Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇനി പറയൂ, ആരാണ് യഥാർത്ഥ രാജ്യസ്‌നേഹി; സനാവുള്ളയോ ദാവീന്ദറോ-പി.സി വിഷ്ണുനാഥ്

കശ്മീരിൽ കൊടുംഭീകർക്കൊപ്പം പിടിയിലായ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദാവീന്ദർ സിംഗിനെതിരെ കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ പോരാടി, ഇന്ത്യൻ സൈന്യത്തിൽ മുപ്പതുവർഷത്തെ സേവനം നടത്തിയ മുഹമ്മദ് സനാവുള്ളയെ ഇന്ത്യൻ പൗരത്വത്തിൽനിന്ന് പുറത്താക്കി ജയിലിൽ അടച്ചവരാണ് രാജ്യം ഭരിക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. 

വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ: സനാവുള്ളയും ദേവീന്ദർസിംഗും:
നിങ്ങൾ പറയൂ
ഇതിൽ ആരാണ് യഥാർത്ഥ രാജ്യസ്‌നേഹി?

കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈന്യത്തിനെതിരെ പോരാടിയ,
ഇന്ത്യൻ സേനയിൽ 30 വർഷത്തെ ദീർഘ സേവനം അനുഷ്ഠിച്ച് വിരമിച്ച മുഹമ്മദ് സനാവുള്ളയെ ഓർമ്മയില്ലേ?. കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ ഭീകരർക്കെതിരെ പോരാടിയ സൈനികൻ കൂടിയാണ് അദ്ദേഹം. 2014 ൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി ഉയർത്തിയ സനാവുള്ളയെ, ഓണററി ലെഫ്റ്റനന്റായ് സൈനിക ബഹുമതി നൽകിയും ആദരിച്ചിരുന്നു. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സനാവുള്ള ഇപ്പോൾ 'ഇന്ത്യൻ പൗരനേയല്ല. 

തന്റെ ആർമി റിട്ടേയർമെന്റിന് ശേഷം അസം ബോർഡർ പൊലിസിൽ സബ് ഇൻസ്‌പെക്ടറായിരുന്നു അദ്ദേഹം. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റായാണ് ഇത് പ്രവർത്തിച്ചത്. ഈ യൂണിറ്റ് തന്നെയാണ് സനാവുള്ളയെ അറസ്റ്റ് ചെയ്തതെന്നത് വിധിയുടെ മാത്രമല്ല, നിയമത്തിന്റെയും ക്രൂരഫലിതം.
രാജ്യത്തെ സേവിച്ചതിന് ഒരു സൈനികന് നൽകിയ പാരിതോഷികമാണത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ പുറത്തിറങ്ങിയെങ്കിലും നിലവിൽ ഇന്ത്യൻ പൗരനല്ലെന്നത് ഒരു 'കാവൽ ഭടനെ' സംബന്ധിച്ച് എത്ര വേദനാജനകമായിരിക്കും ? സനാവുള്ളയെ പാർപ്പിച്ച ഡിറ്റൻഷൻ ക്യാമ്പിന്റെ ദയനീയ ചിത്രം അദ്ദേഹം തന്നെ വാർത്താ ഏജൻസികളോട് വിവരിച്ചതാണ്. വിദേശിയരാണെന്ന് മുദ്ര കുത്തപ്പെട്ട എത്രയോ ഹതഭാഗ്യരായ ആബാലവൃദ്ധം മനുഷ്യരെ അവിടെ അദ്ദേഹം കണ്ടു. കൊടിയ അനീതി നേരിട്ടിട്ടും രാജ്യത്തിനെതിരെ ഒരു വാക്ക്‌പോലും പറയാതെ ആ മനുഷ്യൻ തന്റെ വിധിയെ പഴിക്കുക മാത്രമാണ് ചെയ്തത്.

ഇനി മറ്റൊരു സൈനികനെ പരിചയപ്പെടാം; ദേവീന്ദർസിംഗ്: വെറും സൈനികനല്ല. ജമ്മുകാശ്മീർ പോലീസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു. കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള ഭരണകൂടത്തിന്റെ ബഹുമതി ലഭിച്ചിരന്നു. ഇയാളെ ജമ്മു കാശ്മീർ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്നത്, ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖും മറ്റ് കൊടും ഭീകരവാദികളും ആയിരുന്നു. ഇവർ റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം പ്ലാൻ ചെയ്തിരുന്നു എന്നതുൾപ്പെടെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു.ഇനി പറയൂ: ഇതിൽ ആരാണ് രാജ്യസ്‌നേഹി?. ആരാണ് ഇന്ത്യൻ പൗരത്വത്തിന് അർഹൻ?. ദേവീന്ദർസിംഗോ സനാവുള്ളയോ?

പൗരത്വവും രാജ്യസ്‌നേഹവും മുൻനിർത്തി ആസേതു ഹിമാലയം അലയടിക്കുന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് സനാവുള്ളയുടെയും ദേവീന്ദർസിംഗിന്റെയും ജീവിത പാഠങ്ങൾ

 

Latest News