പാത പണിയാൻ. അതിലും നല്ലത് ജില്ലകൾ തോറും കൊച്ചു കൊച്ചു വിമാനത്താവളങ്ങളുണ്ടാക്കലാണ്. 
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനമായ  കേരളത്തിൽ നാല് എയർപോർട്ടുകളുണ്ട്. വേണമെങ്കിൽ അഞ്ചെന്ന് പറയാം. അത്യുത്തര കേരളത്തിലെ കാസർകോട് ജില്ലയിൽ നിന്ന് ഏറെ ദൂരെയല്ല കർണാടകയിലെ ഈ വിമാനത്താവളം. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലുമെന്ന പോലെ കാശുള്ളവർക്ക് ചുരുങ്ങിയ സമയത്തിനിടക്ക് കേരളമാവുന്ന അഞ്ഞൂറിൽപരം  കിലോ മീറ്റർ ദൈർഘ്യമുള്ള പട്ടണത്തിനിടക്ക് യാത്ര ചെയ്യാം. നമ്മൾ സാധാരണക്കാർ നാട്ടിൽ ട്രെയിനിലും ട്രാൻസ്‌പോർട്ട് ബസുകളിലും യാത്ര ചെയ്യുന്നു. തീവണ്ടി യാത്രാക്കാരെ ഇങ്ങോട്ട് ആകർഷിക്കാൻ പാകത്തിൽ കെ.എസ്.ആർ.ടി.സി മിന്നൽ സർവീസ് തുടങ്ങിയിട്ടുണ്ട്. തലസ്ഥാനത്ത് നിന്ന് കോഴിക്കോട്ടും പാലക്കാട്ടും ഏഴ്-എട്ട് മണിക്കൂറിൽ പറന്നെത്തുന്നവയാണ് രാത്രി വണ്ടികളായ മിന്നൽ സർവീസുകൾ. 
കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിൻ സർവീസുകളിൽ ചിലത് കുറഞ്ഞ സമയത്തിനകം ലക്ഷ്യത്തിലെത്താൻ സഹായകമാണ്. ജനശതാബ്ദി, രാജധാനി, ദുരന്തോ എക്‌സ്പ്രസുകൾ വളരെ കുറഞ്ഞ സമയത്തിനകം ലക്ഷ്യങ്ങളിലെത്തുന്നു. ഇതിന് പുറമേയാണ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന അതിവേഗ പ്രതിവാര ട്രെയിനുകൾ. ഇവയിൽ പലതിനും ജില്ലാ ആസ്ഥാനങ്ങളിലേ സ്റ്റോപ്പുള്ളൂ. ചിലത് തൃശൂർ കഴിഞ്ഞാൽ കോഴിക്കോട്, കൊച്ചുവേളി വിട്ടാൽ എറണാകുളം എന്നിങ്ങനെയും സർവീസ് നടത്തുന്നു. രാവിലെ കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ജനശതാബ്ദി ഉച്ച ഒരു മണിക്ക് തലസ്ഥാന നഗരയിലെത്താറുണ്ട്. സ്റ്റോപ്പുകൾ കുറവാണെന്നതിനാലാണ് ഈ ട്രെയിനുകൾ വേഗം ലക്ഷ്യത്തിലെത്തുന്നത്. സാധാരണ എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂ. 
ഷൊർണൂരിൽ കുറച്ചു നിർത്തിയാലും സ്റ്റോപ്പ് പരിമിതപ്പെടുത്തിയ ട്രെയിനുകൾക്ക് മൂന്നര മണിക്കൂറിൽ ഓടിയെത്താവുന്ന ദൂരമാണ് കൊച്ചിക്കും കോഴിക്കോടിനുമിടയിൽ. റോഡ് വാഹനങ്ങൾ എത്ര മുന്തിയതായാലും ഇത്രയും സമയമെടുത്ത് ഈ ദൂരം താണ്ടാനാവില്ല. ഇരട്ടിപ്പിച്ച റെയിൽ പാത യാഥാർഥ്യമായതാണ് തീവണ്ടികളുടെ വേഗം വർധിപ്പിച്ചത്. കോട്ടയം വഴിയുള്ള പാത കൂടി ഇരട്ടിപ്പിക്കുന്നതോടെ ഇനിയും സൗകര്യം വർധിക്കുമെന്നതിൽ സംശയമില്ല. നിലവിലെ പാതയിലൂടെ ഇത് പോലെ വേഗത്തിലോടുന്ന ട്രെയിനുകൾ കൂടുതലായി ഓടിച്ചാൽ കേരളത്തിലെ യാത്രാ പ്രശ്‌നം തീരും. ഒരു മണിക്കൂർ ഇടവിട്ട് ഇത്തരം ട്രെയിനുകളുണ്ടായാൽ മതി. അല്ലാത്തതെല്ലാം ഇപ്പോൾ ചെയ്യുന്ന മാതിരി ഇഴഞ്ഞു തന്നെ തുടരട്ടെ. 
കേരളത്തിന് മൂന്നും നാലും പാതകൾ നിർമിക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 
വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സമർപ്പിച്ചാൽ അന്തിമ അനുമതി നൽകും. ജപ്പാൻ വായ്പയെടുക്കാനും കേന്ദ്രം അനുമതി നൽകും. ഡി.പി.ആർ തയാറാക്കാൻ 100 കോടിയാണ് ചെലവ്. കേരളത്തിന് 51 ശതമാനവും, റെയിൽവേക്ക് 49 ശതമാനവും ഓഹരിയുള്ള കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷനാവും പദ്ധതി നടപ്പാക്കുക. പൂർത്തിയാവാൻ ഏഴ് വർഷമാണ് കണക്കാക്കുന്നത്. 
തിരുവനന്തപുരം - കാസർകോട് മൂന്നും നാലും പാതകളിൽ 180, 200 കി.മീറ്റർ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാം. വളവുകൾ കുറയ്ക്കും. 
നിലവിലെ 575 കിലോമീറ്റർ ഇരട്ട പാതയിൽ ശരാശരി വേഗത്തിലും കൂടുതലാണിത്. 
55,000 കോടിയാണ് ചെലവ്. പദ്ധതി ചെലവിന്റെ 10 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കി ജപ്പാൻ ഇന്റർനാഷണൽ കോഓപറേഷൻ ഏജൻസി (ജിക്ക) വായ്പയാണ്. 25 വർഷത്തിലധികം തിരിച്ചടവ് കാലാവധിയുണ്ടാവും. ഇത്രയും വലിയ തുക മുടക്കിയുള്ള അതിവേഗ പാതയല്ല കേരളത്തിന് ഇപ്പോൾ ആവശ്യം. 
മംഗലാപുരം-ചെന്നൈ മെയിൻ പാതയിലേക്ക് അങ്ങാടിപ്പുറം വഴി ഒറ്റപ്പാലവുമായി ബന്ധിപ്പിക്കുന്ന പാത പണിയുക. കോഴിക്കോട്-എയർപോർട്ട്-മലപ്പുറം-അങ്ങാടിപ്പുറം പാതയും യാഥാർഥ്യമാക്കാവുന്നതാണ്. റെയിൽ ഭൂപടത്തിലില്ലാത്ത ജില്ലാ തലസ്ഥാനമെന്ന മലപ്പുറത്തിന്റെ നാണക്കേട് മാറിക്കിട്ടും. കോഴിക്കോട്-ഒലവക്കോട് പാതക്ക് സമാന്തര പാതയുമായി. 
ഉത്തര കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എളുപ്പ വഴിയാണ്  തലശ്ശേരി-മൈസൂർ പാത. തലശ്ശേരി-മൈസൂർ പുതിയ പാതക്ക് 5000 കോടിയാണ് ചെലവ്. അതായത് കൊച്ചി മെട്രോ നിർമിക്കാൻ ആവശ്യമായത്ര പണം കൊണ്ട് കേരളവും ബാംഗളൂരും കൂടുതൽ അടുക്കുമെന്ന് സാരം. ഈ പദ്ധതികയോട് റെയിൽവേ ബോർഡ് പോസിറ്റീവാണ്. ഡി.പി.ആർ സമർപ്പിച്ചാൽ അനുമതി ലഭിക്കും. വിദേശ വായ്പക്കായി പ്രോജക്ട് അംഗീകരിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കർണാടകയിലെ മൈസൂർ, കുടക് പ്രദേശങ്ങളിലുള്ളവർ ധാരാളമായി ഈ താവളത്തെ ആശ്രയിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ ആലോചിച്ചു തുടങ്ങിയ തലശ്ശേരി-മൈസൂർ പാതക്ക് വേണ്ടി പണം മുടക്കുന്നത് ഉചിതമായിരിക്കും. 
കൊച്ചിക്കും തിരുവനന്തപുരത്തിനുമിടയിൽ മുമ്പ് കോട്ടയം വഴി മാത്രമേ യാത്ര ചെയ്യാൻ സാധിച്ചിരുന്നുള്ളു. ആലപ്പുഴ വഴി തീരദേശ റെയിൽ പാതയും ഇപ്പോഴുണ്ട്. പല ദീർഘദൂര ട്രെയിൻ സർവീസുകളും ആലപ്പുഴ, കായംകുളം വഴിയാണ്. വടക്കൻ കേരളത്തിലാണ് ആദ്യം തീവണ്ടിയുടെ ചൂളം വിളി മുഴങ്ങിയതെങ്കിലും മലബാർ പ്രദേശത്ത് അത്തരമൊരു സൗകര്യമില്ല.  സർവേ പൂർത്തിയാക്കിയ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ - കരിപ്പൂർ എയർപോർട്ട്  - അങ്ങാടിപ്പുറം റെയിൽ പാത യാഥാർഥ്യമാക്കാൻ സത്വര നടപടി കൈക്കൊള്ളുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെന്ന് എം.കെ. രാഘവൻ എം.പി അറിയിച്ചിരുന്നു. പിന്നീട് 'എന്തരോ എന്തോ?'  
രണ്ടാം മോഡി സർക്കാർ ഭരണം തുടങ്ങിയ ശേഷം കേരളത്തിന് പുതുതായി ട്രെയിൻ സർവീസൊന്നും കിട്ടിയിട്ടില്ല. എന്നാൽ തൊട്ടടുത്ത  കർണാടകയിൽ കഴിഞ്ഞ ആറ് മാസത്തിനിടക്ക് 22 പുതിയ ട്രെയിൻ സർവീസുകളാണ് തുടങ്ങിയത്. നമ്മുടെ കാര്യങ്ങൾ വേണ്ടപോലെ അവതരിപ്പിക്കാൻ ആർക്കും കഴിയുന്നില്ല എന്നുണ്ടോ?  

Latest News